മുംബൈയിൽ നിന്നുള്ള 26-കാരനായ ഒരു ടെക്കിയെ ഒരു സ്‍കൂബ ഡൈവിംഗ് അപകടത്തിൽ നിന്നും ആപ്പിൾ വാച്ച് അൾട്രാ പുതുച്ചേരി തീരത്ത് രക്ഷിച്ച സംഭവം ശ്രദ്ധനേടുന്നു. ആപ്പിള്‍ സിഇഒ ടിം കുക്കിന് നന്ദി പറഞ്ഞ്, രക്ഷനേടിയ ക്ഷിതിജ് ജോദ്പെ.
പുതുച്ചേരി: ആപ്പിൾ അവരുടെ വെയറബിൾ സ്‍മാർട്ട് ഉപകരണങ്ങളിൽ നിരവധി അതിശയ ഫീച്ചറുകൾ നൽകുന്നുണ്ട്. അവ പലപ്പോഴും അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ വിജയിച്ച ചരിത്രവും നാം കേട്ടിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ഉപയോക്താക്കളുടെ ജീവൻ രക്ഷിക്കുന്നതിൽ ആപ്പിൾ വാച്ച് അൾട്രാ നിർണായക പങ്ക് വഹിച്ച സമാനമായ ഒരു സംഭവം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. മുംബൈയിൽ നിന്നുള്ള 26-കാരനായ ഒരു ടെക്കിയെ ഒരു സ്‍കൂബ ഡൈവിംഗ് അപകടത്തിൽ നിന്നും ആപ്പിൾ വാച്ച് അൾട്രാ രക്ഷിച്ച സംഭവമാണ് ഇപ്പോൾ വൈറലാകുന്നത്.
36 മീറ്റർ താഴ്‌ചയിൽ മുങ്ങി ക്ഷിതിജ് ജോദ്പെ
ഒരു ഇ-കൊമേഴ്‌സ് കമ്പനിയിൽ ജോലി ചെയ്യുന്ന മുംബൈ സ്വദേശിയായ ക്ഷിതിജ് ജോഡാപെയെയാണ് ആപ്പിൾ വാച്ച് അൾട്രാ രക്ഷിച്ചത്. പുതുച്ചേരിക്ക് സമീപം സ്‍കൂബ ഡൈവിംഗ് നടത്തുന്നതിനിടെയായിരുന്നു അപകടം. കടലിൽ ഏകദേശം 36 മീറ്റർ താഴ്‌ചയിൽ മുങ്ങുകയായിരുന്നു ക്ഷിതിജ് ജോദ്പെ. പെട്ടെന്ന് അദ്ദേഹത്തിന്‍റെ വെയ്റ്റ് ബെൽറ്റ് തുറന്നുപോയി. അതോടെ അദ്ദേഹത്തിന് താഴേക്ക് പോകാൻ ബുദ്ധിമുട്ടായി. മാത്രമല്ല അതിവേഗം അദ്ദേഹം മുകളിലേക്ക് ഉയരാനും തുടങ്ങി. സ്വയം നിയന്ത്രിക്കാനോ സഹായത്തിനായി ആരെയും വിളിക്കാനോ അദ്ദേഹത്തിന് കഴിഞ്ഞില്ല. അതേസമയം അദ്ദേഹത്തിന്റെ കൈത്തണ്ടയിൽ കെട്ടിയിരുന്ന വാച്ച് അൾട്രാ ഈ അപകടകരമായ വേഗത തിരിച്ചറിയുകയും ഒരു അടിയന്തിര സൈറൺ മുഴക്കുകയും ചെയ്‌തു. ഇതുകേട്ട നീന്തൽ പരിശീലകൻ, ക്ഷിതിജ് ജോദ്പെയുടെ സഹായത്തിനെത്തി അദേഹത്തെ രക്ഷിച്ചു.
വാച്ചിന്‍റെ അലാറം മുഴങ്ങിയിരുന്നില്ലെങ്കിൽ, ഈ അപകടം മാരകമാകുമായിരുന്നു എന്ന് ക്ഷിതിജ് ജോഡാപെ പറയുന്നു. കാരണം ജലസമ്മർദ്ദം ശരീരത്തെ ഞെരുക്കുകയും പെട്ടെന്നുള്ള കയറ്റം കാരണം ശ്വാസകോശം വേഗത്തിൽ വികസിക്കുകയും കൂടുതൽ അപകടത്തിലേക്ക് നയിക്കുമായിരുന്നുവെന്നും ക്ഷിതിജ് പറയുന്നു. ആപ്പിളിന് നന്ദി പറഞ്ഞ ക്ഷിതിജ്, സംഭവം വിശദീകരിച്ച് ആപ്പിൾ സിഇഒ ടിം കുക്കിന് കത്തെഴുതി. ആപ്പിൾ സിഇഒ ഒരു ഇമെയിലിൽ മറുപടി നൽകി, "നിങ്ങളുടെ ഇൻസ്‌ട്രക്‌ടര്‍ അലാറം കേട്ട് ഉടൻ തന്നെ നിങ്ങളെ സഹായിച്ചതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. നിങ്ങളുടെ കഥ ഞങ്ങളുമായി പങ്കുവെച്ചതിന് വളരെ നന്ദി, നിങ്ങൾ ആരോഗ്യവാനായിരിക്കട്ടെ."- സിഇഒ ടിം കുക്ക് മറുപടിയിൽ വ്യക്തമാക്കി.
അടിയന്തര സാഹചര്യങ്ങളിൽ ആപ്പിൾ വാച്ച് അൾട്രാ എങ്ങനെ പ്രവർത്തിക്കുന്നു?
2022-ൽ പുറത്തിറക്കിയ ആപ്പിൾ വാച്ച് അൾട്രാ പരുക്കൻ, ഔട്ട്ഡോർ സാഹസികതകൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. അടിയന്തര സാഹചര്യങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു എമർജൻസി സൈറൺ സവിശേഷതയോടെയാണ് ആപ്പിൾ വാച്ച് അൾട്രാ വരുന്നത്. ഈ സൈറൺ പരമാവധി കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നു. വെള്ളത്തിലൂടെയും ആംബിയന്‍റ് ശബ്‌ദത്തിലൂടെയും ഉയർന്ന ശ്രവണ പരിധിയോടെ മാറിമാറി ഉച്ചത്തിലുള്ള ശബ്‍ദങ്ങൾ പുറപ്പെടുവിക്കുന്നു. ഓട്ടോമാറ്റിക് ആക്‌ടിവേഷൻ ഉള്ള തത്സമയ സെൻസറുകൾ ആഴവും മർദ്ദവും നിരീക്ഷിക്കുകയും കുത്തനെയുള്ള ചരിവുകളിൽ ഓട്ടോമാറ്റിക്കായി ഒരു അലാറം മുഴക്കുകയും ചെയ്യുന്നു. വാച്ച് അൾട്രാ രണ്ട് ഉച്ചത്തിലുള്ള ശബ്‍ദങ്ങൾ പുറപ്പെടുവിക്കുന്നു. ഇത് 180 മീറ്റർ അകലെ വരെ കേൾക്കാൻ സാധിക്കും. സൈറൺ ഓഫാക്കുന്നതുവരെയോ വാച്ച് ബാറ്ററി തീർന്നുപോകുന്നതുവരെയോ മുഴങ്ങുന്നത് തുടരും.



