വിരാട് കോലി ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തുമെന്ന അഭ്യൂഹങ്ങൾ ബിസിസിഐ തള്ളി. റാഞ്ചി ഏകദിനത്തിലെ സെഞ്ച്വറിക്ക് പിന്നാലെ ഉയർന്ന അഭ്യൂഹങ്ങളിൽ കഴമ്പില്ലെന്നും അത്തരം ചർച്ചകൾ നടന്നിട്ടില്ലെന്നും ബിസിസിഐ സെക്രട്ടറി വ്യക്തമാക്കി.
മുംബൈ: വിരാട് കോലിയെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കില്ലെന്ന് ബിസിസിഐ. റാഞ്ചി ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് വിരമിച്ച കോലിയെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുന്നുവെന്ന അഭ്യൂഹം ഉയര്‍ന്നത്. ടെസ്റ്റ് ടീമിന്റെ മോശം പ്രകടനവും ഇതിന് കാരണമായി. എന്നാല്‍ കോലിയെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുന്നില്ലെന്നും അത്തരം ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്നും ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ വ്യക്തമാക്കി. ഏകദിനത്തില്‍ മാത്രമേ കളിക്കൂവെന്ന് മത്സരശേഷം കോലിയും വ്യക്തമാക്കി.
123 ടെസ്റ്റില്‍ 9230 റണ്‍സെടുത്തിട്ടുളള കോലി കഴിഞ്ഞ മേയിലാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. അടുത്ത വര്‍ഷം അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് മത്സരം. അതേസമയം, ഇന്ത്യന്‍ വെറ്ററന്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ ഭാവിയെ കുറിച്ച് തീരുമാനിക്കാന്‍ ബിസിസിഐ പ്രത്യേകം യോഗം ചേരും. ഏകദിന പരമ്പരയ്ക്ക് ശേഷമായിരിക്കും ബിസിസിഐ യോഗം ചേരുക. സെലക്ടര്‍മാര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന പ്രത്യേകയോഗത്തില്‍ പരിശീലകന്‍ ഗൗതം ഗംഭീറും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും പങ്കെടുക്കും. 2027 ഏകദിന ലോകകപ്പില്‍ കോലിയുടേയും രോഹിത്തിന്റേയും പങ്കാളിത്തം ഉള്‍പ്പെടെ യോഗത്തില്‍ ചര്‍ച്ചയാവും.
ടെസ്റ്റ് - ടി20 ഫോര്‍മാറ്റുകളില്‍ നിന്ന് ഇതിനോടകം കോലിയും രോഹിത്തും വിരമിച്ച് കഴിഞ്ഞു. ഇപ്പോള്‍ ഏകദിനത്തില്‍ മാത്രമാണ് തുടരുന്നത്. ഇരുവരുമായും 2027 ലെ ലോകകപ്പ് സാധ്യതകളെക്കുറിച്ച് ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഫോര്‍മാറ്റില്‍ രോഹിത്തിന്റേയും കോലിയുടേയും പങ്കിനെ സംബന്ധിച്ച് അവര്‍ക്ക് കൃത്യമായ ധാരണ നല്‍കുന്നതിന് വേണ്ടിയാണ് യോഗം. മറ്റ് വിവാദങ്ങള്‍ക്ക് ചെവികൊടുക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നതിന് പകരം നിലവില്‍ ഫിറ്റ്നസില്‍ ശ്രദ്ധിക്കാനാണ് രോഹിത്തിന് ബിസിസിഐ നല്‍കിയിരിക്കുന്ന നിര്‍ദേശം.

