ഈ വര്‍ഷം ഒക്‌ടോബറിലോ നവംബറിലോ ആയിരിക്കും വണ്‍പ്ലസ് 16 ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണ്‍ ചൈനീസ് വിപണിയില്‍ അവതരിപ്പിക്കപ്പെടുക. ഇതിന് ശേഷം വണ്‍പ്ലസ് 16 ആഗോള വിപണിയിലെത്തും.
ദില്ലി: ഇന്ത്യ വിടുകയാണെന്ന അഭ്യൂഹങ്ങള്‍ കമ്പനി തള്ളിക്കളഞ്ഞതിനിടെ വണ്‍പ്ലസ് അധികൃതര്‍ വണ്‍പ്ലസ് 16 ഫ്ലാഗ്‌ഷിപ്പ് പുറത്തിറക്കാനൊരുങ്ങുന്നു. 200എംപിയുടെ പ്രൈമറി ക്യാമറ സഹിതമായിരിക്കും വണ്‍പ്ലസ് 16 ഫോണ്‍ വിപണിയിലെത്തുക എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. വണ്‍പ്ലസ് 16 ഫോണിന്‍റെ ചൈനീസ് വേരിയന്‍റില്‍ 9000എംഎഎച്ച് ബാറ്ററിയും 165 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റിലുള്ള ഡിസ്‌പ്ലെയുമാണ് പറയപ്പെടുന്ന മറ്റ് പ്രധാന ഫീച്ചറുകള്‍.
വണ്‍പ്ലസ് 16 പ്രത്യേകതകള്‍ എന്തൊക്കെയായിരിക്കും?
ഈ വര്‍ഷം ഒക്‌ടോബറിലോ നവംബറിലോ ആയിരിക്കും വണ്‍പ്ലസ് 16 ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണ്‍ ചൈനീസ് വിപണിയില്‍ അവതരിപ്പിക്കപ്പെടുക. ഇതിന് ശേഷം വണ്‍പ്ലസ് 16 ആഗോള വിപണിയിലെത്തും. വണ്‍പ്ലസിന്‍റെ ചരിത്രത്തിലാദ്യമായി 200-മെഗാപിക്‌സലിന്‍റെ ക്യാമറ വണ്‍പ്ലസ് 16 ഫോണില്‍ ഇടംപിടിക്കും എന്നാണ് ലീക്കുകളില്‍ ആകാംക്ഷ ജനിപ്പിക്കുന്ന ഏറ്റവും പ്രധാന കാര്യം. 200എംപി സെന്‍സര്‍ ക്യാമറ സത്യമെങ്കില്‍ വണ്‍പ്ലസ് 15ല്‍ നിന്ന് വണ്‍പ്ലസ് 16ലെത്തുമ്പോഴുള്ള ഏറ്റവും വലിയ അപ്‌ഗ്രേഡായിരിക്കും ഇത്. ഓപ്പോ ഫൈന്‍ഡ് എന്‍6 ഫോണിലുള്ള അതേ ക്യാമറ സംവിധാനം വണ്‍പ്ലസ് 16 സ്‌മാര്‍ട്ട്‌ഫോണില്‍ ഇടംപിടിച്ചേക്കും. 50എംപിയുടെ ഇരട്ട ക്യാമറ, 200എംപി സെന്‍സര്‍ എന്നിവയാണ് ഓപ്പോ ഫൈന്‍ഡ് എന്‍6 ഫോണില്‍ പ്രതീക്ഷിക്കുന്നത്. 165 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റിലുള്ള ഡിസ്‌പ്ലെ, 9000എംഎഎച്ചിന്‍റെ വലിയ ബാറ്ററി എന്നിവയും വണ്‍പ്ലസ് 16 ഹാന്‍ഡ്‌സെറ്റില്‍ പ്രതീക്ഷിക്കുന്നു.
വണ്‍പ്ലസ് കമ്പനി ഇന്ത്യ വിടുന്നോ?
വൺപ്ലസ് ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയും മാതൃ കമ്പനിയായ ഓപ്പോയുമായി ലയിക്കുകയും ചെയ്യുമെന്ന് അടുത്തിടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ആൻഡ്രോയ്‌ഡ് ഹെഡ്‌ലൈന്‍സാണ് ഇത്തരത്തില്‍ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്‌തത്. എന്നാൽ ആ റിപ്പോർട്ടുകൾ നിഷേധിച്ച് വൺപ്ലസ് ഇന്ത്യ സിഇഒ റോബിൻ ലിയു രംഗത്തെത്തിയിരുന്നു. അടച്ചുപൂട്ടൽ സംബന്ധിച്ച ഈ അവകാശവാദങ്ങൾ പൂർണ്ണമായും തെറ്റാണെന്നും വൺപ്ലസ് ഇന്ത്യയിൽ സേവനങ്ങൾ നൽകുന്നത് തുടരുമെന്നും റോബിന്‍ ലിയും വ്യക്തമാക്കി. വിപണി വിഹിതം കുറയുന്നതും കമ്പനി വമ്പന്‍ ഫോണുകളുടെ നിര്‍മ്മാണത്തില്‍ നിന്ന് പിന്‍മാറുന്നതുമാണ് വണ്‍പ്ലസ് ഇന്ത്യയിലെ സാന്നിധ്യം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നതിന് കാരണമായി ആൻഡ്രോയ്‌ഡ് ഹെഡ്‌ലൈന്‍സ് റിപ്പോര്‍ട്ട് ചെയ്‌തത്. മാതൃ കമ്പനിയായ ഓപ്പോ ഇപ്പോൾ വൺപ്ലസിനെ ഒരു സ്വതന്ത്ര ബ്രാൻഡായി പ്രവർത്തിപ്പിക്കുന്നതിനുപകരം, ഒരുസബ് സീരീസാക്കി മാറ്റുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.



