ഡല്‍ഹി പ്രീമയര്‍ ലീഗ് ടി20 ടൂര്‍ണമെന്റില്‍ നിതീഷ് റാണയുടെ വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തില്‍ വെസ്റ്റ് ഡല്‍ഹി ലയണ്‍സിന് തകര്‍പ്പന്‍ ജയം.
ദില്ലി: ഡല്‍ഹി പ്രീമയര്‍ ലീഗ് ടി20 ടൂര്‍ണമെന്‍റിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജു സാംസന്‍റെ സഹതാരമായ നിതീഷ് റാണ. സൗത്ത് ഡല്‍ഹി സൂപ്പർ സ്റ്റാര്‍സിനെതിരെ വെസ്റ്റ് ഡല്‍ഹി ലയണ്‍സിനുവേണ്ടിയായിരുന്നു റാണയുടെ മിന്നും പ്രകടനം. സൂപ്പര്‍ സ്റ്റാര്‍സിനെതിരെ 202 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി ലയണ്‍സിനായി നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ നിതീഷ് റാണ എട്ട് ഫോറും 15 സിക്സും പറത്തിയാണ് 55 പന്തില്‍ 134 റണ്‍സടിച്ചത്. 42 പന്തിലാണ് റാണ സെഞ്ചുറിയിലെത്തിയത്.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായ നിതീഷ് റാണ ഡല്‍ഹി പ്രീമിയര്‍ ലീഗിലെ ആദ്യ എട്ട് മത്സരങ്ങളില്‍ നിന്ന് 135 റണ്‍സ് മാത്രമാണ് നേടിയിരുന്നത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി 11 മത്സരങ്ങളില്‍ 217 റണ്‍സ് നേടിയ റാണ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തില്‍ 36 പന്തില്‍ 81 റണ്‍സടിച്ചെങ്കിലും പിന്നീട് പരിക്കും ഫോമില്ലായ്മയും കാരണം ടീമില്‍ നിന്ന് പുറത്താവുകയായിരുന്നു.
റാണയുടെ വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തില്‍ ഡല്‍ഹി ലയണ്‍സ് 202 റണ്‍സ് വിജയലക്ഷ്യം 17.1 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. മത്സരത്തില്‍ സൂപ്പര്‍ സ്റ്റാര്‍സ് താരമായ ദിഗ്‌വേഷ് റാത്തിയുമായി റാണ കൊമ്പ കോര്‍ക്കുകയും ചെയ്തു. ദിഗ്‌വാഷ് റാത്തിക്കെതിരെ അഞ്ച് സിക്സും രണ്ട് ഫോറുമാണ് റാണ പറത്തിയത്. രണ്ടോവര്‍ മാത്രം എറിഞ്ഞ റാത്തി 39 റണ്‍സ് വഴങ്ങി.
ഐപിഎല്ലില്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്സിനായി കളിച്ച ദിഗ്‌വേഷ് വിക്കറ്റെടുത്തശേഷമുള്ള നോട്ട് ബുക്ക് സെലിബ്രേഷന്‍റെ പേരില്‍ ശ്രദ്ധേയനായിരുന്നു. ടൂര്‍ണമെന്‍റില്‍ ആദ്യ ക്വാളിഫയര്‍ ജയിച്ച സെന്‍ട്രല്‍ ഡല്‍ഹി കിംഗ്സ് നേരത്തെ ഫൈനലിലെത്തി. ഇന്ന് നടക്കുന്ന ഈസ്റ്റ് ഡല്‍ഹി റൈഡേഴ്സിനെതിരായ രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ജയിച്ചാല്‍ ഡല്‍ഹി ലയണ്‍സിന് നാളെ നടക്കുന്ന ഫൈനലിന് യോഗ്യത നേടാം.


