പ്ലേ ഓഫില്‍ നിന്ന് പുറത്താകുന്ന ടീമുകള്‍ ടൂര്‍ണമെന്റിന്റെ അവസാനം വമ്പൻ തിരിച്ചുവരവുകള്‍ നടത്തുന്നത് ഐപിഎല്ലിന്റെ പതിവാണ്, മുടങ്ങാത്തൊരു പതിവ്. ആ പാതയിലാണ് റിഷഭ് പന്തിന്റെ ഫിയര്‍ലസ് സംഘം

അസാധാരണമായ തിരിച്ചുവരവ്, പ്ലേ ഓഫിലേക്ക് ഒരൊറ്റ കുതിപ്പ്. പിന്നാലെ എലിമിനേറ്ററില്‍ വീഴ്‌ച. കഴിഞ്ഞ സീസണിലെ ഓര്‍മകള്‍ അലട്ടുന്നുണ്ടാകണം ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ തന്ത്രങ്ങള്‍ മെനയുമ്പോള്‍. അത്തരമൊരു ആവര്‍ത്തനത്തിന് ഇരയാകാൻ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഇത്തവണ ആഗ്രഹിക്കുന്നുണ്ടാകില്ല. അതുകൊണ്ട് ലക്നൗവിനെ നേരിടാൻ ഇറങ്ങുമ്പോള്‍ രജത് പാട്ടിദാറിന്റെ സംഘം ബോള്‍ഡായിരിക്കണം, ടോപ് ടു ഉറപ്പിക്കണം. എങ്കിലെ കാത്തിരിപ്പുകളുടെ കാര്‍മേഘം നീങ്ങുകയുള്ളു.

പ്ലേ ഓഫില്‍ നിന്ന് പുറത്താകുന്ന ടീമുകള്‍ ടൂര്‍ണമെന്റിന്റെ അവസാനം വമ്പൻ തിരിച്ചുവരവുകള്‍ നടത്തുന്നത് ഐപിഎല്ലിന്റെ പതിവാണ്, മുടങ്ങാത്തൊരു പതിവ്. ആ പാതയിലാണ് റിഷഭ് പന്തിന്റെ ഫിയര്‍ലസ് സംഘം. കരുത്തരായ ഗുജറാത്ത് ടൈറ്റൻസിനെതിരെ അവര്‍ കഴിഞ്ഞ മത്സരത്തില്‍ നടത്തിയ പ്രകടനം ബെംഗളൂരു ക്യാമ്പും വീക്ഷിച്ചിട്ടുണ്ടാകണം. ഗുജറാത്തിന്റെ സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടാനും ശുഭ്മാൻ ഗില്ലിനെപ്പോലെ ക്ലൂലെസായി നില്‍ക്കാനും പാട്ടിദാറിന് താല്‍പ്പര്യമുണ്ടാകില്ല.

പാതിവഴിയില്‍ വീണുപോയ ലക്നൗവിന്റെ മുൻനിര വര്‍ധിത വീര്യത്തോടെയായിരുന്നു തിരിച്ചുവന്നത്. മിച്ചല്‍ മാര്‍ഷ് സെഞ്ച്വറി, നിക്കോളാസ് പൂരാന്റെ ഡിസ്ട്രക്ടീവ് ബാറ്റിങ്, എയിഡൻ മാര്‍ക്രത്തിന്റെ തുടക്കം...എല്ലാത്തിനും ഉപരിയായി റിഷഭ് പന്ത് ഫോമിന്റെ ഗ്ലിംസും കാണിച്ചു തന്നു ചുരുങ്ങിയ പന്തുകളില്‍ നിന്ന്. 235 റണ്‍സാണ് നാല്‍വര്‍ സംഘം മാത്രം അന്ന് സ്കോര്‍ ചെയ്തത്. ഗുജറാത്തിന് ഓടിയെത്താനാകാത്ത ദൂരമായിരുന്നു അത്.

ഗുജറാത്തിന്റെ ബാറ്റിംഗ് നിരയെ 33 റണ്‍സ് അകലെ നിര്‍ത്താനായി എന്നത് ലക്നൗ ബൗളര്‍മാരുടെ നേട്ടമാണ്. ഒറൂര്‍ക്കിന്റെ വരവ് ലക്നൗ ബൗളിംഗ് സംഘത്തിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. ദിഗ്വേഷ് റാത്തിയും മടങ്ങിയെത്തും. ഇവിടേക്കാണ് ബെംഗളൂരുവെത്തുന്നത്. തുടര്‍ച്ചയായി നാല് ജയങ്ങളുമായി വന്ന ബെംഗളൂരുവിന്റെ വിന്നിങ് സ്ട്രീക്ക് ഹൈദരാബാദ് ഏകനയില്‍ അവസാനിപ്പിച്ചു. ഹൈദരാബാദിനെതിരായ മത്സരം ബെംഗളൂരുവിന് ഒരു ഓര്‍മപ്പെടുത്തല്‍ക്കൂടിയായിരുന്നു.

എവിടെയൊക്കെയാണ് വീഴ്ചയെന്ന് കണ്ടെത്താനുള്ള അവസരം. അത് സംഭവിച്ചത് പ്ലേ ഓഫിന് ഒരു മത്സരം ബാക്കി നില്‍ക്കെയാണെന്നതായിരുന്നു ബെംഗളൂരുവിന് ഉണ്ടായിരുന്ന പോസിറ്റീവ്. ഹൈദരാബാദിനെതിരെ 173-3 എന്ന നിലയില്‍ നിന്ന് ബെംഗളൂരുവിന്റെ ബാറ്റിംഗ് നിര കൂപ്പുകുത്തുകയായിരുന്നു. 189 റണ്‍സിന് ഓള്‍ ഔട്ട്. അവസാനം ടീം നേരിട്ട 26 പന്തുകളില്‍ നേടിയത് 16 റണ്‍സ്, നഷ്ടമായത് ഏഴ് വിക്കറ്റുകള്‍. 

കോലി, ഫില്‍ സാള്‍ട്ട്, ടിം ഡേവിഡ് ത്രയത്തെ മാറ്റി നിര്‍ത്തിയാല്‍ സ്ഥിരതയോടെ റണ്ണൊഴുകുന്ന ബാറ്റുകള്‍ ബെംഗളൂരുവിന്റെ ഡഗൗട്ടിലില്ല. മധ്യനിരയിലുള്ള നായകനും ജിതേഷ് ശര്‍മയും മായങ്ക് അഗര്‍വാളും കൃണാലുമൊക്കെ സീസണില്‍ തിളങ്ങിയത് പോലും ചുരുക്കം മത്സരങ്ങളിലാണ്. ഡേവിഡിന്റെ പരുക്കിന്റെ വ്യാപ്തി എത്രത്തോളമെന്ന് വ്യക്തമായിട്ടില്ല. ലക്നൗവിനെതിരെ താരം കളത്തിലെത്തിയേക്കില്ലെന്നാണ് സൂചനകള്‍.

ബാറ്റിങ്ങ് നിരയുടെ ദുര്‍ബലത വെളിവായതോടെ കോലി ഒരിക്കല്‍ക്കൂടി എണ്ണയിട്ട യന്ത്രമാകേണ്ടി വരും. പക്ഷേ, ജോഷ് ഹേസല്‍വുഡിന്റെ മടങ്ങിവരവ് നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കാൻ ബെംഗളൂരുവിനെ സഹായിച്ചേക്കും. കഴിഞ്ഞ മത്സരത്തില്‍ പവര്‍പ്ലേയില്‍ മാത്രം 71 റണ്‍സാണ് ബെംഗളൂരു വഴങ്ങിയത്. ഹേസല്‍വുഡിന്റെ 18 വിക്കറ്റുകളുടെ തലപ്പൊക്കത്തിനോട് കിടപിടിക്കാൻ എൻഗിഡിക്ക് സാധിക്കാതെ പോയി.

എന്നാല്‍, ഭുവനേശ്വര്‍ കുമാറിന് എല്ലാ മത്സരത്തിലും താളം കണ്ടെത്താനാകാതെ പോകുന്നതും ബെംഗളൂരുവിന്റെ ആശങ്കകളിലൊന്നാണ്. പവര്‍പ്ലേയില്‍ ഭുവിയുടെ സ്വിങ്ങിലാണ് ബെംഗളൂരു വിശ്വാസം അര്‍പ്പിച്ചത് സീസണില്‍. എന്നാല്‍ കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ രണ്ട് മത്സരങ്ങളില്‍ ഭുവിയുടെ വിക്കറ്റ് കോളത്തില്‍ പൂജ്യമായിരുന്നു. യാഷ് ദയാലിലൂടെ ബെംഗളൂരുവിന് അത് പരിഹരിക്കാനാകുന്നുണ്ട്. അങ്ങനെ 


അവസാന ലാപ്പില്‍ അല്ലറചില്ലറ ആശങ്കകളുമായാണ് ബെംഗളൂരു ലക്നൗവിനെതിരെ ഇറങ്ങുന്നത്. ജയിക്കാനായാല്‍ നഷ്ടപ്പെട്ട താളം വീണ്ടെടുക്കാം. ക്വാളിഫയര്‍ ഒന്നിലെത്തി ഭദ്രമാക്കാം കാര്യങ്ങള്‍. കിരീടത്തിലേക്കുള്ള യാത്ര എളുപ്പമാകാനും ജയം അനിവാര്യമാണ്, അല്ലെങ്കില്‍ കാത്തിരിപ്പ് തുടരാനുള്ള സാധ്യതകളാണുള്ളത്.