കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ക്ഷേത്രങ്ങളിൽ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ പൂജാരിയെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു.  

കൊല്ലം: ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ പൂജാരി അറസ്റ്റിൽ. കൊട്ടാരക്കര വെട്ടിക്കവല കുറ്റിക്കോണം സജിതാ ഭവനിൽ സജിത്ത് പോറ്റി(40) യെയാണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ 25 ഓളം കവർച്ചാ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിലായാണ് സജിത്ത് പോറ്റി കവർച്ച നടത്തിയത്. അഞ്ചൽ വടമൺ ക്ഷേത്രത്തിലെ കവർച്ചയുമായി ബന്ധപ്പെട്ട് സജിത്ത് പോറ്റിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു ഇവിടെ മോഷണം.

ക്ഷേത്ര ഗേറ്റിലെ പൂട്ട് തകർത്ത് ഉള്ളിൽ കയറി ശ്രീകോവിലിന് മുന്നിലെ കാണിക്കവഞ്ചികളുൾപ്പെടെ കുത്തിപ്പൊളിച്ച് പണം കവരുകയായിരുന്നു. ക്ഷേത്ര ഭാരവാഹികൾ പൊലീസിൽ നൽകിയ പരാതിയിൽ അഞ്ചൽ പൊലീസ് വിശദമായി അന്വേഷണം നടത്തി. സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിയുകയായിരുന്നു. ഏതാനും മാസങ്ങൾ ഇവിടെ ഇയാൾ ജോലി ചെയ്തിരുന്നു. പ്രതിക്കായി അന്വേഷണം പുരോഗമിക്കവെ മറ്റൊരു മോഷണക്കേസിൽ ഇയാളെ കൊട്ടാരക്കര പൊലീസിലായി. ഇതോടെ കോടതി വഴി അഞ്ചൽ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി. സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.