നേരത്തെ ആദ്യം ബാറ്റ് ചെയ്ത സര്‍വീസസിനെ 3.2 ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയാണ് എറിഞ്ഞിട്ടത്.

ഹൈദരാബാദ്: മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെന്‍റില്‍ ഇന്ത്യൻ താരം മുഹമ്മദ് ഷമിയുടെ തകര്‍പ്പന്‍ ബൗളിംഗില്‍ സര്‍വീസസിനെതിരെ ബംഗാളിന് ഏഴ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത സര്‍വീസസ് 18.2 ഓവറില്‍ 165 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 15.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ബംഗാള്‍ ലക്ഷ്യത്തിലെത്തി. 29 പന്തില്‍ 56 റണ്‍സെടുത്ത അഭിഷേക് പോറലും 37 പന്തില്‍ 58 റണ്‍സടിച്ച ക്യാപ്റ്റൻ അഭിമന്യു ഈശ്വരനുമാണ് ബംഗാളിന്‍റെ ജയം അനായാസമാക്കിയത്. ഇരുവരും പുറത്തായശേഷം 19 പന്തില്‍ 36 റണ്‍സെടുത്ത യുവരാജ് കേശ്വാനിയും 5 പന്തില്‍ 14 റണ്‍സെടുത്ത ആകാശ് ദീപും ചേര്‍ന്നാണ് ബംഗാളിന്‍റെ വിജയം പൂര്‍ത്തിയാക്കിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സര്‍വീസസിനെ 3.2 ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയാണ് എറിഞ്ഞിട്ടത്. സര്‍വീസസ് ഓപ്പണര്‍ ഗൗരവ് കൊച്ചാറിനെ ആദ്യ പന്തില്‍ തന്നെ ഗോള്‍ഡന്‍ ഡക്കാക്കിയ ഷമി തകര്‍ത്തടിച്ച് 9 പന്തില്‍ 26 റണ്‍സെടുത്ത മറ്റൊരു ഓപ്പണറായ രവി ചൗഹാനെയും മടക്കി. തന്‍റെ രണ്ടാം സ്പെല്ലില്‍ 23 പന്തില്‍ 32 റണ്‍സെടുത്ത നകുല്‍ ശര്‍മയെയും വിശാല്‍ ഗൗറിനെയും പുറത്താക്കിയാണ് ഷമി നാലു വിക്കറ്റ് നേട്ടം തികച്ചത്.

22 പന്തില്‍ 38 റണ്‍സെടുത്ത മോഹിത് അഹ്‌ലാവത് ആണ് സര്‍വീസസിന്‍റെ ടോപ് സ്കോറര്‍. ഷമിയാണ് കളിയിലെ താരം. അഞ്ച് കളികളില്‍ ബംഗാളിന്‍റെ നാലാം ജയമാണിത്. ശനിയാഴ്ച പുതുച്ചേരിക്കെതിരെ ആണ് ബംഗാളിന്‍റെ അടുത്ത മത്സരം. പഞ്ചാബിനെതിരായ മത്സരത്തില്‍ ഷമി നാലോവറില്‍ 61 റണ്‍സ് വഴങ്ങി നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ ഹിമാചലിനെതിരെ നാലോവറില്‍ 31 റണ്‍സ് മാത്രം വഴങ്ങിയ ഷമി ഒരു വിക്കറ്റ് വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക