ദില്ലി: കൊവിഡ് 19 ലോക്ക് ഡൗണ്‍മൂലം ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്ന വിഭാഗങ്ങളിലൊന്ന് അതിഥി തൊഴിലാളികളാണ്. പട്ടിണിയും തൊഴിലില്ലായ്‌മയും അവരെ കൂട്ടപ്പലായനത്തിന് തുറന്നുവിട്ടിരിക്കുന്നു. ഇപ്പോള്‍ ഇവര്‍ക്കെതിരെ മോഷണം, പിടിച്ചുപറി തുടങ്ങിയ അപവാദപ്രചാരണങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ദില്ലിയില്‍ നിന്നുള്ള ഇത്തരമൊരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. 

പ്രചാരണം ഇങ്ങനെ

തെരുവിലൂടെ നടന്നുവരുന്ന ഒരാളെ രണ്ടുപേര്‍ ചേര്‍ന്ന് ആക്രമിക്കുന്നതും കൊള്ളയടിക്കുന്നതുമാണ് സിസിടിവി ക്യാമറയില്‍ പതിഞ്ഞ വീഡിയോയില്‍. 'രാത്രി ആരും വീടിന് പുറത്തിറങ്ങരുത്. പണത്തിനും ആഭരണങ്ങള്‍ക്കുമായി തൊഴിലാളികളോ കുടിയേറ്റക്കാരോ പാവപ്പെട്ടവരോ ആയ ചിലര്‍ നിഷ്‌കളങ്കരായ മനുഷ്യരെ കൊല്ലുന്നു. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ഏറിവരും, ദിവസവേതനക്കാരുടെ കയ്യില്‍ പണമില്ല'- എന്നാണ് വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് ഒരാള്‍ കുറിച്ചത്. 

Read more: കൊവിഡ് 19 വാക്സിന്‍ പരീക്ഷണം, കുട്ടികള്‍ മരിച്ചുവെന്ന പ്രചാരണത്തിലെ വസ്തുത എന്ത്?

ഇത്തരം കുറിപ്പുകളോടെ നിരവധി പേരാണ് വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. 

 

വസ്‌തുത

അതിഥി തൊഴിലാളികളുമായി യാതൊരു ബന്ധവുമില്ലാത്ത വീഡിയോയാണ് തെറ്റായ തലക്കെട്ടില്‍ പ്രചരിപ്പിക്കുന്നത്. കുടിയേറ്റ തൊഴിലാളികളല്ല, പ്രദേശവാസികള്‍ തന്നെയാണ് കൊള്ളയടിക്ക് പിന്നില്‍ എന്നാണ് ദ് ക്വിന്‍റിന്‍റെ ഫാക്‌ട് ചെക്കില്‍ തെളിഞ്ഞത്. 

Read more: 'രണ്ട് വര്‍ഷം വിദേശയാത്ര വേണ്ട'; ലോക്ക് ഡൗണിന് ശേഷം പാലിക്കേണ്ട 21 കാര്യങ്ങള്‍; അറിയിപ്പ് സത്യമോ?

വസ്‌തുതാ പരിശോധന രീതി

സംഭവത്തിന് പിന്നിലെ ദുരൂഹത നീക്കാന്‍ മാധ്യമ വാര്‍ത്തകളെയും അന്വേഷണ ഉദ്യോഗസ്ഥരെയുമാണ് ദ് ക്വിന്‍റ് ആശ്രയിച്ചത്. വീഡിയോയുടെ ലൊക്കേഷന്‍ ടാഗായ 'Majnu ka Ti' യില്‍ നിന്നാണ് നിര്‍ണായക സൂചന ലഭിച്ചത്. ഈ സ്ഥലത്ത് നടന്ന പിടിച്ചുപറിയെ കുറിച്ച് “Robbery at Majnu ka Tilla, Delhi” എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ വിവരങ്ങള്‍ ലഭിച്ചു. നവ്‌ഭാരത് ടൈംസ് ഈ സംഭവത്തിന്‍റെ വാര്‍ത്ത നല്‍കിയിട്ടുണ്ട് എന്നാല്‍, കൊള്ള നടത്തിയത് അതിഥി തൊഴിലാളികളാണ് എന്ന് വാര്‍ത്തയില്‍ എവിടെയും പറയുന്നില്ല. 

 

സംഭവത്തിന് പിന്നില്‍ അതിഥി തൊഴിലാളികളല്ല എന്ന് പൊലീസും വ്യക്തമാക്കി. ഏപ്രില്‍ 28ന് രാത്രി പരിസരവാസികളായ രണ്ട് ക്രിമിനലുകള്‍ ചേര്‍ന്ന് ഒരാളെ കൊള്ളയടിച്ച ശേഷം കടന്നുകളയുകയായിരുന്നു എന്നാണ് Majnu ka Tilla പൊലീസ് ദ് ക്വിന്‍റിനോട് വ്യക്തമാക്കിയത്. സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്തതായും അവര്‍ അതിഥി തൊഴിലാളികളല്ല എന്നും പൊലീസ് പറഞ്ഞു. 

Read more: പുരുഷ ബീജം കൊവിഡിനെ തടയാനുള്ള മരുന്നോ? പ്രചരിക്കുന്ന വീഡിയോയ്‌ക്ക് പിന്നിലെ വസ്‌തുത

നിഗമനം

രാജ്യത്ത് കൊവിഡ് 19 ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ അതിഥി തൊഴിലാളികളുടെ പലായനം തുടരുകയാണ്. ഇതിനിടെ മനപ്പൂര്‍വം തെറ്റിദ്ധാരണ പരത്താനാണ് വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചത്. പ്രചരിക്കുന്ന വീഡിയോയ്‌ക്ക് അതിഥി തൊഴിലാളികളുമായി ബന്ധമൊന്നുമില്ല എന്ന് വ്യക്തം. 

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​