114 പന്തില്‍ 109 റണ്‍സെടുത്ത് ഇന്നിംഗ്സിലെ അവസാന പന്തില്‍ പുറത്തായ ബെത്ത് മൂണിയാണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. അലാന കിംഗ് 49 പന്തില്‍ 51 റണ്‍സുമായി പുറത്താകാതെ നിന്നു.
കൊളംബോ: വനിതാ ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് തിരിച്ചുകയറി ഓസ്ട്രേലിയ. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഓസ്ട്രേലിയന്‍ വനിതകള്‍ 76-7ലേക്കും 115-8ലേക്കും കൂപ്പുകുത്തിയിരുന്നെങ്കിലും ബെത്ത് മൂണിയുടെ സെഞ്ചുറിയുടെയും പത്താമതായി ക്രീസിലെത്തി അപരാജിത അര്‍ധസെഞ്ചുറി നേടിയ അലാന കിംഗിന്‍റെയും ബാറ്റിംഗ് മികവില്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 221റണ്‍സെടുുത്തു.114 പന്തില്‍ 109 റണ്‍സെടുത്ത് ഇന്നിംഗ്സിലെ അവസാന പന്തില്‍ പുറത്തായ ബെത്ത് മൂണിയാണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. അലാന കിംഗ് 49 പന്തില്‍ 51 റണ്‍സുമായി പുറത്താകാതെ നിന്നു. ഒമ്പതാം വിക്കറ്റ് കൂട്ടുകട്ടില്‍ ഇരുവരും ചേര്‍ന്ന് 106 റണ്‍സാണ് അടിച്ചുകൂട്ടിയത്.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഓസീസിന് ഓപ്പണര്‍മാരായ ക്യാപ്റ്റൻ അലീസ ഹീലിയും ഫോബെ ലിച്ചിഫീല്‍ഡും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും 30 റണ്‍സെടുത്തശേഷമാണ് വേര്‍പിരിഞ്ഞത്. അലീസ ഹീലിയെ(20) മടക്കിയ സാദി ഇഖ്ബാലാണ് ഓസീസിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. സ്കോര്‍ 55ല്‍ നില്‍ക്കെ ലിച്ചിഫീല്‍ഡിനെ ക്യാപ്റ്റൻ ഫാത്തിമ സന മടക്കി. പിന്നീട് ഓസീസ് അവിസ്വസനീയമായി തകര്‍ന്നടിയുന്നതാണ് കണ്ടത്.
എല്‍സി പെറി(5), അനാബെല്‍ സതര്‍ലാന്‍ഡ്(1), ആഷ്‌ലി ഗാര്‍ഡ്നർ(1), താഹില മക്‌ഗ്രാത്ത്(5), ജോര്‍ജിയ വാറെഹെം(0) എന്നിവര്‍ കൂടി പിന്നാലെ മടങ്ങിയതോടെ ഓസീസ് 76-7ലേക്ക് കൂപ്പുകുത്തി. കിം ഗാരത്തിനെ കൂട്ടുപിടിച്ച് ബെത്ത് മൂണി ഓസീസിനെ 100 കടത്തിയെങ്കിലും സ്കോര്‍ 115ല്‍ നില്‍ക്കെ ഡയാന ബെയ്ഗ് ഗാരത്തിനെ വീഴ്ത്തി കൂട്ടുകെട്ട് പൊളിച്ചു.
റെക്കോര്‍ഡ് കൂട്ടുകെട്ട്
ഓസീസിനെ ചെറിയ സ്കോറില്‍ പുറത്താക്കാമെന്ന പാക് പ്രതീക്ഷകള്‍ തകര്‍ത്ത് മൂണിയും അലാന കിംഗും ചേര്‍ന്ന് ഒമ്പതാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയോടെ പാകിസഥാന്‍റെ പിടി അയഞ്ഞു. വനിതാ ഏകദിനങ്ങളിലെ ഒമ്പതാം വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടുമായി ഇരുവരും ഓസീസിനെ 200 കടത്തി. പത്താമനായി ക്രീസിലെത്തി അര്‍ധസെഞ്ചുറി നേടുന്ന ആദ്യതാരമായി അലാന കിംഗ് മാറിയപ്പോള്‍ ഏഴാം വിക്കറ്റ് വീണശേഷം വനിതാ ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്കോര്‍ ചെയ്യുന്ന ടീമെന്ന റെക്കോര്‍ഡും ഓസീസ് സ്വന്തമാക്കി. 110 പന്തില്‍ സെഞ്ചുറിയിലെത്തിയ ബെത്ത് മൂണി അവസാന പന്തിലാണ് പുറത്തായത്. പാകിസ്ഥാന് വേണ്ടി നഷ്റ സന്ധു മൂന്നും ഫാത്തിമ സനയും റമീന്‍ ഷാമിമും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.


