വരണ്ട് ഉണങ്ങിയ നദിയില്‍ കൂടി ഏറെ നളുകൾക്ക് ശേഷം ഒഴുകി വരുന്ന വെള്ളം. അതിനെ തൊട്ടുവന്ദിച്ച് സ്ത്രീകളും കുട്ടികളും പുരുഷന്മാരും.

റെ ഗൃഹാതുരമായ ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ഏറെ പേരുടെ ശ്രദ്ധനേടി. വരണ്ട മണ്ണിലൂടെ ഒഴുകി വരുന്ന ഒരു വെള്ളച്ചാല്‍ ആയിരുന്നു അത്. ചില സ്ഥലത്ത് പരന്നും മറ്റ് സ്ഥലങ്ങളില്‍ വളരെ നേര്‍ത്തും ആദ്യമായി ഭൂമിയിലൂടെ ഒഴുകി വരുന്ന വെള്ളം. ആ വെള്ളത്തില്‍ കൈ മുക്കി തലയിലും ദേഹത്തും മുഖത്തും തളിക്കുന്ന പ്രായമായ സ്ത്രീകളും പുരുഷന്മാരും. അവര്‍ എന്തിനെയോ വന്ദിച്ച് കൊണ്ടുള്ള പ്രാർത്ഥനാ നിര്‍ഭരമായ ഒരു അവസ്ഥയിലാണെന്ന് കാണാം. സമാന ദൃശ്യത്തിന്‍റെ നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു. ആ വീഡിയോയ്ക്ക് കേരളത്തില്‍പ്പെയുന്ന തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണുമായി ബന്ധമുണ്ട്.

വെള്ളമില്ലാതെ വരണ്ടുണങ്ങിയ തമിഴ്നാട്ടിലെ കാവേരി നദിയാണ് അത്. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിനെ തുടർന്ന് കല്ലാനൈ ഡാമില്‍ വെള്ളം നിറഞ്ഞു. ഇതോടെ ഡാമിന്‍റെ ഷട്ടറുകൾ തമിഴ്നാട് തുറന്നു. കാവേരിയിലിലൂടെ വീണ്ടും ജലമൊഴുകി. ഒരു സംസ്കാരത്തെ നിർണ്ണയിച്ച് നദിയിലൂടെ വീണ്ടും ജലമൊഴുകിയപ്പോൾ, തദ്ദേശവാസികളായവര്‍ തങ്ങളുടെ അമ്മയെ പോലെ കരുതുന്ന കവേരി നദിയിലേക്ക് എത്തി, ജലത്തെ സ്വീകരിക്കുന്നതും വണങ്ങുന്നതുമാണ് നേരത്തെ പറഞ്ഞ വീഡിയോയില്‍ നമ്മൾ കണ്ടത്.

Scroll to load tweet…

കാവേരി തടത്തിലെ കൃഷിയുടെ ഉപയോഗത്തിനായി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് കല്ലാനൈ ഡാമിന്‍റെ ഷട്ടറുകൾ തുറന്നത്. തങ്ങളുടെ കൃഷിയിടം സമ്പന്നമാക്കാനുള്ള ജലവുമായി എത്തിയ കവേരിയെ പൂക്കൾ വിതറിയും തൊട്ട് തലയില്‍വച്ചും ജനങ്ങൾ സ്വീകരിക്കുന്നു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ പ്രതീകം കൂടിയായി വീഡിയോ മാറുന്നു.

"കാവേരി എത്തുമ്പോള്‍, അത് എല്ലാവരുടെയും മനസ് സന്തോഷം കൊണ്ട് നിറയ്ക്കുന്നു ആദ്യ മണ്‍സൂണ്‍ വരുന്നത് പോലെ. ലളിതമായ സമർപ്പണങ്ങളോടും വലിയ പുഞ്ചിരികളോടും കൂടി തങ്ങളിലൊരാളായി അവര്‍ അവളെ സ്വാഗതം ചെയ്യുന്നു. അതുകൊണ്ട് തന്നെ ഈ പ്രളയം നിരീക്ഷിക്കാന്‍ എനിക്ക് താത്പര്യമുണ്ട്. അത് വെള്ളത്തിന്‍റെതല്ല, വികാരത്തിന്‍റെ സംസ്കാരത്തിന്‍റെ ഒത്തൊരുമയുടെ പ്രളയമാണ്.' വീഡിയോ പങ്കുവച്ചവരില്‍ ഒരാളായ നവീന്‍ റെഡ്ഡി തന്‍റെ സമൂഹ മാധ്യമ അക്കൗണ്ടിലെഴുതി. തഞ്ചാവൂരിന്‍റെയും ട്രിച്ചി ജില്ലയുടെയും അതിര്‍ത്തിയില്‍ പണിത കല്ലാനൈ ഡാമം തുറക്കുന്നതോടൊയാണ് 13 ലക്ഷം ഏക്കര്‍ ഭൂമിക്ക് കൃഷിക്ക് ആവശ്യമായ വെള്ളവുമായി കാവേരി നദി വീണ്ടും സജീവമാകുന്നത്.