മൂന്നാം ഏകദിനത്തില്‍ ജയിച്ചതോടെ മൂന്ന് മത്സര പരമ്പര 2-1ന് സ്വന്തമാക്കിയ വെസ്റ്റ് ഇന്‍ഡീസ് 1991നുശേഷം ആദ്യമായാണ് പാകിസ്ഥാനെതിരെ ഏകദിന പരമ്പര നേടുന്നത്.

ജമൈക്ക: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ 202 റണ്‍സിന്‍റെ കനത്ത തോല്‍വി വഴങ്ങി പരമ്പര കൈവിട്ട പാകിസ്ഥാന് മറ്റൊരു നാണക്കേട് കൂടി. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 295 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ വെറും 92 റണ്‍സിന് ഓള്‍ ഔട്ടായാണ് 202 റണ്‍സിന്‍റെ കനത്ത തോല്‍വി വഴങ്ങിയത്. 1975ല്‍ ഇരു ടീമും തമ്മിലുള്ള ആദ്യ ഏകദിന മത്സരം ബര്‍മിംഗ്ഹാമില്‍ നടന്നശേഷം കഴിഞ്ഞ 50 വര്‍ഷത്തിനിടെ ആദ്യമായാണ് പാകിസ്ഥാന്‍ ടീം ഏകദിന ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 200 റണ്‍സിന്‍റെ തോല്‍വി വഴങ്ങുന്നത്.

2015ലെ ഏകദിന ലോകകപ്പില്‍ 150 റണ്‍സിന് തോറ്റതായിരുന്നു റണ്‍സുകളുടെ അടിസ്ഥാനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനതിരായ പാകിസ്ഥാന്‍റെ ഇതുവരെയുള്ള ഏറ്റവും വലിയ തോല്‍വി. ഏകദിന ചരിത്രത്തില്‍ തന്നെ നാലു തവണ മാത്രമാണ് എതിരാളികള്‍ പാകിസ്ഥാനെ 200 റണ്‍സിന് മുകളില്‍ വിജയ മാര്‍ജിനില്‍ തോല്‍പ്പിച്ചിട്ടുള്ളു. 2009ല്‍ ശ്രീലങ്കക്കെതിരെ ലാഹോറില്‍ 234 റണ്‍സിന് തോറ്റതാണ് ഏകദിനങ്ങളില്‍ പാക് ടീമിന്‍റെ ഏറ്റവും വലിയ തോല്‍വി. 2023ല്‍ ഇന്ത്യക്കെതിരെ 228 റണ്‍സിന് തോറ്റപ്പോള്‍ 2002ല്‍ നയ്റോബിയില്‍ ഓസ്ട്രേലിയക്കെതിരെ 224 റണ്‍സിനും പാകിസ്ഥാന്‍ തോറ്റിരുന്നു.

അതിനുശേഷമുള്ള ഏറ്റവും വലിയ തോല്‍വിയാണ് ഇന്നലെ പാകിസ്ഥാന്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ വഴങ്ങിയത്. മൂന്നാം ഏകദിനത്തില്‍ ജയിച്ചതോടെ മൂന്ന് മത്സര പരമ്പര 2-1ന് സ്വന്തമാക്കിയ വെസ്റ്റ് ഇന്‍ഡീസ് 1991നുശേഷം ആദ്യമായാണ് പാകിസ്ഥാനെതിരെ ഏകദിന പരമ്പര നേടുന്നത്. പാകിസ്ഥാനെതിരായ ഏകദിന പരമ്പരക്ക് മുമ്പ് ഓസ്ട്രേലിയക്കെിരെ നടന്ന ടെസ്റ്റ് പരമ്പരയില്‍ 0-3നും ടി20 പരമ്പരയില്‍ 0-5നും വെസ്റ്റ് ഇന്‍ഡീസ് തോറ്റിരുന്നു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ഏകദിനത്തില്‍ അഞ്ച് ബാറ്റര്‍മാര്‍ റണ്ണെടുക്കാതെ പുറത്തായിയെന്ന നാണക്കേടും പാകിസ്ഥാന്‍റെ പേരിലായി. വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി ജെയ്ഡന്‍ സീല്‍സ് 18 റണ്‍സിന് ആറ് വിക്കറ്റെടുത്തപ്പോള്‍ 30 റണ്‍സെടുത്ത സല്‍മാന്‍ ആഗയും 13 രണ്‍സെടുത്ത ഹസന്‍ നവാസും 23 റണ്‍സെടുത്ത മുഹമ്മദ് നവാസും മാത്രമാണ് പാക് നിരയില്‍ രണ്ടക്കം കടന്നത്. നേരത്തെ ടി20 പരമ്പര പാകിസ്ഥാന്‍ 2-1ന് സ്വന്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക