18 വർഷങ്ങൾ കൊണ്ട് മൂന്ന് ബില്യണ്‍ ഐഫോണുകളാണ് ആപ്പിള്‍ വിറ്റത്, പ്രഖ്യാപനം നടത്തിയത് സിഇഒ ടിം കുക്ക്
കാലിഫോര്‍ണിയ: മൂന്ന് ബില്യൺ ഐഫോണുകൾ വിറ്റഴിച്ചുകൊണ്ട് ആപ്പിൾ ഒരു പ്രധാന നാഴികക്കല്ല് പിന്നിട്ടു. 2007-ൽ ആദ്യ മോഡൽ പുറത്തിറക്കി 18 വർഷങ്ങൾ കൊണ്ടാണ് ഈ നാഴികക്കല്ല് ആപ്പിള്‍ പിന്നിടുന്നത്. നടപ്പു സാമ്പത്തിക വർഷത്തിലെ ജൂൺ പാദത്തിലെ കമ്പനിയുടെ വരുമാന അവലോകന യോഗത്തിൽ ആപ്പിൾ സിഇഒ ടിം കുക്കാണ് ഈ പ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞ പാദത്തിൽ ഐഫോൺ വിൽപ്പനയിൽ നിന്ന് ആപ്പിൾ 44.6 ബില്യൺ ഡോളർ നേടി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 13 ശതമാനം വർധനവ് ലഭിച്ചു. ഇത് വിപണി കണക്കുകളെ മറികടക്കുകയും കമ്പനിയുടെ ഈ പാദത്തിലെ മൊത്തം വരുമാനത്തിന്‍റെ പകുതിയോളം സംഭാവന ചെയ്യുകയും ചെയ്തു. ബിസിനസ് മൂല്യത്തിന്‍റെയും ഉപഭോക്തൃ ആവശ്യകതയുടെയും കാര്യത്തിൽ ആപ്പിളിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഉൽപ്പന്നമായി ഐഫോൺ തുടരുന്നു.
അടുത്തകാലത്തായി കമ്പനി കടുത്ത സമ്മർദ്ദം നേരിടുന്ന വിപണിയായ ചൈനയിലും ആപ്പിളിന് നേരിയ പുരോഗതി ഉണ്ടായി എന്നതും ശ്രദ്ധേയമാണ്. ഈ മേഖലയിൽ നിന്നുള്ള വരുമാനം പ്രതിവർഷം 14.7 ബില്യൺ ഡോളറിൽ നിന്ന് 15.3 ബില്യൺ ഡോളറായി വർധിച്ചു. സാമ്പത്തിക വർഷത്തിലെ നിരവധി പാദങ്ങളിലെ മന്ദഗതിയിലുള്ള ബിസിനസിന് ശേഷം ഇത് കമ്പനിക്ക് ചെറിയ ആശ്വാസം നൽകി.
ആപ്പിളിന് സമ്മര്‍ദ്ദവും
മികച്ച വിൽപ്പന കണക്കുകൾ ലഭിക്കുണ്ടെങ്കിലും പുതിയ താരിഫ് ഭീഷണികൾ കാരണം സാമ്പത്തിക സമ്മർദ്ദം നേരിടുകയാണ് ആപ്പിൾ എന്നും റിപ്പോർട്ടുകൾ പറയുന്നു. സെപ്റ്റംബർ പാദത്തിൽ ആപ്പിൾ ഏകദേശം 1.1 ബില്യൺ ഡോളർ താരിഫ് നൽകണമെന്ന് പ്രതീക്ഷിക്കുന്നതായി ടിം കുക്ക് പറഞ്ഞു. ജൂൺ പാദത്തിലെ 800 മില്യൺ ഡോളറിൽ നിന്ന് ഇത് കുത്തനെ ഉയരുന്നു. ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള പുതിയ ഇറക്കുമതി നയങ്ങളാണ് ഈ ചെലവിന് കാരണം. പുതിയ നയം ആപ്പിൾ പോലുള്ള കമ്പനികൾക്ക് യുഎസിന് പുറത്ത് നിർമ്മിച്ച ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്നത് കൂടുതൽ ചെലവേറിയതാക്കി മാറ്റുന്നു. ഇക്കാരണത്താൽ ആപ്പിൾ ഇതിനകം തന്നെ യുഎസ് വിപണിയിലേക്കുള്ള ഐഫോൺ ഉൽപ്പാദനത്തിന്‍റെ ഭൂരിഭാഗവും ഇന്ത്യയിലേക്ക് മാറ്റിയിട്ടുണ്ട്. യുഎസിൽ വിൽക്കുന്ന മിക്ക ഐഫോണുകളും ഇപ്പോൾ ഇന്ത്യയിൽ നിർമ്മിക്കുന്നതാണെന്നും സമീപ മാസങ്ങളിൽ ഈ തന്ത്രത്തിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും ടിം കുക്ക് സ്ഥിരീകരിച്ചതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
വരുമാന റിപ്പോർട്ടിന് ശേഷം ആപ്പിളിന്‍റെ ഓഹരികൾ നേരിയ തോതിൽ ഉയർന്നു. ഏകദേശം രണ്ട് ശതമാനം ആണ് ഉയർന്നത്. എങ്കിലും മറ്റ് ടെക് കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോൾ ആ വർധന വളരെ നിസാരമായിരുന്നു. അതായത് എഐ സാങ്കേതികവിദ്യകളിൽ ശക്തമായ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റും മെറ്റയും വളരെ വലിയ നേട്ടങ്ങൾ കൈവരിച്ചു. എന്നാൽ ആപ്പിളിൽ നിന്നുള്ള വ്യക്തമായ ഒരു എഐ പദ്ധതിക്കായി നിക്ഷേപകർ കാത്തിരിക്കുന്നതിനാൽ ആപ്പിളിന്റെ ഓഹരികൾ പ്രതിവർഷം ഏകദേശം 15 ശതമാനം ഇടിഞ്ഞു. അതേസമയം വോയ്‌സ് അസിസ്റ്റന്‍റുമാരും സ്‌ക്രീൻലെസ് സാങ്കേതികവിദ്യയും കൂടുതൽ സാധാരണമാകുന്ന ഒരു ഭാവിയിൽ ഐഫോണിന്‍റെ എഐ പദ്ധതികളെക്കുറിച്ച് വിശകലന വിദഗ്ധരുടെ ചോദ്യത്തിന് ഇക്കാര്യത്തിൽ ഐഫോൺ ഒരു പ്രധാന പങ്ക് വഹിക്കുന്നത് തുടരുമെന്നും ഭാവിയിലെ സാങ്കേതികവിദ്യകൾ ഐഫോണിനെ മാറ്റിസ്ഥാപിക്കുന്നതിനുപകരം പിന്തുണയ്ക്കുമെന്നും ടിം കുക്ക് മറുപടി നൽകി.
അതേസമയം, താരിഫ് സംബന്ധമായ വിലവർധനവ് ആരംഭിക്കുന്നതിന് മുമ്പ് ഉപഭോക്താക്കൾ വാങ്ങാൻ തിരക്കുകൂട്ടുന്നത് ഐഫോൺ വിൽപ്പനയിലെ നിലവിലെ കുതിച്ചുചാട്ടത്തിന് കാരണമായിരിക്കാമെന്ന് ചില വ്യവസായ നിരീക്ഷകർ വിശ്വസിക്കുന്നു. അതായത് ഈ പാദത്തിൽ കമ്പനിക്ക് ലഭിച്ച മികച്ച വിൽപ്പന അടുത്ത പാദത്തിലും തുടരണമെന്നില്ല എന്നാണ് റിപ്പോർട്ടുകൾ.



