ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കും എളുപ്പമാവില്ലെന്ന് മുൻ ഓസീസ് താരം ഷെയ്ന്‍ വാട്‌സണ്‍ മുന്നറിയിപ്പ് നൽകി.

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കും എളുപ്പമാവില്ലെന്ന് മുന്‍ ഓസീസ് താരം ഷെയ്ന്‍ വാട്‌സണ്‍. ഇതുവരെ നേരിടാത്ത ഏറ്റവും വലിയ വെല്ലുവിളികളില്‍ നേരിടേണ്ടി വരുമെന്നാണ് വാടസണ്‍ പറയുന്നത്. പ്രത്യേകിച്ച് നീണ്ട ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ശേഷം. ടി20 - ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച രോഹിതും കോലിയും ഈ വര്‍ഷം ആദ്യം ചാമ്പ്യന്‍സ് ട്രോഫി വിജയത്തിനു ശേഷമാണ് ഇന്ത്യയുടെ അണിയാന്‍ ഒരുങ്ങുന്നത്.

ഈ മാസം 19നാണ് ഓസീസിനെതിരെ മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഏകദിന പരമ്പര ആരംഭിക്കുന്നത്. ഇരുവരുടേയും തിരിച്ചുവരവിനെ കുറിച്ച് വാട്‌സണ്‍ പറയുന്നതിങ്ങനെ... ''ഇത്രയും നീണ്ട ഇടവേളയ്ക്ക് ശേഷം മികച്ച പ്രകടനം കാഴ്ചവയ്ക്കുക എന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍മാരുള്ള ഓസ്ട്രേലിയ പോലുള്ള ഒരു ടീമിനെ നേരിടുമ്പോള്‍. താളം കണ്ടെത്താന്‍ അവര്‍ക്ക് കുറച്ച് സമയമെടുത്തേക്കാം. എങ്കിലും ഇരുവരും ലോകോത്തര നിലവാരമുള്ള താരങ്ങളാണ്. ഒഴുക്കിലേക്ക് തിരിച്ചെത്താന്‍ അധികനാളെടുക്കില്ലെന്നും വിശ്വസിക്കാം.'' വാട്‌സണ്‍ പറഞ്ഞു.

അദ്ദേഹം തുടര്‍ന്നു... ''ഇത് രോഹിത്തിന്റെയും വിരാടിന്റെയും അവസാനത്തെ ഓസീസ് പര്യടനമായിരിക്കാം. ഓസ്ട്രേലിയന്‍ കാണികള്‍ അവരെ എത്രമാത്രം ബഹുമാനിക്കുന്നു എന്ന് കാണിക്കാന്‍ ഈ അവസരം ഉപയോഗിക്കുമെന്ന് ഞാന്‍ കരുതുന്നു. വര്‍ഷങ്ങളായി ഓസ്ട്രേലിയയുടെ ഏറ്റവും കടുത്ത എതിരാളികളില്‍ ഒരാളാണ് കോലി. എപ്പോഴും ഞങ്ങള്‍ക്കെതിരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. അദ്ദേഹത്തിന്റെ മഹത്വത്തോട് വളരെയധികം ബഹുമാനമുണ്ട്. രോഹിത്തിനോടും ഇതേ ബഹുമാനമാണുള്ളത്. മികച്ച ക്യാപ്റ്റനും ബാറ്ററുമാണ് രോഹിത്.'' വാട്‌സണ്‍ കൂട്ടിചേര്‍ത്തു.

ഇന്ത്യ തലമുറ മാറ്റത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. രോഹിത് ശര്‍മ്മയ്ക്ക് പകരക്കാരനായി ശുഭ്മാന്‍ ഗില്‍ പുതിയ ക്യാപ്റ്റനായി നിയമിതനായി. പരമ്പരയ്ക്കുള്ള 15 അംഗ ടീമില്‍ കോലിക്കൊപ്പം സ്‌പെഷ്യലിസ്റ്റ് ബാറ്ററായി രോഹിത് തിരിച്ചെത്തുന്നു. രണ്ട് വെറ്ററന്‍മാരും അവരുടെ കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍, ഇത് അവരുടെ അവസാന ഓസ്ട്രേലിയന്‍ പര്യടനമായിരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. കോലിയും രോഹിതും ഫിറ്റ്നസില്‍ ഒരുപാട് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. വരാനിരിക്കുന്ന പരമ്പരകള്‍ക്ക് മാത്രമല്ല, 2027 ലെ ലോകകപ്പില്‍ ഇന്ത്യയ്ക്കായി കളിക്കുകയാണ് ഇരുവരുടേയും ലക്ഷ്യം.

YouTube video player