വയ്യഡോളിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബാഴ്സലോണ തോൽപ്പിച്ചു.

ബാഴ്സലോണ: സ്പാനിഷ് ലീഗിൽ കിരീടത്തിലേക്ക് അടുത്ത് ബാഴ്സലോണ. വയ്യഡോളിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. രണ്ടാം പകുതിയിൽ റഫീഞ്ഞയും ഫെർമിൻ ലോപസുമാണ് ബാഴ്സക്കായി ഗോൾ കണ്ടെത്തിയത്. ആറാം മിനിറ്റിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് കറ്റാലിയൻസിന്റെ തിരിച്ചുവരവ്. ഒന്നാം സ്ഥാനത്ത് തുടരുന്ന ബാഴ്സലോണയ്ക്ക് ജയത്തോടെ 79 പോയിന്റായി. രണ്ടാമതുള്ള റയലിനേക്കാൾ 7 പോയിന്റിന് മുന്നിലാണ് ബാഴ്സലോണ. 

അതേസമയം, സ്പാനിഷ് ലീഗിൽ കരുത്തരായ റയൽ മാഡ്രിഡ് ഇന്ന് നിർണായക മത്സരത്തിന് ഇറങ്ങുന്നുണ്ട്. റയലിന്റെ സാന്റിയാഗോ ബെർണബ്യൂവിൽ സെൽറ്റ വിഗോയാണ് എതിരാളികൾ. ഇന്ത്യൻ സമയം വൈകിട്ട് 5.30നാണ് മത്സരം. ലീഗിൽ 33 മത്സരങ്ങളിൽ നിന്ന് 72 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള റയലിന് കിരീട പ്രതീക്ഷ നിലനിർത്താൻ ജയം അനിവാര്യമാണ്. ലാ ലിഗയിലെ കഴിഞ്ഞ മൂന്ന് മത്സരങ്ങളും ജയിച്ചെങ്കിലും കോപ്പ ഡെൽ റേ ഫൈനലിൽ ബാഴ്സയോടേറ്റ തോൽവിയുടെ ആഘാതത്തിലാണ് റയൽ താരങ്ങൾ. 

പരിക്കും മത്സര വിലക്കും ഉള്ളതിനാൽ പ്രധാന താരങ്ങൾ ഇല്ലാതെയാകും റയൽ ഇന്ന് കളത്തിലിറങ്ങുക. ഇതിനിടെ ലാലിഗ സീസണിന് 
ശേഷം ഭാവിയെ കുറിച്ച് വ്യക്തമാക്കാമെന്ന് റയൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി പറഞ്ഞു. ജൂണിൽ ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകനായി ആഞ്ചലോട്ടി ചുമതലയേറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.