സയ്യിദ് മുഷ്താഖ് അലി ടി20യിൽ മുംബൈയെ 15 റൺസിന് പരാജയപ്പെടുത്തിയിട്ടും കേരളത്തിന് പോയിന്റ് പട്ടികയിൽ മുന്നേറാനായില്ല.

ലക്‌നൗ: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ മുംബൈക്കെതിരെ ചരിത്ര ജയം സ്വന്തമാക്കിയിട്ടും പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് നിന്ന കയറാനാകാതെ കേരളം. അഞ്ച് മത്സരങ്ങളില്‍ മൂന്ന് ജയം സ്വന്തമാക്കിയ കേരളത്തിന് 12 പോയിന്റാണുള്ളത്. രണ്ട് മത്സരങ്ങളില്‍ ടീം പരാജയപ്പെട്ടിരുന്നു. ഒഡീഷയെ തോല്‍പ്പിച്ച് തുടങ്ങിയ കേരളം അടുത്ത മത്സരത്തില്‍ റെയില്‍വേസിനോട് പരാജയപ്പെട്ടു. മൂന്നാം മത്സരത്തില്‍ ഛത്തീസ്ഗഢിനെ തോല്‍പ്പിച്ചു. എന്നാല്‍ നാലാം മത്സരത്തില്‍ വിദര്‍ഭയോട് തോല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് മുംബൈയെ അട്ടിമറിച്ചു.

തോറ്റെങ്കിലും മുംബൈ തന്നെയാണ് ഒന്നാം സ്ഥാനത്ത്. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അവര്‍ക്ക് ഒരു തോല്‍വി മാത്രമാണുള്ളത്. നാല് ജയങ്ങളില്‍ നിന്ന് 16 പോയിന്റുമായി ഒന്നാമത്. രണ്ടാം സ്ഥാനത്ത് ആന്ധ്രാ പ്രദേശാണ്. നാല് മത്സരങ്ങളില്‍ മൂന്ന് ജയവും ഒരു തോല്‍വിയും ഉള്‍പ്പെടെ 12 പോയിന്റ്. കേരളത്തിനും ആന്ധ്രയ്ക്കും ഒരു പോയിന്റാണാണെങ്കിലും നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ ആന്ധ്ര മുന്നിലെത്തി. +0.842 നെറ്റ് റണ്‍റേറ്റുണ്ട് ആന്ധ്രയ്ക്ക്. +0.837 കേരളത്തിനും. മാത്രമല്ല, അവര്‍ ഒരു മത്സരം കുറവാണ് കളിച്ചത്. ഇന്ന് ഛത്തീസ്ഗഡിനെതിരെ ആന്ധ്രയ്ക്ക് മത്സരമുണ്ട്.

നാല് മത്സരം പൂര്‍ത്തിയാക്കിയ വിദര്‍ഭയാണ് നാലാം സ്ഥാനത്ത്. രണ്ട് വീതം ജയവും തോല്‍വിയുമുള്ള വിദര്‍ഭയ്ക്ക് എട്ട് പോയിന്റുണ്ട്. റെയില്‍വേസ് അഞ്ചാമതുണ്ട്. അവര്‍ക്കും എട്ട് പോയിന്റ്. രണ്ട് വീതം ജയവും തോല്‍വിയും. നാല് പോയിന്റ് വീതമുള്ള അസം, ഛത്തീസ്ഗഡ്, ഒഡീഷ എന്നിവര്‍ യഥാക്രമം ആറ് മുതല്‍ എട്ട് വരെയുള്ള സ്ഥാനങ്ങളില്‍.

മുംബൈക്കെതിരെ 15 റണ്‍സ് ജയം

സയ്യിദ് മുഷ്താഖ് അലി ടി20യില്‍ ഇന്ത്യന്‍ താരങ്ങളുമായെത്തിയ മുംബൈക്കെതിരെ കേരളത്തിന് 15 റണ്‍സ് ജയം. ലക്‌നൗവില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം 179 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. കേരളത്തിന് വേണ്ടി 28 പന്തില്‍ 46 റണ്‍സെടുത്ത സഞ്ജു സാംസണ്‍ ടോപ് സ്‌കോററായി. 40 പന്തില്‍ 43 റണ്‍സെടുത്ത വിഷ്ണു വിനോദ് മധ്യനിരയില്‍ പിടിച്ചുനിന്നു. മുഹമ്മദ് അസറുദ്ദീന്‍ (25 പന്തില്‍ 32), ഷറഫുദ്ദീന്‍ (15 പന്തില്‍ 35) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ മുംബൈ 19.4 ഓവറില്‍ 163 റണ്‍സിന് എല്ലാവരും പുറത്തായി. ഒരു ഓവറില്‍ സൂര്യകുമാര്‍ യാദവ് (25 പന്തില്‍ 32) ഉള്‍പ്പെടെ മൂന്ന് പേരെ പുറത്താക്കി കെ എം ആസിഫാണ് വിജയം അനായാസമാക്കിയത്. ഒന്നാകെ അഞ്ച് വിക്കറ്റുകള്‍ ആസിഫ് വീഴ്ത്തി. 3.4 ഓവറില്‍ 24 റണ്‍സ് മാത്രമാണ് ആസിഫ് വിട്ടുകൊടുത്തത്.

YouTube video player