ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് ശേഷം വിരാട് കോലി മനസ്സ് തുറക്കുന്നു. കഴിഞ്ഞ 2-3 വർഷമായി തനിക്ക് ഇത്തരത്തിൽ കളിക്കാൻ സാധിച്ചിരുന്നില്ലെന്നും, ആത്മവിശ്വാസം വീണ്ടെടുത്തതായും കോലി പറഞ്ഞു.

വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരെ ആദ്യ രണ്ട് ഏകദിനത്തിലും നിരാശപ്പെടുത്തിയ വിരാട് കോലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പ്ലെയര്‍ ഓഫ് ദ സീരീസുമായിട്ടാണ് മടങ്ങുന്നത് മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ചുറി ഉള്‍പ്പെടെ അടിച്ചെടുത്തത് 302 റണ്‍സ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദ സീരീസ് പുരസ്‌കാരം ഏറ്റുവാങ്ങുന്ന താരമാകാന്‍ കോലിക്ക് സാധിച്ചിരുന്നു. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പിന്തള്ളാന്‍ കോലിക്ക് സാധിച്ചു. കോലിക്ക് നിലവില്‍ 20 പുരസ്‌കാരങ്ങളാണുള്ളത്. ക്രിക്കറ്റ് ഇതിഹാസം 19 പുരസ്‌കാരങ്ങളുമായി രണ്ടാം സ്ഥാനത്ത്. ബംഗ്ലാദേശിന്റെ ഷാകിബ് അല്‍ ഹസനാണ് മൂന്നാമത്. 17 തവണ ബംഗ്ലാ ഓള്‍റൗണ്ടര്‍ പ്ലെയര്‍ ഓഫ് ദ സീരീസ് നേടി.

മത്സരശേഷം കോലി പരമ്പരയെ കുറിച്ച് സംസാരിച്ചിരുന്നു. കഴിഞ്ഞ 2-3 വര്‍ഷം ഇത്തരത്തിലൊരു പ്രകടനം നടത്താന്‍ സാധിച്ചില്ലെന്ന് കോലി സമ്മതിച്ചു. കോലിയുടെ വാക്കുകള്‍... ''ഈ പരമ്പരയില്‍ ഞാന്‍ കളിച്ച രീതി എനിക്ക് സംതൃപ്തി നല്‍കുന്നു. കഴിഞ്ഞ 2-3 വര്‍ഷങ്ങളില്‍ എനിക്ക് ഇത്തരത്തിലൊരു പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ ആത്മവിശ്വാസമുണ്ട്. എല്ലാം ഒത്തുചേര്‍ന്നത് പോലെ. മധ്യനിരയില്‍ എനിക്ക് ഇങ്ങനെ ബാറ്റ് ചെയ്യുന്നത് ടീമിനെ വളരെയധികം സഹായിക്കുമെന്ന് എനിക്കറിയാം. സാഹചര്യത്തിനനുസരിച്ച് എനിക്ക് ദീര്‍ഘനേരം ബാറ്റ് ചെയ്യാന്‍ സാധിക്കും. ഒരു താരമെന്ന നിലയില്‍ ഞാന്‍ എപ്പോഴും ശ്രമിച്ചിട്ടുളളത് എന്റെ സ്വന്തം നിലവാരം നിലനിര്‍ത്തുകയെന്നുള്ളതാണ്. ടീമിന് വേണ്ടി ഏതെങ്കിലും തരത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന രീതിയില്‍ കളിക്കാനാണ് എപ്പോഴും ശ്രമിക്കുന്നത്.'' കോലി പറഞ്ഞു.

അദ്ദേഹം തുടര്‍ന്നു... ''മധ്യനിരയിലെ ഏത് സാഹചര്യവും കൈകാര്യം ചെയ്യാന്‍ കഴിയുന്നുണ്ട്. 15-16 വര്‍ഷം കളിക്കുമ്പോള്‍, കഴിവിനെ സംശയിക്കുന്ന നിരവധി ഘട്ടങ്ങള്‍ ഉണ്ടാകും. പ്രത്യേകിച്ച് ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍. ഞാന്‍ മോശം രീതിയിലാണ് കളിക്കുന്നതെന്നുള്ള ചിന്ത പലപ്പോഴൊക്കെ വരാറുണ്ട്. അതൊക്കെ പലപ്പോഴും അസ്വസ്ഥമാക്കും. അതില്‍ നിന്ന് തിരിച്ചുവരാന്‍ സാധിക്കുന്നതാണ് കായികരംഗത്തിന്റെ ഭംഗി. എന്റെ കഴിവില്‍ സംശയം തോന്നിയ ഒരുപാട് ഘട്ടങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ എനിക്ക് ഇപ്പോഴും വലിയ സംഭാവന നല്‍കാന്‍ സാധിക്കുന്നു എന്നതില്‍ സന്തോഷമുണ്ട്.'' കോലി കൂട്ടിചേര്‍ത്തു.

ഏകദിനത്തില്‍ മാത്രം ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദ സീരീസ് നേടുന്ന രണ്ടാമത്തെ താരം കൂടിയാണ് കോലി. ഇക്കാര്യത്തില്‍ 14 പ്ലെയര്‍ ഓഫ് ദ സീരീസ് നേടിയ സച്ചിന്‍ ഒന്നാമത്. 11 എണ്ണം വീതം നേടിയ ജയസൂര്യ, കോലി എന്നിവര്‍ രണ്ടാം സ്ഥാനത്ത്. എട്ടെണ്ണം വീതം നേടിയ മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്‌ലും, മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഷോണ്‍ പൊള്ളോക്കും തൊട്ടടുത്ത സ്ഥാനങ്ങളില്‍.

YouTube video player