വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ് തലച്ചോറിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്.
കുട്ടികളുടെ മസ്തിഷ്കം വികസിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ അവരുടെ ഓര്‍മ്മശക്തിക്കും ബുദ്ധിവികാസത്തിനും പോഷകാഹാരങ്ങള്‍ നല്‍കേണ്ടത് പ്രധാനമാണ്. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ് തലച്ചോറിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്.
അത്തരത്തില്‍ കുട്ടികളിൽ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഒരു ഫ്രൂട്ടാണ് ബ്ലൂബെറി. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബ്ലൂബെറി കുട്ടികള്‍ക്ക് കൊടുക്കുന്നത് അവരുടെ ഓര്‍മ്മശക്തി കൂടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഇവ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയും ഓര്‍മ്മശക്തി കൂട്ടുകയും സമ്മര്‍ദ്ദത്തെ ചെറുക്കുകയും ചെയ്യുന്നു. വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ് ബ്ലൂബെറി. അതുപോലെ ഇവ ആന്‍റി ഓക്‌സിഡന്‍റുകളുടെ ഒരു പവര്‍ഹൗസാണ്. ബ്ലൂബെറിയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ഓര്‍മ്മശക്തി മെച്ചപ്പെടുത്തുന്നതിനും പാര്‍ക്കിന്‍സണ്‍സ് പോലുള്ള മസ്തിഷ്‌ക രോഗങ്ങള്‍ വരാനുള്ള സാധ്യത 40 ശതമാനം കുറയ്ക്കുന്നുവെന്നും പഠനങ്ങള്‍ പറയുന്നു.
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ബ്ലൂബെറി രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഗുണം ചെയ്യും. നാരുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബ്ലൂബെറി മുതിര്‍ന്നവര്‍ കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. നാരുകള്‍ അടങ്ങിയ ബ്ലൂബെറി കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കുറയ്ക്കാനും ഗുണം ചെയ്യും. ഇവയുടെ ഗ്ലൈസെമിക് സൂചികയും കുറവാണ്. നാരുകളാല്‍ സമ്പന്നമായ ബ്ലൂബെറി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്ന ബ്ലൂബെറി ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.


