റെഡ്‍മി 15സി സ്മാര്‍ട്ട്‌ഫോണില്‍ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും 50 എംപി മെയിൻ സെൻസറും ഉള്‍പ്പെടുമെന്ന് ലീക്കുകള്‍

ബെയ്‌ജിംഗ്: റെഡ്‍മി 15സി (Redmi 15C) സ്‌മാര്‍ട്ട്‌ഫോണ്‍ ഉടൻ തന്നെ തിരഞ്ഞെടുത്ത ആഗോള വിപണികളിൽ ലോഞ്ച് ചെയ്യും. 2024 ഓഗസ്റ്റിൽ ചില രാജ്യങ്ങളിൽ അനാച്ഛാദനം ചെയ്ത റെഡ്‍മി 14സി-യുടെ പിൻഗാമിയായാണ് റെഡ്മി 15സി എത്തുക. കഴിഞ്ഞ ദിവസം പുറത്തുവന്ന പുതിയ ലിസ്റ്റിംഗ് അനുസരിച്ച് ഈ ഫോണിന് 4 ജിബി റാം, 6000 എംഎഎച്ച് ബാറ്ററി, 50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റ് എന്നിവയുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി81 ചിപ്‌സെറ്റ് ലഭിക്കും. മുമ്പ് ചോർന്ന ചിത്രങ്ങൾക്ക് സമാനമാണ് ഹാൻഡ്‌സെറ്റിന്‍റെ ഡിസൈനും.

ഇറ്റലി ഉൾപ്പെടെയുള്ള തിരഞ്ഞെടുത്ത യൂറോപ്യൻ രാജ്യങ്ങളിൽ റെഡ്‍മി 15സി-യുടെ വില 4 ജിബി + 128 ജിബി ഓപ്ഷന് 133.90 യൂറോയില്‍ (ഏകദേശം 13,400 രൂപ) ആരംഭിക്കാം എന്നാണ് ലിസ്റ്റിംഗ് വിവരങ്ങൾ അനുസരിച്ചുള്ള പുതിയ റിപ്പോർട്ടുകൾ. ഉയർന്ന 4 ജിബി + 256 ജിബി വേരിയന്‍റിന് 154.90 യൂറോ (ഏകദേശം 15,500 രൂപ) വില വരാം. ഫോൺ മിന്‍റ് ഗ്രീൻ, മൂൺലൈറ്റ് ബ്ലൂ, മിഡ്‌നൈറ്റ് ഗ്രേ, ട്വിലൈറ്റ് ഓറഞ്ച് എന്നീ നിറങ്ങളിൽ ലഭ്യമാകും.

റെഡ്‍മി 15സി-യിൽ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ഉള്ള 6.9 ഇഞ്ച് എൽസിഡി സ്‌ക്രീൻ ഉണ്ടായിരിക്കും. 4 ജിബി റാമും 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും ഉള്ള മീഡിയടെക് ഹീലിയോ ജി81 സോക് ആണ് ഇതിൽ ലഭിക്കുക എന്ന് പ്രതീക്ഷിക്കുന്നു. ലിസ്റ്റിംഗ് അനുസരിച്ച്, ഷവോമിയുടെ ഹൈപ്പർഒഎസിലാണ് ഫോൺ പ്രവർത്തിക്കുക. റെഡ്‍മി 15സി ഫോണിന് ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും 50 എംപി മെയിൻ സെൻസറും ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. സെൽഫികൾക്കായി മുൻവശത്ത് 13 മെഗാപിക്സൽ ക്യാമറയും ഉണ്ടാകും. 33 വാട്സ് വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6000 എംഎഎച്ച് ബാറ്ററിയും ഇതിനുണ്ടാകാൻ സാധ്യതയുണ്ട്. 

റെഡ്‍മി 15സി-യുടെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4ജി എല്‍ടിഇ, ബ്ലൂടൂത്ത് 5.4, വൈ-ഫൈ, എന്‍എഫ്‌സി, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഹാൻഡ്‌സെറ്റിന് 173.16x81.07x8.2mm വലുപ്പവും 205 ഗ്രാം ഭാരവും ഉണ്ടാകാം. സുരക്ഷയ്ക്കായി ഫോണിൽ ഒരു സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്‍റ് സെൻസർ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News