വ്യാഴാഴ്ച ബംഗ്ലാദേശിനെതിരെ നടക്കുന്ന സൂപ്പര്‍ ഫോറിലെ നിര്‍ണായക മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സൂര്യകുമാറിന്‍റെ പരാമര്‍ശത്തിന് ഷഹീന്‍ അഫ്രീദി ഫൈനലില്‍ കാണാമെന്ന് മറുപടി നല്‍കിയത്.

ദുബായ്: ഇന്ത്യാ-പാകിസ്ഥാന്‍ പോരാട്ടങ്ങൾക്ക് മത്സരവീര്യമില്ലെന്ന ഇന്ത്യൻ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്‍റെ പരാമര്‍ശത്തിന് മറുപടിയുമായി പാകിസ്ഥാന്‍ പേസര്‍ ഷഹീൻ അഫ്രീദി. ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പാക് മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മറുപടി നല്‍കുമ്പോഴാണ് സൂര്യ പാകിസ്ഥാനുമായുള്ള മത്സരത്തെ ചിരവൈരികളുടെ പോരാട്ടമെന്ന് വിശേഷിപ്പിക്കരുതെന്ന് പറഞ്ഞത്.

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ കളി നിലവാരത്തിലെ അന്തരം കൂടുന്നതിനെക്കുറിച്ചായിരുന്നു പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യം. ഇതിന് മറുപടി നല്‍കിയ സൂര്യകുമാര്‍ ചിരിച്ചുകൊണ്ട് പറഞ്ഞത്, സാര്‍ എനിക്ക് നിങ്ങളോട് പറയാനുള്ളത്, ഇനിയെങ്കിലും ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങളെ ചിരവൈരികളുടെ പോരാട്ടമെന്ന് വിശേഷിപ്പിക്കരുതെന്നാണ് എന്നയായിരുന്നു. എന്നാല്‍ താന്‍ ഉദ്ദേശിച്ചത് രണ്ട് ടീമുകളും തമ്മിലുള്ള കളി നിലിവരാത്തിലെ അന്തരത്തെക്കുറിച്ചാണെന്നും പരമ്പരാഗത വൈരത്തെക്കുറിച്ചല്ലെന്നും മാധ്യമപ്രവര്‍ത്തകന്‍റെ വിശദീകരണത്തിനും സൂര്യ മറുപടി നല്‍കി.പോരാട്ടവും നിലവാരവും എല്ലാം ഒരുപോലെ തന്നെ. ഇരുടീമുകളും തമ്മിലുളള പോരാട്ടത്തെക്കുറിച്ചാണെങ്കില്‍ ഇതുവരെ കളിച്ച 15 മത്സരങ്ങളില്‍ 7-7 അല്ലെങ്കില്‍ 8-7 ഒക്കെ ആണെങ്കിൽ അല്ലെ അതിനെ പോരാട്ടമെന്നൊക്കെ പറയാനാവു. ഇവിടെ 13-1(12-3) എന്തോ ആണ് പരസ്പരം മത്സരിച്ചപ്പോഴത്തെ കണക്കുകള്‍. അതുകൊണ്ട് തന്നെ ഇരു ടീമും തമ്മില്‍ ഇവിടെ മത്സരമുണ്ടെന്ന് പോലും പറയാനാവില്ലെന്നും സൂര്യകുമാര്‍ പറഞ്ഞിരുന്നു.

വ്യാഴാഴ്ച ബംഗ്ലാദേശിനെതിരെ നടക്കുന്ന സൂപ്പര്‍ ഫോറിലെ നിര്‍ണായക മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സൂര്യകുമാറിന്‍റെ പരാമര്‍ശത്തിന് ഷഹീന്‍ അഫ്രീദി ഫൈനലില്‍ കാണാമെന്ന് മറുപടി നല്‍കിയത്. സൂര്യകുമര്‍ യാദവ് എന്തുവേണമെങ്കിലും പറഞ്ഞോട്ടെ, അദ്ദേഹത്തിന് തന്‍റേതായ കാഴ്ചപ്പാടുണ്ടാകും. നിലവില്‍ ഞങ്ങളോ അവരോ ഫൈനലിലെത്തിയിട്ടില്ല. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ വീണ്ടും കാണുകയാണെങ്കില്‍ അപ്പോള്‍ അറിയാം എന്താണുള്ളത്, എന്താണില്ലാത്തത് എന്ന്, അതുവരെ കാത്തിരിക്കു. ഏഷ്യാ കപ്പില‍ കിരീടം നേടാനായാണ് ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത്. അതിനായി ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കുമെന്നും അഫ്രീദി പറഞ്ഞു.

ഏഷ്യാ കപ്പില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ വീഴ്ത്തിയാല്‍ ഇന്ത്യക്ക് ഫൈനലുറപ്പിക്കാം. സൂപ്പര്‍ ഫോരിലെ രണ്ട് മത്സരങ്ങള്‍ തോറ്റ ശ്രീലങ്ക ഫൈനലിലെത്താതെ പുറത്തായി കഴിഞ്ഞു. നാളെ നടക്കുന്ന പാകിസ്ഥാൻ-ബംഗ്ലാദേശ് പോരാട്ടത്തില്‍ ജയിക്കുന്നവര്‍ക്കും ഫൈനലുറപ്പിക്കാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക