രണ്ട് കളിയിൽ പൂജ്യത്തിന് പുറത്തായാൽ വിരമിക്കുന്ന ആളല്ല കോലിയെന്നും, 2027 ലോകകപ്പ് കളിക്കണമെന്നും ഗവാസ്കർ ഉപദേശിച്ചു. കോലിയുടെ ഫോമിൽ ഓസ്‌ട്രേലിയക്കാർ പോലും നിരാശരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിഡ്‌നി: ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പര നഷ്ടപ്പെട്ട ഇന്ത്യ നാളെ മൂന്നാം ഏകദിനത്തിന് ഇറങ്ങുകയാണ്. ഇന്ത്യന്‍ സമയം രാവിലെ ഒമ്പത് മണിക്ക് സിഡ്‌നിയിലാണ് മത്സരം. പെര്‍ത്തില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. അഡ്‌ലെയ്ഡില്‍ രണ്ടാം ഏകദിനത്തില്‍ രണ്ട് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. നാളെ ആശ്വാസജയം തേടിയിറങ്ങുമ്പോള്‍ വിരാട് കോലിയുടെ ഫോമാണ് ഇന്ത്യയുടെ പ്രധാന ആശങ്ക. ആദ്യ രണ്ട് ഏകദിനങ്ങളിലും കോലി പൂജ്യത്തിന് പുറത്തായിരുന്നു.

സിഡ്‌നിയിലെ മത്സരത്തോടെ കോലി വിരമിക്കുമെന്നുള്ള വാര്‍ത്തകള്‍ പരന്നിരുന്നു. ഇപ്പോള്‍ അതിനോട് പ്രതികരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. അദ്ദേഹത്തിന്റെ വാക്കുകള്‍... ''രണ്ട് തവണ പൂജ്യത്തിന് ശേഷം ഉപേക്ഷിക്കുന്ന തരത്തിലുള്ള കളിക്കാരനല്ല കോലി. സിഡ്നിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് തയ്യാറെടുക്കുക. തുടര്‍ന്ന് രോഹിത്തിനൊപ്പം 2027 ലെ ലോകകപ്പ് കളിക്കുക.'' ഗവാസ്‌കര്‍ പറഞ്ഞു.

കോലിയുടെ ഫോമിനെ കുറിച്ചും ഗവാസ്‌കര്‍ സംസാരിച്ചു... ''കോലിയുടെ ഫോമില്‍ ഓസ്ട്രേലിയക്കാര്‍ പോലും നിരാശരാണെന്ന് തോന്നുന്നു. കോലിയില്‍ നിന്ന് വലിയ സ്‌കോര്‍ കാണാന്‍ അവര്‍ക്ക് കഴിയുന്നില്ല. കോലി ആരാധകരോട് നന്ദി പറഞ്ഞാണ് കളം വിട്ടത്. അതൊരിക്കലും വിരമിക്കല്‍ സന്ദേശമല്ലെന്ന് ഞാന്‍ കരുതുന്നു. അതിനപ്പുറം വായിക്കരതുത്.'' ഗവാസ്‌കര്‍ കൂട്ടിചേര്‍ത്തു. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ വിരാട് കോലി എത്രയും പെട്ടന്ന് ഫോമിലേക്ക് തിരിച്ചെത്തണെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രിയും വ്യക്തമാക്കിയിരുന്നു.

മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: ശുഭ്മാല്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍ / കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ / ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്.

YouTube video player