ശ്രീലങ്കന്‍ താരം പാതും നിസങ്ക ഒരു സ്ഥാനം ഉയര്‍ന്ന് മൂന്നാമതുള്ളപ്പോള്‍ ഇംഗ്ലണ്ട് താരം ജോസ് ബട്‌ലര്‍ നാലാം സ്ഥാനത്തെത്തി.

ദുബായ്: ഐസിസി ടി20 റാങ്കിംഗില്‍ നേട്ടം കൊയ്ത് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ഓപ്പണറായി തിളങ്ങിയില്ലെങ്കിലും ഗില്‍ എട്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന് 22-ാം സ്ഥാനത്തെത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ തിളങ്ങിയ ന്യൂസിലന്‍ഡ് താരം ടിം റോബിന്‍സാണ് പുതിയ റാങ്കിംഗില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ താരം. 18 സ്ഥാനങ്ങള്‍ ഉയര്‍ന്ന റോബിന്‍സണ്‍ 23-ാം സ്ഥാനത്തെത്തി. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് എട്ടാം സ്ഥാനത്ത് തുടരുമ്പോള്‍ തിലക് വര്‍മ രണ്ട് സ്ഥാനം താഴേക്കിറങ്ങി അഞ്ചാം സ്ഥാനത്തായി. ഇന്ത്യയുടെ അഭിഷേക് ശര്‍മ ഒന്നാം സ്ഥാനത്ത് തുടരുന്ന റാങ്കിംഗില്‍ ഇംഗ്ലണ്ടിന്‍റെ ഫില്‍ സാൾട്ട് ആണ് രണ്ടാമത്.

ശ്രീലങ്കന്‍ താരം പാതും നിസങ്ക ഒരു സ്ഥാനം ഉയര്‍ന്ന് മൂന്നാമതുള്ളപ്പോള്‍ ഇംഗ്ലണ്ട് താരം ജോസ് ബട്‌ലര്‍ നാലാം സ്ഥാനത്തെത്തി. ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ഒരു മത്സരത്തില്‍ മാത്രം കളിച്ച മലയാളി താരം സഞ്ജു സാംസണ്‍ ഒരു സ്ഥാനം താഴേക്കിറങ്ങി 39-ാമതാണിപ്പോള്‍. വിന്‍ഡീസ് താരം റോവ്‌മാന്‍ പവല്‍ നാലു സ്ഥാനം മെച്ചപ്പെടുത്തി 30-ാം സ്ഥാനത്തെത്തി. ബൗളര്‍മാരില്‍ അഫ്ഗാനിസ്ഥാന്‍റെ റാഷിദ് ഖാന്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോൾ ആറ് സ്ഥാനം ഉയര്‍ന്ന ന്യൂസിലൻഡിന്‍റെ ജേക്കബ് ടഫി മൂന്നാമതെത്തി. ഒന്നാമനായ ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തി മാത്രമാണ് ആദ്യ പത്തിലുള്ള ഇന്ത്യൻ ബൗളര്‍. അക്സര്‍ പട്ടേല്‍ രണ്ട് സ്ഥാനം ഉയര്‍ന്ന് പതിനഞ്ചാം സ്ഥാനത്തെത്തിയപ്പോള്‍ കുല്‍ദീപ് യാദവ് നാലു സ്ഥാനം താഴേക്കിറങ്ങി പത്തൊമ്പതാമതായി.

ഏകദിന റാങ്കിംഗില്‍ രോഹിത് ശര്‍മ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ വിരാട് കോലി ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു.ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ ആണ് നാലാമത്. ശ്രേയസ് അയ്യര്‍ ഒമ്പതാം സ്ഥാനത്തുള്ളപ്പോള്‍ 14 സ്ഥാനം മെച്ചപ്പെടുത്തി പതിനാറാം സ്ഥാനത്തേക്ക് ഉയര്‍ന്ന പാക് താരം സല്‍മാന്‍ ആഗയാണ് ഏറ്റവുമധികം നേട്ടം കൊയ്ത താരം. ഏകദിന ബൗളര്‍മാരില്‍ റാഷിദ് ഖാന്‍ ഒന്നാമതുള്ളപ്പോള്‍ ഒരു സ്ഥാനം ഉയര്‍ന്ന കുല്‍ദീപ് യാദവ് ആറാമതുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക