ഇതിനിടെ സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. സഞ്ജുവിന് തുടര്‍ച്ചയായി അവസരം നല്‍കണമെന്നാണ് ഉത്തപ്പ പറയുന്നത്.

ബംഗളൂരു: പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനായ സഞ്ജു സാംസണ്‍ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. റിഷഭ് പന്ത് ചികിത്സയിലായതിനാല്‍ വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നതില്‍ മുന്നില്‍ സഞ്ജു തന്നെയാണ്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ തിരിച്ചെത്തിയ മലയാളി താരം ഫിറ്റ്നസ് ടെസ്റ്റും വിജയിച്ചിരുന്നു. ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ഐപിഎല്ലിന് മുമ്പ് സഞ്ജു സാംസണുള്ള അവസാന അവസരമാണ് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര.

ഇതിനിടെ സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. സഞ്ജുവിന് തുടര്‍ച്ചയായി അവസരം നല്‍കണമെന്നാണ് ഉത്തപ്പ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉത്തപ്പ. കേരള രഞ്ജിതാരം കൂടിയായിരുന്ന ഉത്തപ്പയുടെ വാക്കുകള്‍.. ''നൂറ് ശതമാനം. അക്കാര്യത്തില്‍ ചോദ്യത്തിന്റെ പോലും ആവശ്യമില്ല. സഞ്ജുവിനെ തുടര്‍ച്ചയായി കളിപ്പിക്കണമെന്നാണ് എന്റെ ആവശ്യം. ഒരുപാട് കഴിവുള്ള താരമാണ് സഞ്ജു. അവനെ തുടര്‍ച്ചയായി കളിപ്പിക്കാന്‍ ഇതുവരെ ബിസിസിഐ ശ്രമിച്ചിട്ടില്ല. അവനെ മൂന്നാം നമ്പറില്‍ കളിപ്പിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ തുടര്‍ച്ചയായി അഞ്ച് അവസരങ്ങളെങ്കിലും കൊടുക്കൂ. 

ഇനി അഞ്ചാമതായിട്ടാണ് കളിപ്പിക്കുന്നതെങ്കില്‍ അവസരം നല്‍കൂ. എന്നാല്‍ അവസരം നല്‍കാതിരിക്കരുത്. രണ്ട് പരമ്പരയില്‍ മുഴുവനും അവന് അവസരം നല്‍കൂ. എങ്ങനെ കളിക്കുന്നുവെന്ന് നമുക്ക് നോക്കാം. തിളങ്ങാനായില്ലെങ്കില്‍ നമുക്ക് പറയാം സഞ്ജുവിന് സ്ഥിരത പുലര്‍ത്താനാവുന്നില്ലെന്ന്. ഒരവസരം നല്‍കിയിട്ട് തിളയില്ലെങ്കില്‍ എടുത്ത് പുറത്തിടുന്ന രീതി നല്ല സന്ദേശമല്ല നല്‍കുന്നത്. ഇന്ത്യന്‍ ടീമില്‍ ഇടം നേടുകയെന്നുള്ള ബുദ്ധിമുട്ടുള്ള കാര്യമാണ്. സഞ്ജുവിന് അവസരം ലഭിക്കുമെന്നാണ് ഞാനും വിശ്വസിക്കുന്നത്.'' ഉത്തപ്പ അഭിമുഖത്തില്‍ പറഞ്ഞു. 

ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20 മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് സഞ്ജുവിന്റെ കാല്‍മുട്ടിന് പരിക്കേല്‍ക്കുന്നത്. പിന്നാലെ ന്യുസീലന്‍ഡിനെതിരായ ഏകദിന- ടി20 പരമ്പരകള്‍ കൂടി നഷ്ടമായി. മാത്രമല്ല, കേരളത്തിനായി രഞ്ജി ട്രോഫിയിലും താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല.

'അദ്ദേഹത്തിന് വേണമെങ്കില്‍ ടെസ്റ്റില്‍ മാത്രം കളിക്കാം..'; ഇന്ത്യന്‍ താരത്തിന് ഓസീസ് ഇതിഹാസത്തിന്റെ നിര്‍ദേശം