ഓപ്പണര്‍മാരായ എയ്ഡൻ മാര്‍ക്രവും മിച്ചൽ മാര്‍ഷും കരുതലോടെയാണ് പവര്‍ പ്ലേയിൽ ബാറ്റ് വീശിയത്. 

അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ലക്നൗ സൂപ്പര്‍ ജയന്റ്സിന് ഭേദപ്പെട്ട തുടക്കം. പവര്‍ പ്ലേ പൂര്‍ത്തിയായപ്പോൾ ലക്നൗ വിക്കറ്റ് നഷ്ടമില്ലാതെ 53 റൺസ് എന്ന നിലയിലാണ്. 28 റൺസുമായി എയ്ഡൻ മാര്‍ക്രവും 22 റൺസുമായി മിച്ചൽ മാര്‍ഷുമാണ് ക്രീസിൽ.

മുഹമ്മദ് സിറാജാണ് ഗുജറാത്തിന് വേണ്ടി ബൗളിംഗിന് തുടക്കമിട്ടത്. ആദ്യ പന്ത് തന്നെ മനോഹരമായ കവര്‍ ഡ്രൈവിലൂടെ എയഡൻ മാര്‍ക്രം ബൗണ്ടറി നേടി. പിന്നീട് മികച്ച രീതിയിൽ പന്തെറിഞ്ഞ സിറാജ് നാല് റൺസ് കൂടി മാത്രമേ വിട്ടുകൊടുത്തുള്ളൂ. ഒരു ഓവറിൽ 8 റൺസുമായി ലക്നൗവിന്റെ തുടക്കം. രണ്ടാം ഓവറിന്റെ ആദ്യ പന്തിൽ മാര്‍ക്രം വീണ്ടും കവറിലൂടെ ബൗണ്ടറി കണ്ടെത്തി. പിന്നാലെ മിച്ചൽ മാര്‍ഷിന്റെ വക സിക്സറും പിറന്നു. അര്‍ഷാദ് ഖാന്റെ ഓവറിൽ ആകെ 14 റൺസാണ് ലക്നൗ ബാറ്റര്‍മാര്‍ അടിച്ചെടുത്തത്. മൂന്നാം ഓവറിൽ മുഹമ്മദ് സിറാജ് ബൗണ്ടറി വഴങ്ങാതെ 4 റൺസ് മാത്രമേ വിട്ടുകൊടുത്തുള്ളൂ. മാര്‍ഷിനെ പുറത്താക്കാനുള്ള അവസരം സിറാജ് കൈവിട്ടു കളയുകയും ചെയ്തു. ഇതോടെ 3 ഓവറുകൾ പൂര്‍ത്തിയായപ്പോൾ ലക്നൗവിന്‍റെ സ്കോര്‍ 26.

നാലാം ഓവറിൽ കാഗിസോ റബാഡയെ നായകൻ ശുഭ്മാൻ ഗിൽ പന്തേൽപ്പിച്ചു. രണ്ടാം പന്തിൽ മിച്ചൽ മാര്‍ഷ് മിഡ് വിക്കറ്റിലൂടെ ബൗണ്ടറി നേടി. മൂന്നാം പന്തിൽ മാര്‍ഷിനെ പുറത്താക്കാൻ ലഭിച്ച അവസരം സിറാജിനെ പോലെ തന്നെ റബാഡയും പാഴാക്കി. ആകെ 7 റൺസ് മാത്രമാണ് ഈ ഓവറിൽ ലക്നൗവിന് നേടാനായത്. തൊട്ടടുത്ത ഓവറിൽ സിറാജ് മികച്ച രീതിയിൽ പന്തെറിഞ്ഞതോടെ ലക്നൗ ബാറ്റര്‍മാര്‍ പ്രതിരോധത്തിലായി. ഒരു ബൗണ്ടറി സഹിതം വെറും 5 റൺസ് മാത്രമാണ് സിറാജ് വഴങ്ങിയത്. പവര്‍ പ്ലേ അവസാനിക്കുന്നതിന് തൊട്ട് മുമ്പുള്ള ഓവറിൽ റബാഡയാണ് പന്തെറിയാനെത്തിയത്. രണ്ടാം പന്തും മൂന്നാം പന്തും അതിര്‍ത്തി കടത്തി മാര്‍ക്രം സ്കോര്‍ ഉയര്‍ത്തി. 5.3 ഓവറിൽ ടീം സ്കോര്‍ 50 കടന്നു. പവര്‍ പ്ലേ പൂര്‍ത്തിയായപ്പോൾ ടീം സ്കോര്‍ വിക്കറ്റ് നഷ്ടമില്ലാതെ 53.