വിസ്‍മയയുടെ അരങ്ങേറ്റ ചിത്രമായ തുടക്കത്തിന്‍റെ റിലീസ് വെള്ളിയാഴ്ചയാണ്

വിസ്മയ മോഹന്‍ലാലിന്‍റെ അഭിനയ അരങ്ങേറ്റ ചിത്രമായ തുടക്കത്തിന്‍റെ റിലീസ് വെള്ളിയാഴ്ചയാണ്. ജൂഡ് ആന്തണി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ സിനിമ കണ്ടതിന് ശേഷം വിസ്മയയുടെ അമ്മ സുചിത്ര മോഹന്‍ലാല്‍ നല്‍കിയ സമ്മാനത്തിന്‍റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് ജൂഡ് ആന്തണി. സ്വിസ് ആഡംബര വാച്ച് നിര്‍മ്മാതാക്കളായ ബൗം ആന്‍ഡ് മെര്‍സിയറിന്‍റെ വാച്ച് ആണ് സുചിത്ര ജൂഡിന് സമ്മാനിച്ചത്. ചിത്രം പങ്കുവച്ചതിന് പിന്നാലെ ഇതിന്‍റെ വില സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. തനിക്ക് എത്രത്തോളം മൂല്യവത്തായ സമ്മാനമാണ് ഇതെന്നും ജൂഡ് പറയുന്നുണ്ട്.

ജൂഡ് ആന്തണിയുടെ പോസ്റ്റ് ഇങ്ങനെ- “ലോകത്തിന് അവര്‍ അമ്മയും മകളും ആയിരിക്കും. പക്ഷേ എന്നെ സംബന്ധിച്ച് അവര്‍ എക്കാലവും എന്‍റെ മുതിര്‍ന്ന ചേച്ചിയും അനുജത്തിയും ആയിരിക്കും. തുടക്കം കണ്ടതിന് ശേഷം സുചി ചേച്ചിയില്‍ നിന്ന് ലഭിച്ച മനോഹരമായ സമ്മാനമാണ് രണ്ടാമത്തെ ചിത്രത്തില്‍. ആയുഷ്കാലം മുഴുവൻ ഞാൻ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു സ്നേഹപ്രകടനം. പ്രിയപ്പെട്ട ചേച്ചിക്ക് നന്ദി. ഈ സ്നേഹത്തിനും പ്രോത്സാഹനത്തിനും മറക്കാനാവാത്ത ഈ ഓര്‍മ്മയ്ക്കും”, ചിത്രങ്ങള്‍ക്കൊപ്പം ജൂഡ് കുറിച്ചു.

യു/എ 16 പ്ലസ് സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. 139.35 മിനിറ്റ് ആണ് ദൈര്‍ഘ്യം. അതായത് 2 മണിക്കൂറും 19 മിനിറ്റും. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. നവംബർ പതിനേഴിന് കുട്ടിക്കാനത്ത് ആയിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിം​ഗ് ആരംഭിച്ചത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ലോഞ്ച് ഒക്ടോബർ മുപ്പതിന് കൊച്ചിയിൽ വച്ച് നടന്നിരുന്നു. ഒരു കൊച്ചു കുടുംബ ചിത്രമെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ലോഞ്ചിംഗ് വേളയിൽ ഈ ചിത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍ തുടക്കം കാത്തുവെച്ചിരിക്കുന്ന കൗതുകങ്ങള്‍ ഒരു കൊച്ചു കുടുംബ ചിത്രം എന്നതില്‍ മാത്രം ഒതുങ്ങില്ല എന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. 2018 എന്ന മെഗാഹിറ്റിനു ശേഷം ജൂഡ് ആന്റണി ഒരുക്കുന്ന ചിത്രമെന്ന നിലയിലും തുടക്കം ചലച്ചിത്ര വൃത്തങ്ങളിൽ ഏറെ പ്രതീക്ഷ നൽകുന്നുണ്ട്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | Kerala Rain