സദ്യ കഴിഞ്ഞ് കഴിയുമ്പോൾ പലർക്കും അമിതമായ വയറുനിറയൽ, വയർ വീർക്കൽ, മന്ദത അല്ലെങ്കിൽ അസ്വസ്ഥത അനുഭവപ്പെടാറുണ്ട്.
അവിയലും ഓലനും തോരനും സാമ്പാറും പച്ചടിയും പായസവുമെല്ലാം ചേരുന്ന ഓണസദ്യ ഒരു വിഭവം പോലുമില്ലാതെ വയറുനിറയെ കഴിക്കുക എന്നത് മലയാളിക്ക് ആഘോഷത്തിന്റെ ഭാഗമാണ്. എന്നാൽ സദ്യ കഴിഞ്ഞ് കഴിയുമ്പോൾ പലർക്കും അമിതമായ വയറുനിറയൽ, വയർ വീർക്കൽ, മന്ദത അല്ലെങ്കിൽ അസ്വസ്ഥത അനുഭവപ്പെടാറുണ്ട്. ഇത്തരത്തിൽ സദ്യയ്ക്ക് ശേഷമുണ്ടാകുന്ന അസ്വസ്ഥതകൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
സദ്യയ്ക്ക് ശേഷം നടക്കുന്നത് നല്ലതാണോ?
സദ്യ കഴിഞ്ഞ് ഉടൻ പോയി കിടക്കുന്നതിന് പകരം ലഘുവായി നടക്കുന്നത് വളരെ നല്ലതാണ്. വയറ് നിറയെ ഭക്ഷണം കഴിച്ചതിന് ശേഷം പെട്ടെന്ന് കിടക്കാതിരിക്കുന്നത് ദഹനം വേഗത്തിലാക്കാനും വയറിലെ അസ്വസ്ഥത കുറയ്ക്കാനും സഹായിക്കും. അതേസമയം സദ്യ കഴിച്ച ഉടൻ കഠിനമായ വ്യായാമങ്ങളോ ജിം വർക്കൗട്ടോ ചെയ്യണം എന്നല്ല. വളരെ മെല്ലെയുള്ള നടത്തം മാത്രമാണ് ആവശ്യം.
ധാരാളം വെള്ളം കുടിക്കേണ്ടതുണ്ടോ?
ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്, എന്നാൽ അമിതമായി വെള്ളം കുടിക്കുന്നത് ദഹനത്തിന് തടസ്സമായേക്കാം. ദാഹത്തിനനുസരിച്ച് മാത്രം വെള്ളം കുടിക്കുക. ഒറ്റയടിക്ക് ധാരാളം വെള്ളം കുടിക്കുന്നതിന് പകരം ഇറക്കിറക്കി കുടിക്കുന്നതാണ് നല്ലത്. സദ്യയ്ക്ക് ശേഷം നേരിയ ചൂടുവെള്ളം കുടിക്കുന്നത് വയറിന് ആശ്വാസം നൽകും.
സദ്യ കഴിഞ്ഞ് ഉടൻ ഉറങ്ങാമോ?
സദ്യ കഴിച്ചയുടൻ വലിയൊരു ഉറക്കം തൂങ്ങൽ സ്വാഭാവികമാണ്. എന്നാൽ ഉടൻ തന്നെ കിടന്നുറങ്ങുന്നത് അസിഡിറ്റി, പുളിച്ചുതികട്ടൽ എന്നിവയുള്ളവർക്ക് വലിയ അസ്വസ്ഥത ഉണ്ടാക്കും. ഉറക്കം വന്നാലും കുറച്ചു സമയം ഇരിക്കുകയോ നേരിയ രീതിയിൽ നടക്കുകയോ ചെയ്ത ശേഷം മാത്രം കിടക്കാൻ ശ്രദ്ധിക്കുക. അമിതമായി സദ്യ കഴിച്ചു കഴിഞ്ഞാൽ ശരീരത്തിന് ദഹനത്തിനായി ആവശ്യത്തിന് സമയം നൽകുകയും ലളിതമായ ശീലങ്ങൾ പിന്തുടരുകയുമാണ് ചെയ്യാം.


