റായ്പൂരിൽ നടന്ന ഏകദിന മത്സരത്തിൽ തന്റെ കന്നി സെഞ്ചുറി നേടി റുതുരാജ് ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി. നാലാം നമ്പറിൽ ബാറ്റ് ചെയ്ത് 105 റൺസ് നേടിയതോടെ, 2027 ലോകകപ്പ് ടീമിലെ മധ്യനിര സ്ഥാനത്തിനായി ഗെയ്കവാദ് ശക്തമായ അവകാശവാദം ഉന്നയിച്ചു. 

റായ്പൂര്‍: ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് വെറുതേയായില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു റായ്പൂരില്‍ റുതുരാജ് ഗെയ്കവാദിന്റെ മിന്നും സെഞ്ച്വറി പ്രകടനം. 2027 ഏകദിന ലോകകപ്പ് പദ്ധതിയില്‍ മധ്യനിരയില്‍ അവകാശവാദം ഉന്നയിക്കാന്‍ ഗെയ്കവാദ് ഉണ്ടാകുമെന്ന് ഉറപ്പാണ്. റായ്പൂരില്‍ നാലാം നമ്പറില്‍ ബാറ്റുചെയ്യാനിറങ്ങുമ്പോള്‍ ഗെയ്കവാദിന് ചിലതൊക്കെ തെളിയിക്കാനുണ്ടായിരുന്നു. ആദ്യ മത്സരത്തില്‍ നേരത്തെ പുറത്തായതിന്റെ വിമര്‍ശനങ്ങള്‍, പകരക്കാരനായി വന്നതിന്റെ പ്രശ്‌നങ്ങള്‍, ഒപ്പം അവസരം കാത്ത് പുറത്തിരിക്കുന്ന യുവതാരങ്ങള്‍.

പക്ഷേ, ഏകദിനത്തിലെ ആദ്യ സെഞ്ച്വറി നേടി ഗെയ്ക്‌വാദ് എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി. 83 പന്തില്‍ 105 റണ്‍സ്, 12 ഫോര്‍, രണ്ട് സിക്‌സ്. കോലിക്കൊപ്പം സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിച്ച് താനൊരു പെര്‍ഫെക്ട് ക്രൈസസ് മാനേജരാണെന്ന് ഗെയ്കവാദ് തെളിയിച്ചു. കോലിക്കൊപ്പം ബാറ്റ് ചെയ്യുന്നത് എന്നത് ഏറെ ആസ്വദിച്ചെന്ന് ഗെയ്കവാദ്. റായ്പൂരിന് മുമ്പ് ഏഴ് മത്സരങ്ങളില്‍ നിന്ന് 123 റണ്‍സ് മാത്രമായിരുന്നു ഗെയ്കവാദിന്റെ സമ്പാദ്യം. സ്‌ട്രൈക്ക് റേറ്റ് 71.92 മാത്രം. നാലാം നമ്പറിലെ സ്ഥിര സാന്നിധ്യമായ ശ്രേയസ് അയ്യരോട് മത്സരിക്കാന്‍ ഈ കണക്കുകള്‍ മതിയാവില്ല.

അവിടേക്കാണ് റായ്പൂരിലെ ഗെയ്കവാദിന്റെ സെഞ്ച്വറിയെത്തുന്നത്. 2021ല്‍ ട്വന്റി 20യിലും 2022ല്‍ ഏകദിനത്തിലും അരങ്ങേറിയ താരം ഇതുവരെ ഇന്ത്യന്‍ കുപ്പായമണിഞ്ഞത് 31 തവണ മാത്രം. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകന്‍ കൂടിയായ ഗെയ്കവാദിന്റെ രണ്ടാം വരവിന് റായ്പൂര്‍ സെഞ്ച്വറി തുടക്കം കുറിക്കുമെന്ന് പ്രതീക്ഷിക്കാം.

ഗെയ്കവാദും സെഞ്ചുറി നേടിയെങ്കിലും രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റിന് ജയിച്ചിരുന്നു. റായ്പൂരില്‍ 359 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം 49.2 ഓവറില്‍ ആറ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടക്കുകയായിരുന്നു സന്ദര്‍ശകര്‍. 110 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രമാണ് ദക്ഷിണാഫ്രിക്കയുടെ ഐതിഹാസിക വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. മാത്യൂ ബ്രീറ്റ്സ്‌കെ (64 പന്തില്‍ 68), ഡിവാള്‍ഡ് ബ്രേവിസ് (34 പന്തില്‍ 54) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

YouTube video player