തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും സെഞ്ച്വറി നേടിയ വിരാട് കോലി, തൻ്റെ ഫിറ്റ്നസ് മികവ് തെളിയിച്ചു. 93 പന്തിൽ 102 റൺസ് നേടിയ കോലി, അതിൽ 60 റൺസും ഓടിയെടുത്താണ് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചത്.
റായ്പൂര്‍: ഏകദിന ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ബാറ്റര്‍ താന്‍ തന്നെയെന്ന് തെളിയിക്കുന്നതായിരുന്നു വിരാട് കോലിയുടെ സെഞ്ച്വറി. തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയിലൂടെ ഒരുപിടി റെക്കോര്‍ഡുകളും കോലി സ്വന്തമാക്കി. പ്രായം തളര്‍ത്താത്ത റണ്‍ മെഷീന്‍. മുപ്പത്തിയേഴാം വയസ്സിലും വിരാട് കോലിയുടെ ബാറ്റിംഗ് കരുത്തിന് കോട്ടമൊന്നുമില്ല. തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും സെഞ്ച്വറി. തൊണ്ണൂറാം പന്തില്‍ നൂറിലെത്തിയ കോലിയുടെ ഇന്നിംഗ്‌സില്‍ ഏഴ് ഫോറും രണ്ട് സിക്‌സും.
കോലിയുടെ ഫിറ്റ്‌നസ് മികവ് ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയ ഇന്നിംഗ്‌സ്. 93 പന്തില്‍ നേടിയ 102 റണ്‍സില്‍ 60 റണ്‍സും ഓടിയെടുത്തത്. കരിയറില്‍ പതിനൊന്നാം തവണയാണ് കോലി തുടര്‍ച്ചയായ രണ്ട് ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടുന്നത്. രണ്ടാം സ്ഥാനത്തുള്ള എ ബി ഡിവിയിലിയേഴ്‌സ് അടുത്തടുത്ത ഇന്നിംഗ്‌സുകളില്‍ സെഞ്ച്വറി നേടിയത് ആറ് തവണ മാത്രം. ഏകദിനത്തില്‍ അന്‍പത്തിമൂന്നാം സെഞ്ച്വറി നേടിയ കോലിയുടെ ആകെ സെഞ്ച്വറിനേട്ടം 83 ആയി. സെഞ്ച്വറി നേട്ടത്തില്‍ 100 തികച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമാണ് കോലിക്ക് മുന്നില്‍. ടെസ്റ്റ്, ട്വന്റി ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച കോലിക്ക് ഇനി സച്ചിനെ മറികടക്കാന്‍ കഴിയുമോ എന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ ആകാംക്ഷ.
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റ് ജയം. റായ്പൂരില്‍ 359 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം 49.2 ഓവറില്‍ ആറ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടക്കുകയായിരുന്നു സന്ദര്‍ശകര്‍. 110 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രമാണ് ദക്ഷിണാഫ്രിക്കയുടെ ഐതിഹാസിക വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. മാത്യൂ ബ്രീറ്റ്സ്‌കെ (64 പന്തില്‍ 68), ഡിവാള്‍ഡ് ബ്രേവിസ് (34 പന്തില്‍ 54) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ റുതുരാജ് ഗെയ്കവാദ് (105), വിരാട് കോലി (102) എന്നിവരുടെ സെഞ്ചുറികളാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (43 പന്തില്‍ പുറത്താവാതെ 105) നിര്‍ണായക പ്രകടനം പുറത്തെടുത്തു. മാര്‍കോ യാന്‍സന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.



