മുന്‍ ഇന്ത്യൻ നായകന്‍ സൗരവ് ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍റെ പ്രസിഡന്‍റായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് വര്‍ഷത്തെ കൂളിംഗ് ഓഫ് പീരിയഡിന് ശേഷമാണ് ഗാംഗുലി വീണ്ടും ക്രിക്കറ്റ് ഭരണരംഗത്തേക്ക് തിരിച്ചെത്തുന്നത്.
കൊല്‍ക്കത്ത: മുന്‍ ഇന്ത്യൻ നായകന്‍ സൗരവ് ഗാംഗുലി വീണ്ടും ക്രിക്കറ്റ് ഭരണരംഗത്തേക്ക്. മൂന്ന് വര്‍ഷത്തെ കൂളിംഗ് ഓഫ് പീരിയഡിന് ശേഷം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍റെ പ്രസിഡന്‍റായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇന്നാണ് ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. മുന്‍ ബിസിസിഐ പ്രസിഡന്‍റ് കൂടിയായ ഗാംഗുലി മൂത്ത സഹോദരന്‍ സ്നേഹാശിഷ് ഗാംഗുലിയുടെ പകരക്കാരനായാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റാവുന്നത്.
2015 മുതല്‍ 2019വരെയും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായിരുന്ന ഗാംഗുലി പിന്നീട് ബിസിസിഐ പ്രസിഡന്‍റായതോടയാണ് സ്ഥാനമൊഴിഞ്ഞത്. ബബ്‌ലു കോലെയാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി. ക്രിക്കറ്റ് ഭരണരംഗത്തു നിന്ന മാറിനിന്ന കാലയളവില്‍ കോച്ചിംഗ് കരിയറിലേക്കും ഗാംഗുലി കടന്നിരുന്നു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ മെന്‍ററായ ഗാംഗുലി അടുത്തിടെ ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ പ്രിട്ടോറിയ ക്യാപിറ്റല്‍സിന്‍റെ മുഖ്യപരിശീലകനായും ചുമതലയേറ്റിരുന്നു. ദക്ഷിണാഫ്രിക്കന്‍ ട20 ലീഗ് താരലേലത്തില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു.
പരിശീലകന്‍റെ റോളിലും ഗാംഗുലി
മുന്‍ ഇന്ത്യൻ നായകന്‍ കൂടിയായ സൗരവ് ഗാഗുലി ഇന്ത്യൻ പരിശീലകനാവാനുള്ള തന്‍റെ ആഗ്രഹവും തുറന്നു പറഞ്ഞിരുന്നു. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായതോടെ ഈ മാസം 28ന് നടക്കുന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗത്തില്‍ ഗാംഗുലിയും പങ്കെടുക്കുമെന്നുറപ്പായി. ബിസിസിഐയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനാണ് വാര്‍ഷിക പൊതുയോഗം ചേരുന്നത്. 70 വയസ് പ്രായപരിധി പിന്നിട്ടതിനെത്തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ പ്രസിഡന്‍റ് റോജര്‍ ബിന്നിയുടെ പകരക്കാരനായി ആരെത്തുമെന്നതിലാണ് ആകാംക്ഷ. ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരും ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നെങ്കിലും സച്ചിന്‍റെ മാനേജ്മന്‍റ് ടീം ഇത് നിഷേധിച്ചിരുന്നു.


