21 റൺസ് നേടിയ സായ് സുദര്‍ശന്റെ വിക്കറ്റാണ് ഗുജറാത്തിന് നഷ്ടമായത്. 

അഹമ്മദാബാദ്: ഐപിഎല്ലിൽ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് മികച്ച തുടക്കം. പവര്‍ പ്ലേ പൂര്‍ത്തിയാകുമ്പോൾ ഗുജറാത്ത് ഒരു വിക്കറ്റ് നഷ്ടത്തിൽ 67 റൺസ് എന്ന നിലയിലാണ്. നായകൻ ശുഭ്മാൻ ഗിൽ 24 റൺസുമായും ജോസ് ബട്ലര്‍ 20 റൺസുമായും ക്രീസിലുണ്ട്. 21 റൺസ് നേടിയ സായ് സുദര്‍ശന്റെ വിക്കറ്റാണ് ഗുജറാത്തിന് നഷ്ടമായത്. 

ആകാശ് സിംഗാണ് ലക്നൗവിന് വേണ്ടി ബൗളിംഗ് ആക്രമണത്തിന് തുടക്കമിട്ടത്. ആദ്യ പന്ത് തന്നെ എക്സ്ട്രാ കവറിലൂടെ ബൗണ്ടറി പായിച്ച് സായ് സുദര്‍ശൻ ലക്നൗവിന് മുന്നറിയിപ്പ് നൽകി. അഞ്ചാം പന്തും സായ് സുദര്‍ശൻ ബൗണ്ടറി കടത്തി. ആദ്യ ഓവറിൽ തന്നെ 11 റൺസാണ് പിറന്നത്. ആകാശ് ദീപ് എറിഞ്ഞ രണ്ടാം ഓവറിലും സായ് സുദര്‍ശൻ ബൗണ്ടറി കണ്ടെത്തി. ഈ ഓവറിൽ ആകെ 8 റൺസ് കൂടി ലഭിച്ചു. മൂന്നാം ഓവറിൽ ആകാശ് സിംഗിനെതിരെ ഗിൽ ആക്രമണം അഴിച്ചുവിട്ടു. തുടര്‍ച്ചയായി മൂന്ന് ബൗണ്ടറികളാണ് ഗിൽ നേടിയത്. ഇതോടെ ടീം സ്കോര്‍ മൂന്ന് ഓവറുകൾ പൂര്‍ത്തിയായപ്പോൾ 33ലേയ്ക്ക് ഉയര്‍ന്നു. 

നാലാം ഓവറിൽ ആകാശ് ദീപിനെതിരെ ഗിൽ രണ്ട് ബൗണ്ടറികൾ കൂടി നേടി. അഞ്ചാം ഓവറിൽ സായ് സുദര്‍ശനെ വിൽ ഓറുര്‍ക് മടക്കിയയച്ചു. ഇതോടെ ക്രീസിഷ ബട്ലര്‍ - ഗിൽ സഖ്യം ഒന്നിച്ചു. ആറാം ഓവറിൽ ആവേശ് ഖാനെതിരെ രണ്ട് സിക്സറുകളും രണ്ട് ബൗണ്ടറികളും നേടിയതോടെ ടീം സ്കോര്‍ 67ലേയ്ക്ക് ഉയര്‍ന്നു.