ചെറു വിമാനം ടേക്ക് ഓഫ് ചെയ്യുന്ന ചിത്രങ്ങളുടെ യാഥാര്‍ഥ്യം എന്താണ്? പരിശോധിക്കാം
ബിഹാറിലെ മുസഫര്‍പൂരില്‍ നിന്നുള്ള 17 വയസുകാരന്‍ അവനീഷ് കുമാര്‍ വെറും ഒരാഴ്‌ച കൊണ്ട് 7000 രൂപ മാത്രം മുതല്‍മുടക്കില്‍ ഒരു വിമാനം നിര്‍മ്മിച്ചോ? ഒരു ചെറു വിമാനം പറപ്പിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സില്‍ വൈറലാണ്. ഉപയോഗശൂന്യമായ വസ്‌തുക്കള്‍ കൊണ്ടാണ് ഈ വിമാനം നിര്‍മ്മിച്ചത് എന്നും പറഞ്ഞാണ് ഫോട്ടോകള്‍ എക്സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചെറു വിമാനം ടേക്ക് ഓഫ് ചെയ്യുന്ന ചിത്രങ്ങളുടെ യാഥാര്‍ഥ്യം എന്താണ്? വസ്‌തുത പരിശോധിക്കാം.
പ്രചാരണം
'ബിഹാറിലെ മുസഫര്‍പൂരില്‍ നിന്നുള്ള 17 വയസുകാരന്‍ അവനീഷ് കുമാര്‍ ഉപയോഗശൂന്യമായ വസ്‌തുക്കള്‍ ഉപയോഗിച്ച് പറക്കുന്ന വിമാനം നിര്‍മ്മിച്ചിരിക്കുകയാണ്. വെറും ഒരാഴ് സമയമെടുത്ത് 7000 രൂപ ചെലവിലാണ് ഇത് നിര്‍മ്മിച്ചത്. ചെറു വിമാനം ടേക്ക് ഓഫ് ചെയ്യുന്ന വീഡിയോ വൈറലാണ്. അവനീഷിന്‍റെ ക്രിയാത്മകതയ്ക്കും കണ്ടുപിടുത്തത്തിനും കയ്യടി ലഭിക്കുകയാണ്. ഒരു യുവ ജീനിയസ് എന്നാണ് പലരും അദേഹത്തെ വിളിക്കുന്നതും'- എന്നുമുള്ള കുറിപ്പോടെയാണ് വിമാനത്തിന്‍റെ ദൃശ്യങ്ങള്‍ എക്സില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.

വസ്‌തുത
എന്നാല്‍ ഈ വീഡിയോ ഇന്ത്യയില്‍ നിന്നുള്ളതല്ല. വീഡിയോ ബംഗ്ലാദേശില്‍ നിന്നുള്ളതാണ് എന്നാണ് വിവിധ ഫാക്ട് ചെക്ക് വെബ്‌സൈറ്റുകളുടെ പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്. ദൃശ്യങ്ങളില്‍ കാണുന്ന ചെറു വിമാനം നിര്‍മ്മിച്ചത് ജൂല്‍ഹാസ് മൊല്ല എന്ന 28 വയസുകാരനാണ്. ഏതാണ്ട് ഒരു വര്‍ഷം സമയമെടുത്താണ് ജൂല്‍ഹാസ് ഈ പരീക്ഷണ വിമാനം നിര്‍മ്മിച്ചത് എന്നാണ് ബംഗ്ലാദേശ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ധാക്കയില്‍ ഇലക്‌ട്രീഷനായി ജോലി ചെയ്യുകയാണ് ജൂല്‍ഹാസ് മൊല്ല. ഏതാണ്ട് നാല് വര്‍ഷം സമയമെടുത്ത് യൂട്യൂബ് വീഡിയോകളും മറ്റും കണ്ടാണ് വിമാനത്തിന്‍റെ നിര്‍മ്മാണ വശങ്ങള്‍ ജൂല്‍ഹാസ് പഠിച്ചെടുത്തത് എന്ന് ബംഗ്ലാ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ വിശദീകരിക്കുന്നു.



