ഫിഫ ക്ലബ് ലോകകപ്പിൽ റയൽ മാഡ്രിഡ് സെമി ഫൈനലിൽ. കിലിയന്‍ എംബാപ്പെയുടെ ഇഞ്ചുറി ടൈം ഗോളിലൂടെയാണ് റയൽ മാഡ്രിഡ് സെമിയിലെത്തിയത്. സെമിയിൽ പിഎസ്ജിയാണ് റയലിന്റെ എതിരാളികൾ.
മാഡ്രിഡ്: ഫിഫ ക്ലബ് ലോകകപ്പിൽ കരുത്തരായ റയൽ മാഡ്രിഡ് സെമി ഫൈനലിൽ. ക്വാർട്ടറിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ രണ്ടിനെതിരെ മൂന്ന്ഗോളുകൾക്ക് തകർത്താണ് റയല്‍ സെമിയിലെത്തിയത്. 2-2 സമനിലയിലായിരുന്ന മത്സരത്തില്‍ ഇഞ്ചുറി ടൈമിൽ സൂപ്പർ താരം കിലിയന്‍ എംബാപ്പേ ഓവര്‍ഹെഡ് കിക്കിലൂടെ നേടിയ മാന്ത്രിക ഗോളിലാണ് റയല്‍ സെമിയില്‍ സ്ഥാനം ഉറപ്പിച്ചത്. പത്താം മിനിറ്റില്‍ ഗോണ്‍സാലോ ഗാര്‍ഷ്യയുടെ ഗോളിലൂടെയാണ് റയല്‍ സ്കോറിംഗ് തുടങ്ങിയത്. ഇരുപതാം മിനിറ്റില്‍ ഫ്രാന്‍ ഗാര്‍ഷ്യ റയലിന്‍റെ ലീഡുയര്‍ത്തി. രണ്ട് ഗോള്‍ ലീഡില്‍ റയല്‍ ജയം ഉറപ്പാക്കിയിരിക്കെ ഇഞ്ചുറി ടൈമില്‍(90+2) മാക്സ്മിലാന്‍ ബീര്‍ ഡോര്‍ട്മുണ്ടിനായി ഒരു ഗോള്‍ മടക്കി.
തൊട്ടുപിന്നാലെ കിലിയന്‍ എംബാപ്പെയുടെ മാജിക് ഗോളില്‍ റയല്‍ ജയം ഉറപ്പിച്ചു. എന്നാല്‍ 96-ാം മിനിറ്റില്‍ സെര്‍ഹൗ ഗ്യുറാസിയെ പെനല്‍റ്റി ബോക്സില്‍ വീഴ്ത്തിയ ഡീന്‍ ഹ്യൂജ്സെന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്താവുകയും റഫറി ഡോര്‍ട്മുണ്ടിന് അനുകൂലമായി പെനല്‍റ്റി വിധിക്കുകയും ചെയ്തതോടെ കളി വീണ്ടും നാടകീയമായി. 98-ാം മിനിറ്റില്‍ സെര്‍ഹൗ ഗ്യുറാസി പെനല്‍റ്റി സ്പോട്ടില്‍ നിന്ന് ഒരു ഗോള്‍ കൂടി മടക്കി.
ഇതോടെ അവസാന മിനിറ്റുകളില്‍ ഡോര്‍ട്മുണ്ട് സമനില ഗോളിനായി ഇരച്ചെത്തിയതോടെ റയല്‍ വിറച്ചു. ഗോളെന്നുറച്ച ഡോര്‍ഡ്മുണ്ട് താരം മാര്‍സല്‍ സെബിറ്റസറിന്‍റെ ഷോട്ട് റയല്‍ ഗോള്‍ കീപ്പര്‍ തിബൗട്ട് കുര്‍ട്ടോയിസ് അവിശ്വസനീയമായി തട്ടിയകറ്റിയതോടെയാണ് റയലിന് ശ്വാസം നേരെ വീണത്. സെമിയില്‍ യൂറോപ്യന്‍ ചാമ്പ്യൻമാരായ പി എസ് ജിയാണ് റയലിന്‍റെ എതിരാളികള്‍.
ഇന്നലെ നടന്ന മറ്റൊരു ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പിഎസ്ജി സെമി ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്താണ് സെമിയിലെത്തിയത്. രണ്ടാം പകുതിയിൽ ഡെസിറെയും, ഡെംബലെയുമാണ് പിഎസ്ജിക്കായി ഗോളുകൾ നേടിയത്.അവസാന മിനുട്ടുകളിൽ പിഎസ്ജിയുടെ രണ്ട് താരങ്ങൾ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. മത്സരത്തിനിടെ ബയേണിന്‍റെ സൂപ്പർ താരം ജമാൽ മുസിയാലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പിഎസ്ജിയുടെ ഗോൾ കീപ്പർ ഡോണരുമയുമായി കൂട്ടിയിടിച്ചാണ് താരത്തിന് മൈതാനം വിടേണ്ടി വന്നത്.
ക്ലബ്ബ് ലോകകപ്പിലെ രണ്ടാം സെമിയില്‍ ചെല്‍സി ഫ്ലൂമിനന്‍സിനെ നേരിടും. അട്ടിമറികളേറെ കണ്ട ക്ലബ്ബ് ലോകകപ്പില്‍ സെമിയിലെത്തിയത് മൂന്ന് യൂറോപ്യന്‍ ടീമുകളാണ്. ബ്രസീല്‍ ക്ലബ്ബായ ഫ്ലൂമിനന്‍സ് മാത്രമാണ് യൂറോപ്പില്‍ നിന്ന് അല്ലാതെ സെമിയിലെത്തിയ ഏക ടീം.


