രണ്ടര ഏക്കർ ഭൂമിയിൽ ഏകദേശം മൂന്ന് ലക്ഷം രൂപയോളം ചിലവഴിച്ചാണ് കൃഷിയൊരുക്കിയത്.

റായ്ച്ചൂർ:വിളവെടുത്ത് സൂക്ഷിച്ച 37 ക്വിന്റലിന് അധികം മുളകിന് തീയിട്ട് അജ്ഞാതർ. കർണാടകയിലെ മാൻവി താലൂക്കിലെ യഡിവാളയിലാണ് സംഭവം. മൗലപ്പ നായക എന്ന കർഷകൻ കൃഷിയിടത്തിൽ വിളവെടുത്ത് സൂക്ഷിച്ച 37 ക്വിന്റലിലധികം വരുന്ന ഉണക്കമുളകാണ് കത്തിനശിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഏഴ് ലക്ഷം രൂപയിലധികം നഷ്ടമാണ് സംഭവിച്ചത്. രാത്രി എട്ട് മണിയോടെ പാടത്ത് ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് അക്രമികൾ മുളക് കൂനയ്ക്ക് പെട്രോളൊഴിച്ച് തീയിട്ടത്. വിപണിയിൽ കൊണ്ടുപോകാൻ വെച്ചിരുന്ന മുളകാണ് കത്തിപ്പോയതെന്നാണ് മൗലപ്പ നായക പറയുന്നത്. രണ്ടര ഏക്കർ ഭൂമിയിൽ ഏകദേശം മൂന്ന് ലക്ഷം രൂപയോളം ചിലവഴിച്ചാണ് കൃഷിയൊരുക്കിയത്. ഈ മുളക് വിറ്റിരുന്നെങ്കിൽ കുറഞ്ഞത് ഏഴ് ലക്ഷം രൂപയെങ്കിലും കിട്ടുമായിരുന്നുവെന്നും മൗലപ്പ നായക പറയുന്നത്.

Add Asianetnews as a Preferred SourcegooglePreferred

വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയെങ്കിലും മുളക് പൂർണ്ണമായും കത്തിനശിച്ചിരുന്നു. പ്രദേശത്തെ എംഎൽഎയായ ഹംപയ്യ നായകയും താലൂക്ക് അധികൃതരും സ്ഥലം സന്ദർശിച്ച് കർഷകന് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.ഈ പ്രദേശത്ത് സമാനമായ സംഭവം മുമ്പും ഉണ്ടായിട്ടുണ്ട്. ജാഗീർപന്നൂർ ഗ്രാമത്തിൽ ഒരു ചോളക്കൂനയ്ക്കും ഇതേപോലെ സാമൂഹ്യവിരുദ്ധർ പെട്രോളൊഴിച്ച് തീയിട്ടിരുന്നു. ആ കേസിൽ മാൻവി പൊലീസ് അന്വേഷണം തുടങ്ങിയിരുന്നെങ്കിലും ഇതുവരെ ആരെയും പിടികൂടാനായിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം