12 ജിബി + 256 ജിബി, 16 ജിബി + 512 ജിബി റാം, സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ വൺപ്ലസ് പാഡ് 3 ലഭ്യമാകും
ദില്ലി: 13.2 ഇഞ്ച് ഡിസ്‌പ്ലേയോടെ ജൂൺ 5-നാണ് ആഗോളതലത്തിൽ വൺപ്ലസ് പാഡ് 3 ലോഞ്ച് ചെയ്തത്. എന്നാൽ വൺപ്ലസ് അന്ന് ഈ ഗാഡ്‌ജറ്റിന്‍റെ ഇന്ത്യയിലെ വിലയോ ലഭ്യതയോ വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ വൺപ്ലസ് പാഡ് 3 ആൻഡ്രോയ്‌ഡ് ടാബ്‌ലെറ്റ് ഇന്ത്യയിൽ എപ്പോൾ ലഭ്യമാകുമെന്ന് ചൈനീസ് ടെക് ബ്രാൻഡ് സ്ഥിരീകരിച്ചിരിക്കുന്നു. വൺപ്ലസ് പാഡ് 3 വരുന്ന സെപ്റ്റംബർ മുതൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് ലഭ്യമാകും.
ഇന്ത്യയിലെ വൺപ്ലസ് പാഡ് 3-യുടെ വില വിശദാംശങ്ങള്‍ കമ്പനി വരും ആഴ്ചകളിൽ പ്രഖ്യാപിക്കും. 12 ജിബി + 256 ജിബി, 16 ജിബി + 512 ജിബി റാം, സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ ടാബ‌്‌ലറ്റ് ലഭ്യമാകും. ഫ്രോസ്റ്റഡ് സിൽവർ, സ്റ്റോം ബ്ലൂ നിറങ്ങളിൽ ടാബ്‌ലെറ്റ് എത്തുന്നു. 12 ജിബി റാം, 256 ജിബി സ്റ്റോറേജ് മോഡലിന് യുഎസില്‍ 699 ഡോളര്‍ (ഏകദേശം 60,000 രൂപ) ആണ് വില . ഇന്ത്യൻ വേരിയന്‍റുകളും ഏതാണ്ട് സമാനമായ വിലയിൽ ലഭ്യമാകാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
ഉയർന്ന പ്രകടനവും പ്രീമിയം ഡിസൈനും മനസിൽ വെച്ചുകൊണ്ടാണ് വൺപ്ലസ് പാഡ് 3 രൂപകൽപ്പന ചെയ്തിരിക്കുന്നത്. 3കെ (3000x2120 പിക്സലുകൾ) റെസല്യൂഷനുള്ള 13.2 ഇഞ്ച് വലിയ എൽസിഡി ഡിസ്പ്ലേയാണ് ഇതിനുള്ളത്. കൂടാതെ 144 ഹെര്‍ട്സ് റിഫ്രഷ് റേറ്റും വണ്‍പ്ലസ് പാഡ് 3-യ്ക്കുണ്ട്. ഇത് ഗെയിമിംഗും വീഡിയോ സ്ട്രീമിംഗും വളരെ സുഗമമാക്കുന്നു. 16 ജിബി വരെ LPDDR5T റാമും 512 ജിബി വരെ യുഎഫ്‌എസ് 4.0 സ്റ്റോറേജും ലഭിക്കുന്നു.
വൺപ്ലസ് പാഡ് 3 ക്വാൽകോമിന്‍റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പില്‍ പ്രവർത്തിക്കുന്നു. ഇതിൽ ആൻഡ്രോയ്‌ഡ് 14 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ് ആയിരിക്കും പ്ലാറ്റ്‌ഫോം. കൂടാതെ വൺപ്ലസ് കീബോർഡ്, സ്റ്റൈലസ് പെൻ പോലുള്ള ആക്‌സസറികളെയും പിന്തുണയ്ക്കുന്നു. ഗൂഗിളിന്‍റെ സർക്കിൾ ടു സെർച്ച്, ജെമിനി എഐ പോലുള്ള സവിശേഷതകളും ഇത് പിന്തുണയ്ക്കും. കൂടുതൽ ഫ്ലൂയിഡ് ഡ്രാഗ്-ആൻഡ്-ഡ്രോപ്പ് പ്രവർത്തനക്ഷമതയും മെച്ചപ്പെട്ട സ്പ്ലിറ്റ്-സ്ക്രീൻ നിർദ്ദേശങ്ങളും നൽകുന്നു.
വൺപ്ലസ് പാഡ് 3-ന് 12,140 എംഎഎച്ചിന്‍റെ വലിയ ബാറ്ററി ലഭിക്കും. ഇത് 80 വാട്സ് സൂപ്പർവോക് ചാർജര്‍ ഉപയോഗിച്ച് വളരെ വേഗത്തിൽ ചാർജ് ചെയ്യാൻ കഴിയും. ഇത് 10 മിനിറ്റിനുള്ളിൽ 18% വരെ ചാർജ് ചെയ്യാൻ പാകത്തിലുള്ളതാണ്. ആറ് മണിക്കൂർ വരെ ഗെയിമിംഗ്, 15 മണിക്കൂറിൽ കൂടുതൽ ഷോർട്ട് വീഡിയോ പ്ലേബാക്ക്, 17 മണിക്കൂറിൽ കൂടുതൽ നീണ്ട വീഡിയോ പ്ലേബാക്ക് എന്നിവ ഈ ഉപകരണത്തിന് നൽകാൻ കഴിയുമെന്ന് വണ്‍പ്ലസ് അവകാശപ്പെടുന്നു.
ഓഡിയോ അനുഭവം മികച്ചതാക്കാൻ, ഡോൾബി അറ്റ്‌മോസ് പിന്തുണയുള്ള ക്വാഡ് സ്പീക്കറുകൾ വൺപ്ലസ് പാഡ് 3-യിലുണ്ട്. നാല് വൂഫറുകളും നാല് ട്വീറ്ററുകളും ഉൾപ്പെടെ എട്ട് സ്പീക്കറുകളാണ് ഓഡിയോ കൈകാര്യം ചെയ്യുന്നത്. സ്റ്റോം ബ്ലൂ, ഫ്രോസ്റ്റഡ് സിൽവർ എന്നിങ്ങനെ രണ്ടു നിറങ്ങളിൽ വൺപ്ലസ് പാഡ് 3 ലഭ്യമാകും.


