ഐപിഎല്‍ ഔദ്യോഗിക വെബ്സൈറ്റിലെ പോയന്‍റ് പട്ടികയില്‍ ഇപ്പോഴും പ‍ഞ്ചാബ് 11 മത്സരങ്ങളും ഡല്‍ഹി 12 മത്സരങ്ങളും കളിച്ചതായാണ് രേഖപ്പെടുത്തിരിക്കുന്നത്.

ധരംശാല: അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഐപിഎല്ലില്‍ ഇന്നലെ ധരംശാലയില്‍ നടന്ന പഞ്ചാബ് കിംഗ്സ്-ഡല്‍ഹി ക്യാപിറ്റൽസ് മത്സരം ഉപേക്ഷിച്ചെങ്കിലും പോയന്‍റ് പട്ടികയില്‍ മാറ്റം വരുത്താതെ ഐപിഎല്‍. ഇന്നലത്തെ മത്സരം ഫലമില്ലാതെ ഉപേക്ഷിച്ചതിനാല്‍ ഇരു ടീമുകള്‍ക്കും ഓരോ പോയന്‍റ് വീത പങ്കിട്ടു നല്‍കുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും ഇതുവരെ ഐപിഎല്‍ പോയന്‍റ് പട്ടിക പുതുക്കാനോ ഇന്നലത്തെ മത്സരം കണക്കുകളില്‍ രേഖപ്പെടുത്താനോ ഐപിഎല്‍ അധികൃതര്‍ തയാറായിട്ടില്ല.

ഐപിഎല്‍ ഔദ്യോഗിക വെബ്സൈറ്റിലെ പോയന്‍റ് പട്ടികയില്‍ ഇപ്പോഴും പ‍ഞ്ചാബ് 11 മത്സരങ്ങളും ഡല്‍ഹി 12 മത്സരങ്ങളും കളിച്ചതായാണ് രേഖപ്പെടുത്തിരിക്കുന്നത്. 15 പോയന്‍റുമായി പഞ്ചാബ് മൂന്നാം സ്ഥാനത്തും 13 പോയന്‍റുമായി ഡല്‍ഹി നാലാം സ്ഥാനത്തുമാണുള്ളത്. ഇന്നലത്തെ മത്സരം ജയിച്ചിരുന്നെങ്കില്‍ പഞ്ചാബിന് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുന്നതിനൊപ്പം പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമാവാനും അവസരമുണ്ടായിരുന്നു. എന്നാല്‍ ഇതുവരെ പോയന്‍റ് പട്ടിക പുതുക്കാത്തത് പ്രത്യേക സാഹചര്യത്തില്‍ മത്സരം ഉപേക്ഷിച്ചതിനാലാണെന്നും മത്സരം മറ്റൊരു വേദിയില്‍ വീണ്ടും നടത്താന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തലുകളുണ്ട്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞടുത്ത പഞ്ചാബ് 10.1 ഓവറില്‍ 122-1 എന്ന സ്കോറില്‍ നില്‍ക്കുമ്പോഴായിരുന്നു മത്സരം നിര്‍ത്തിവെച്ചത്. 28 പന്തില്‍ 50 റണ്‍സുമായി പഞ്ചാബ് ഓപ്പണര്‍ പ്രഭ്സിമ്രാന്‍ സിംഗായിരുന്നു ക്രീസില്‍. 34 പന്തില്‍ 70 റണ്‍സടിച്ച ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയെ ടി നടരാജന്‍ പുറത്താക്കിയതിന് പിന്നാലെയായിരുന്നു മത്സരം നിര്‍ത്തിവെച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക