ആറ് വിക്കറ്റുകൾ നഷ്ടമായിട്ടും സ്പെഷ്യലിസ്റ്റ് ബാറ്ററായ സഞ്ജുവിനെ ബാറ്റിംഗിന് അയക്കാതെ ടീം മാനേജ്മെന്റ് അക്സർ പട്ടേലിനെ ക്രീസിലിറക്കിയത് ആരാധകരുടെ വിമർശനത്തിന് കാരണമായി. 

ദുബായ്: ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസനോടുളള അവഗണന തുടരുന്നു. ബംഗ്ലാദേശിനെതിരെ ആറ് വിക്കറ്റ് നഷ്ടമായിട്ടും ഇന്ത്യ സഞ്ജുവിനെ ബാറ്റിംഗിന് അയച്ചില്ല. ടീമില്‍ നായക വേഷം മാത്രമല്ല, വില്ലന്റെയും ജോക്കറുടേയും വേഷങ്ങള്‍ തനിക്ക് ചെയ്യാന്‍ കഴിയുമെന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം. ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുന്‍പ് ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് റയാന്‍ ടെന്‍ ഡോഷാറ്റെ പറഞ്ഞത് അഞ്ചാം സ്ഥാനത്ത് കളിക്കാന്‍ സഞ്ജുവിനേക്കാള്‍ മികച്ച താരമില്ലെന്നാണ്.

എന്നാല്‍ ഈ വാക്കിന് ഒരുവിലയുമുണ്ടായില്ല. മൂന്നാമനായി ശിവം ദുബേയെ പരീക്ഷിച്ചു. അഞ്ചാമനായി എത്തിയത് ഹാര്‍ദിക് പണ്ഡ്യ. ക്യാപ്റ്റന്‍ സൂര്യകുമാര്‍, യാദവും തിലക് വര്‍മയും രണ്ടക്കം കാണാതെ പുറത്തായിട്ടും ഏഴാമനായി ക്രീസില്‍ എത്തിയത് അക്‌സര്‍ പട്ടേല്‍. അപ്പോഴും സ്‌പെഷ്യലിസ്റ്റ് ബാറ്ററായ സഞ്ജു കാഴ്ചക്കാരന്‍ മാത്രം. ദുബേയും, സൂര്യയും, തിലകും, ഹാര്‍ദിക്കുമെല്ലാം അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ ശേഷിയുള്ളവരായിട്ടും ടോപ് ഓര്‍ഡറില്‍ അവസരം നല്‍കാതെ ഗൗതം ഗംഭീറും സൂര്യകുമാര്‍ യാദവും സഞ്ജുവിനെ തഴയുകയായിരുന്നു.

മുന്‍താരങ്ങള്‍ അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തി. ജിതേഷ് ശര്‍മ്മയ്ക്കായി സഞ്ജുവിനെ ടീമില്‍നിന്ന് പുറത്താക്കാനുള്ളവഴികളാണിതെന്നും ആരാധകര്‍ ആരോപിക്കുന്നു. ശുഭ്മാന്‍ ഗില്‍ ടീമിലേക്ക് തിരിച്ചെത്തിയതോടെയാണ് ഓപ്പണറായി മൂന്ന് സെഞ്ച്വറി നേടിയ സഞ്ജുവിന് മധ്യനിരയിലേക്ക് ഇറങ്ങേണ്ടിവന്നത്.

മത്സരത്തില്‍ ഇന്ത്യ 41 റണ്‍സിന് ജയിച്ചിരുന്നു. ജയത്തോടെ ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തു. ഇന്ത്യയുടെ 168 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് 127 റണ്‍സിന് പുറത്തായി. ഭാഗ്യത്തിന്റെ അകമ്പടിയോടെ ബാറ്റ് വീശിയ സൈഫ് ഹസന്‍ മാത്രമാണ് 69 റണ്‍സുമായി ബംഗ്ലാദേശിന് വേണ്ടി ഒറ്റക്ക് പൊരുതിയത്. സൈഫിന് പുറമെ 21 റണ്‍സെടുത്ത പര്‍വേസ് ഹസന്‍ ഇമോം ആണ് ബംഗ്ലേദേശ് നിരയില്‍ രണ്ടക്കം കടന്ന രണ്ടാമത്തെ ബാറ്റര്‍. ഇന്ത്യ ഫൈനിലില്‍ ഇന്നത്തെ പാകിസ്ഥാന്‍, ബംഗ്ലാദേശ് മത്സര വിജയികളെ നേരിടും.

YouTube video player