Asianet News MalayalamAsianet News Malayalam

ആഴ്ചകള്‍ക്ക് മുന്‍പ് കണ്ട നോറയല്ല ഇത്! ഫൈനല്‍ ഫൈവോളം എത്തുമോ ഈ കുതിപ്പ്?

സഹമത്സരാര്‍ഥികളാലും പ്രേക്ഷകരാലും ദുര്‍ബലയായ മത്സരാര്‍ഥിയെന്ന് ആദ്യ വാരങ്ങളില്‍ വിലയിരുത്തപ്പെട്ട നോറ ഇന്ന് സീസണ്‍ 6 ലെ എളുപ്പം ഒഴിവാക്കാനാവാത്ത പേരുകാരിലൊരാളാണ്.

bigg boss malayalam season 6 review norah muskaan profile
Author
First Published Apr 22, 2024, 2:04 PM IST | Last Updated Apr 22, 2024, 2:04 PM IST

പുറംലോകവുമായി ബന്ധമൊന്നുമില്ലാതെ അടച്ചിടപ്പെട്ട ഒരു വലിയ വീട്ടില്‍ ഒരു കൂട്ടം അപരിചിതര്‍ക്കൊപ്പം കഴിയുക. അതും പ്രേക്ഷകരുടെ വോട്ടിംഗിലൂടെ ഓരോ വാരവും എവിക്ഷന്‍ നടക്കുന്ന ഒരു റിയാലിറ്റി ഷോയില്‍. എത്ര പ്ലാന്‍ ചെയ്ത് വന്നാലും അതിനെയൊക്കെ മറികടക്കുന്ന പ്ലാനിംഗ് നടത്തുന്ന ബിഗ് ബോസ്. ഷോ ആഴ്ചകള്‍ മുന്നോട്ട് പോകുന്തോറും വെല്ലുവിളികളെ അതിജീവിച്ച് മത്സരാര്‍ഥികള്‍ മുന്നോട്ടുള്ള വഴി എങ്ങനെ വെട്ടുന്നുവെന്ന കൗതുകമാണ് ബിഗ് ബോസ് ഷോയുടെ യുഎസ്‍പി. അങ്ങനെയെങ്കില്‍ സീസണ്‍ 6 ലെ മത്സരാര്‍ഥികളില്‍ ഏറ്റവും ശ്രദ്ധ നേടിയ ഒരാളാണ് നോറ മുസ്കാന്‍. സഹമത്സരാര്‍ഥികളാലും പ്രേക്ഷകരാലും ദുര്‍ബലയായ മത്സരാര്‍ഥിയെന്ന് ആദ്യ വാരങ്ങളില്‍ വിലയിരുത്തപ്പെട്ട നോറ ഇന്ന് സീസണ്‍ 6 ലെ എളുപ്പം ഒഴിവാക്കാനാവാത്ത പേരുകാരിലൊരാളാണ്. ആ നിലയിലേക്ക് നോറ എത്തിയ വഴികള്‍ ഏതൊക്കെയെന്ന് നോക്കാം.

വീക്ക് പ്ലെയര്‍ ഓഫ് ദി സീസണ്‍?

ബിഗ് ബോസ് പോലെ ഒരു റിയാലിറ്റി ഷോയില്‍ മുന്നേറാന്‍ ഒരു മത്സരാര്‍ഥിക്ക് പ്രാഥമികമായി വേണ്ടത് സ്ക്രീന്‍ സ്പേസ് ആണ്. പ്രേക്ഷകരില്‍ പോസിറ്റീവ് അഭിപ്രായമായാലും നെഗറ്റീവ് അഭിപ്രായമായാലും അത് ഉണ്ടാക്കണമെങ്കില്‍, അവരുമായി നിരന്തരം കണക്റ്റ് ചെയ്യാന്‍ സ്ക്രീന്‍ സ്പേസ് വേണം. 19 മത്സരാര്‍ഥികളും നൂറോളം ക്യാമറകളും 24 മണിക്കൂര്‍ സ്ട്രീമിംഗുമുള്ള ഷോയില്‍ അത് നേടണമെങ്കില്‍ മത്സരാര്‍ഥികള്‍ക്ക് മുന്നില്‍ മുന്‍മാതൃകകള്‍ പലതുണ്ട്. അതിലൊന്നാണ് വിക്റ്റിം കാര്‍ഡ്. മറ്റുള്ളവരാല്‍ എപ്പോഴും അറ്റാക്ക് ചെയ്യപ്പെടുന്ന, എളുപ്പം ഇരയാക്കപ്പെടുന്ന, വൈകാരികമായി എളുപ്പം തകരുന്ന ചില മത്സരാര്‍ഥികള്‍ മുന്‍ സീസണുകളില്‍ വോട്ടിംഗില്‍ ഏറെ മുന്നോട്ട് പോയിട്ടുണ്ട്. ഈ സീസണിലെ അത്തരത്തിലുള്ള മത്സരാര്‍ഥി ആയേക്കാം എന്ന തോന്നല്‍ ഉളവാക്കിക്കൊണ്ടായിരുന്നു നോറയുടെ തുടക്കം. എന്നാല്‍ അതില്‍ നിന്ന് മാറി, ആദ്യം വില കുറച്ച് കണ്ടവരും പ്രധാനപ്പെട്ട എതിരാളിയായി കാണുന്ന നിലയിലേക്ക് ഷോ ഏഴാം വാരത്തിലേക്ക് എത്തിയപ്പോള്‍ പ്രതിച്ഛായ മാറ്റാനായി എന്നതാണ് നോറയുടെ വിജയം. 

bigg boss malayalam season 6 review norah muskaan profile

 

ജാസ്മിന്‍- ഗബ്രി എഫക്റ്റ്

സീസണ്‍ 6 ല്‍ എപ്പോഴും ചര്‍ച്ചയുടെ കേന്ദ്ര സ്ഥാനത്ത് ഉണ്ടായിരുന്ന ഒന്നാണ് ജാസ്മിന്‍- ഗബ്രി കോമ്പോ. ടീമായി കളിക്കുന്നുവെന്നും ലവ് സ്ട്രാറ്റജി പരീക്ഷിക്കുന്നുവെന്നുമൊക്കെ ബിഗ് ബോസിലും പുറത്തും എപ്പോഴും ആരോപണം നേരിട്ടിരുന്നവര്‍. നോറ സീസണ്‍ 6 ല്‍ തന്‍റെ സ്ഥാനം ഉറപ്പിച്ചതില്‍ ജാസ്മിനും ഗബ്രിക്കും നേരിട്ടല്ലാതെ പങ്കുണ്ട്. ബിഗ് ബോസ് ഹൗസില്‍ വന്നപ്പോള്‍ നോറ ആദ്യം സുഹൃത്താക്കാന്‍ നോക്കിയ ആളായിരുന്നു ജാസ്മിന്‍. എന്നാല്‍ ഇമോഷണലി വീക്ക് എന്ന് തോന്നിയ നോറയ്ക്ക് വിലയൊന്നും കൊടുക്കാത്ത, അവരെ പലപ്പോഴും പ്രകോപിപ്പിക്കാനും വാദിച്ചുജയിക്കാനും ശ്രമിക്കുന്ന ജാസ്മിനെയാണ് ആദ്യവാരങ്ങളില്‍ കണ്ടത്. ഫലം, ആ സൗഹൃദം അധികനാള്‍ നീണ്ടുനിന്നില്ലെന്ന് മാത്രമല്ല, അത് ശത്രുതയ്ക്ക് വഴിമാറുകയും ചെയ്തു. താന്‍ വൈകാരികമായി ദുര്‍ബലയായ ഒരാളാണെന്ന തോന്നല്‍ സഹമത്സരാര്‍ഥികളിലേക്കും പ്രേക്ഷകരിലേക്കും പകര്‍ന്നത് ജാസ്മിനാണെന്ന് നോറ കഴിഞ്ഞ ദിവസം കൂടി പറഞ്ഞിരുന്നു. അത് സത്യമാണ് താനും. ഈ തോന്നലിനാല്‍ത്തന്നെ ആദ്യ വാരങ്ങളില്‍ ജാസ്മിനും ഗബ്രിയും മാത്രമല്ല പൊതുവില്‍ മിക്കവാറും മത്സരാര്‍ഥികളൊക്കെയും നോറയെ കണ്ടിരുന്നത് ഒരു സോഫ്റ്റ് ടാര്‍ഗറ്റ് ആയാണ്. എന്നാല്‍ അതിന്‍റെ ആത്യന്തികമായ ഗുണം ലഭിച്ചത് നോറയ്ക്കാണ്.

എന്നും സ്ക്രീനില്‍

ആദ്യ വാരങ്ങളില്‍ മറ്റ് മത്സരാര്‍ഥികളുടെ സ്ഥിരം വേട്ടമൃഗമായിരുന്നെങ്കിലും സ്ക്രീന്‍ സ്പേസ് യഥേഷ്ടം ലഭിച്ചു എന്നത് നോറയ്ക്ക് അതില്‍നിന്ന് ലഭിച്ച പോസിറ്റീവ് ആയിരുന്നു. വീക്ക് മത്സരാര്‍ഥിയെന്ന തോന്നലില്‍ നിന്ന് പതിയെയാണ് ആ ഇമേജ് നോറ മാറ്റിയെടുത്തത്. അതിന് അവര്‍ക്ക് തുണയായത് സ്വന്തം അഭിപ്രായവും അഭിപ്രായവ്യത്യാസവുമൊക്കെ ആരുടെ മുഖത്ത് നോക്കിയും പറയാനുള്ള തന്‍റേടമാണ്. ജിന്‍റോയെയും ഗബ്രിയെയും സ്പോട്ട് എവിക്റ്റ് ചെയ്യുന്നുവെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ച സമയത്ത് അവര്‍ തിരിച്ചുവരരുതെന്ന് അഭിപ്രായമുള്ളവര്‍ കൈ പൊക്കാന്‍ പറഞ്ഞ സമയത്ത് ഹൗസില്‍ ഉയര്‍ന്ന ഒരേയൊരു കൈ നോറയുടേത് ആയിരുന്നു. ഒപ്പം കൂട്ട ആക്രമണം നേരിടുമ്പോഴും ഏതെങ്കിലും വ്യക്തികളുടെയോ ഗ്രൂപ്പുകളുടെയോ ഒപ്പം നിന്ന് പിന്തുണ നേടാന്‍ ശ്രമിക്കാതിരുന്നതും നോറയ്ക്ക് പോസിറ്റീവ് ആയി. വൈല്‍ഡ് കാര്‍ഡുകള്‍ വരുന്നതിന് മുന്‍പ് നോറ സൗഹൃദം പുലര്‍ത്തിയിരുന്ന ഒരേയൊരാള്‍, അഥവാ തന്‍റെ ബുദ്ധിമുട്ടുകള്‍ തുറന്ന് പറയാന്‍ ശ്രമിച്ചിരുന്ന ഒരേയൊരാള്‍ റസ്മിന്‍ ആയിരുന്നു. വൈല്‍ഡ് കാര്‍ഡുകള്‍ വന്നതിന് ശേഷം അക്കൂട്ടത്തിലെ നന്ദനയോടും നോറ അടുപ്പമുണ്ടാക്കി. ഈ രണ്ട് സൗഹൃദങ്ങളും ഗെയിമര്‍ എന്ന നിലയില്‍ തന്‍റെ നേട്ടത്തിനുവേണ്ടി നോറ ഉപയോഗിച്ചിട്ടില്ല. 

bigg boss malayalam season 6 review norah muskaan profile

 

ഓര്‍മ്മകള്‍ ഉണ്ടായിരിക്കും!

ബിഗ് ബോസ് ഷോയില്‍ ഒരു മത്സരാര്‍ഥിക്ക് മുന്നോട്ട് പോകാന്‍ വേണ്ട ഒരു പ്രധാന ഇന്ധനം കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനുള്ള കഴിവാണ്. കാരണം മത്സരാര്‍ഥിയെന്ന നിലയില്‍ തന്നെ ബാധിച്ച പല കാര്യങ്ങളും മറന്നുപോകാതിരുന്നാല്‍ മാത്രമേ അത് മുന്നോട്ട് പോകവെ അവശ്യസമയത്ത് എടുത്ത് പ്രയോഗിക്കാനാവൂ. കാര്യങ്ങള്‍ ഓര്‍ത്തിരുന്നാല്‍ മാത്രം പോര, അത് കൃത്യമായ വാക്കുകളില്‍ അവതരിപ്പിക്കാനും കഴിവ് വേണം. ഈ രണ്ട് കഴിവുകളും ഒത്തിണങ്ങിയ മത്സരാര്‍ഥിയാണ് നോറ. മറവിയുടെ പ്രശ്നമില്ലാത്തതിനാല്‍ ഒരേ കാര്യത്തിന് രണ്ട് അഭിപ്രായം പറഞ്ഞ് ഡബിള്‍ സ്റ്റാന്‍ഡ് ആരോപണം നേരിടാത്ത മത്സരാര്‍ഥി കൂടിയാണ് നോറ. ആറാം വാരത്തില്‍ ജയില്‍ശിക്ഷ അനുഭവിക്കവെ ഒപ്പമുണ്ടായിരുന്ന ജാസ്മിനോട് നോറ സംസാരിച്ചത് ആദ്യ വാരങ്ങളില്‍ തനിക്ക് ലഭിച്ച ഇമോഷണലി വീക്ക് ടാഗിന് ജാസ്മിന്‍ എങ്ങനെ കാരണക്കാരിയായി എന്നാണ്. കാര്യങ്ങളെക്കുറിച്ച് അഭിപ്രായമുള്ള, അഭിപ്രായസ്ഥിരതയുള്ള മത്സരാര്‍ഥിയെന്ന പ്രതിച്ഛായ പ്രേക്ഷകരില്‍ ഉയര്‍ത്താന്‍ ഇതെല്ലാം ഇടയാക്കിയിട്ടുണ്ട്. 

നാണയത്തിന്‍റെ മറുവശം

ഇമോഷണലി വീക്ക് എന്ന പ്രതിച്ഛായയെ മറികടക്കാന്‍ നോറയുടെ ഭാഗത്തുനിന്ന് ആത്മാര്‍ഥമായ ശ്രമമുണ്ടായി. അതിലവര്‍ വിജയിക്കുകയും ചെയ്തു. അപ്പോഴും അവര്‍ കാര്യങ്ങളെ വ്യക്തിപരമായും വൈകാരികമായും എടുക്കുന്ന മത്സരാര്‍ഥിയാണ്. നോറയുടെ ഇതുവരെയുള്ള കുതിപ്പില്‍ ആ സ്വഭാവവിശേഷത്തിന് പങ്കുണ്ട്. അതേസമയം അതിന് ഒരു മറുവശം കൂടിയുണ്ട്. ആവശ്യത്തിനും അനാവശ്യത്തിനും വാദമുഖങ്ങള്‍ നിരത്തുന്ന ആളാണ് നോറയെന്ന് സഹമത്സരാര്‍ഥികളില്‍ പലര്‍ക്കും അഭിപ്രായമുണ്ട്. അങ്ങനെ കരുതുന്ന പ്രേക്ഷകരുമുണ്ട്. സ്ക്രീന്‍ സ്പേസിന് നോറയെ ഇതുവരെ ഏറ്റവുമധികം സഹായിച്ചത് അതാണെങ്കിലും ഷോ രണ്ടാം പകുതിയിലേക്ക് കടക്കുന്ന ഇനിയുള്ള സമയത്ത് പ്രതികരണങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തിയില്ലെങ്കില്‍ അത് തിരിച്ചടിയാവും. കാരണം കൈയില്‍ നിന്ന് പോകുന്ന ഒരു വാക്കോ പ്രവര്‍ത്തിയോ മതിയാവും ഫൈനല്‍ 5 ലക്ഷ്യമാക്കി കളി മുറുകുന്ന അന്തിമ ലാപ്പില്‍ പ്രതിച്ഛായ മാറ്റാന്‍. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Norah🤍 (@norah_muskaan)

 

ഫൈനല്‍ 5 ല്‍ എത്തുമോ?

ഇക്കഴിഞ്ഞ വാരാന്ത്യ എപ്പിസോഡുകള്‍ കൂടി കഴിഞ്ഞപ്പോള്‍ ആത്മവിശ്വാസത്തിന്‍റെ തലപ്പത്താണ് നോറ. ഷോയിലെ തന്‍റെ വിലയിരുത്തലുകള്‍ പലതും ശരിയാണെന്ന് നോറയ്ക്ക് തോന്നലുണ്ടാക്കുന്ന പല കാര്യങ്ങളും ഈ ശനി, ഞായര്‍ എപ്പിസോഡുകളില്‍ ഉണ്ടായി. ഒപ്പം നോറയുടെ പ്രധാന എതിരാളിയായിരുന്ന ജാന്‍മോണി ഷോയില്‍ നിന്ന് പുറത്താവുകയും ചെയ്തു. ഹൗസില്‍ പൊതുവെയും വാരാന്ത്യ എപ്പിസോഡുകളില്‍ മോഹന്‍ലാലിന് മുന്നില്‍ പതിവിലും ക്ലാരിറ്റിയോടെയും മൂര്‍ച്ചയോടെയും വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നുണ്ട് ഇപ്പോള്‍ നോറയ്ക്ക്. ഒപ്പം ആരുടെയും സ്വാധീനമോ പിന്തുണയോ ഇല്ലാതെ ആറ് വാരങ്ങള്‍ വിജയിച്ച് വന്നതിന്‍റെ ആത്മവിശ്വാസവും. വൈല്‍ഡ് കാര്‍ഡുകള്‍ വന്നതിന് ശേഷം മിക്കപ്പോഴും വിഷാദഭാവത്തോടെയിരിക്കുന്നത് മാറ്റി എനര്‍ജി ലെവലില്‍ കാര്യമായ മാറ്റം വന്ന നോറയെയാണ് കാണുന്നത്. നോറയെ സംബന്ധിച്ച് ഒരു തരത്തില്‍ നേരിട്ടിരുന്ന ഒറ്റപ്പെടലില്‍ നിന്നുള്ള മോചനം കൂടിയായിരുന്നു വൈല്‍ഡ് കാര്‍ഡുകളുടെ കടന്നുവരവ്. എന്നാല്‍ സിബിന്‍ VS ജാസ്മിന്‍ എന്ന രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ബിഗ് ബോസില്‍ വരും വാരങ്ങള്‍ എത്തരത്തിലുള്ളതായിരിക്കുമെന്ന് ഇപ്പോള്‍ പ്രവചിക്കുക അസാധ്യമാണ്. ഏത് സാഹചര്യത്തോടും വേഗത്തില്‍ പ്രതികരിക്കാനുള്ള ശേഷി നോറ ഇതിനോടകം ആര്‍ജിച്ചിട്ടുണ്ട്. അത് ഫലപ്രദമായി വിനിയോഗിക്കാനായാല്‍ ഫൈനല്‍ 5 ബര്‍ത്തിലേക്കുള്ള ശക്തമായ സാന്നിധ്യമാണ് ഈ മത്സരാര്‍ഥിയെന്ന് ഉറപ്പാണ്.

ബിഗ് ബോസ് സീസണ്‍ 6 റിവ്യൂസ് വായിക്കാം

9 പേരുള്ള എലിമിനേഷന്‍ ലിസ്റ്റ്; ഈ വാരം ആരൊക്കെ പുറത്താവും?

ജിന്‍റോയുടെ 'പവര്‍' കുറയ്ക്കുമോ അര്‍ജുന്‍? എന്നെത്തും സീസണിലെ ആദ്യ വൈല്‍ഡ് കാര്‍ഡ്?

റോക്കിയുടെ അപ്രതീക്ഷിത എക്സിറ്റ്; ഇനി നേട്ടമുണ്ടാക്കുന്ന മത്സരാര്‍ഥികള്‍ ആരൊക്കെ?

കളിക്കാന്‍ മറന്ന കോമണര്‍, ബി​ഗ് ബോസിലെ അഭിനയം വഴങ്ങാത്ത നടന്‍

'എന്തിനോ വേണ്ടി തിളച്ചു', ട്രാക്ക് മാറ്റി ബിഗ് ബോസിലെ നിഷ്‍കളങ്കന്‍; എന്‍റർടെയ്‍ൻമെന്‍റ് പാക്കേജ് ആയി ജിന്‍റോ

പ്രതീക്ഷ നല്‍കി, കത്തിക്കയറി, ഇമോഷണലായി; ബി​ഗ് ബോസിൽ ഋഷിക്ക് സംഭവിക്കുന്നത് എന്ത്?

കളി മാറ്റാന്‍ വന്നയാള്‍ പുറത്ത്! ബിഗ് ബോസില്‍ ഇനി ശ്രദ്ധിക്കേണ്ടത് ഇവരെ

എവിടെ തിരിഞ്ഞാലും രതീഷ് കുമാര്‍! സീസണ്‍ 6 ലെ കുമ്പിടിയാവുമോ ഈ ടെലിവിഷന്‍ അവതാരകന്‍?

Latest Videos
Follow Us:
Download App:
  • android
  • ios