എല്ലാ അവയവങ്ങളും ആരോഗ്യത്തോടെയിരുന്നാൽ മാത്രമേ നിങ്ങൾ പൂർണ ആരോഗ്യവാൻ ആണെന്ന് പറയാൻ സാധിക്കുകയുള്ളൂ. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഈ ഭക്ഷണങ്ങൾ കഴിക്കൂ.

ശരീരത്തിന്റെ എല്ലാ അവയവങ്ങളും ആരോഗ്യത്തോടെയിരുന്നാൽ മാത്രമേ നിങ്ങൾ പൂർണ ആരോഗ്യമുള്ളവരാണെന്ന് പറയാൻ സാധിക്കുകയുള്ളൂ. ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് കരളിന്റെ ആരോഗ്യം സ്വാഭാവികമായി കൂട്ടാൻ സഹായിക്കുന്നു. അവ എന്തൊക്കെയാണെന്ന് അറിയാം.

മാതളം

ഇതിൽ ധാരാളം ആന്റിഓക്സിഡന്റുകളും ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങളും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് കരളിനെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്നും സംരക്ഷിക്കുകയും വയറുവീർക്കലിനെ തടയുകയും ചെയ്യുന്നു. മാതളം ദിവസവും മിതമായ അളവിൽ കഴിക്കുന്നത് ഒരു ശീലമാക്കാം.

ബീറ്റ്റൂട്ട്

ബീറ്റ്‌റൂട്ടിൽ അടങ്ങിയിട്ടുള്ള ചില തരം ഫൈറ്റോ ന്യൂട്രിയന്റുകൾ, കരളിനെ വിഷവിമുക്തമാക്കാൻ സഹായിക്കുന്നു. കൂടാതെ ഇതിൽ ബീറ്റാലൈൻസ്, ബീറ്റെയ്ൻ, ഫോളേറ്റ് തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ കരളിനെ സംരക്ഷിക്കുന്നു. ആവിയിൽ വേവിച്ചോ തിളപ്പിച്ചോ അല്ലെങ്കിൽ സലാഡുകളിൽ ചേർത്തോ ബീറ്റ്റൂട്ട് കഴിക്കാവുന്നതാണ്.

ഒലിവ് ഓയിൽ

ഒലിവ് ഓയിലിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കരളിലെ കൊഴുപ്പിന്റെ അളവ്, കരൾ എൻസൈമുകൾ, ആന്ത്രോപോമെട്രിക് അളവുകൾ എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. പാചകം ചെയ്യുമ്പോഴോ, അല്ലാതെ ഭക്ഷണത്തിൽ ചേർത്തോ ഇത് ഉപയോഗിക്കാം. ദിവസവും 1-2 ടേബിൾസ്പൂൺ എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ ഭക്ഷണത്തിൽ ചേർത്ത് കഴിക്കാൻ ശ്രദ്ധിക്കണം.

കൊഴുപ്പുള്ള മത്സ്യം

കൊഴുപ്പുള്ള മൽസ്യത്തിൽ നിന്നുള്ള ഒമേഗ-3 ഫാറ്റി ആസിഡുകൾ കരളിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുന്നതിനും കരൾ എൻസൈമിന്റെ അളവ് മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. സാൽമൺ, അയല, സാർഡിൻ തുടങ്ങിയവയിൽ കരളിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഇൻഫ്ലമേറ്ററി സംയുക്തങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇവ കഴിക്കാൻ ശ്രദ്ധിക്കണം.

ജീവിതശൈലികൾ

ഭക്ഷണം ക്രമീകരിച്ചതുകൊണ്ട് മാത്രം കാര്യമില്ല. ജീവിതശൈലിയിലും മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. പതിവായി വ്യായാമം ചെയ്യുക, മദ്യം പരിമിതപ്പെടുത്തുക, പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക, ആരോഗ്യകരമായ ഭാരം നിലനിർത്തുക തുടങ്ങിയ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.