റിയല്‍മി ജിടി 8 പ്രോ ഫ്ലാഗ്‌ഷിപ്പിന്‍റെ ഇന്ത്യന്‍ ലോഞ്ച് പ്രഖ്യാപിച്ചു. സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 പ്രോസസര്‍, 120 വാട്‌സ് അള്‍ട്രാ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 7000 എംഎഎച്ച് ബാറ്ററി എന്നിവ റിയല്‍മി ജിടി 8 പ്രോയിലുണ്ടാകും. 

ദില്ലി: റിയല്‍മി ജിടി 8 പ്രോ പ്രീമിയം സ്‌മാര്‍ട്ട്‌ഫോണ്‍ നവംബര്‍ 20ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. റീക്കോ ഇമേജിംഗുമായി റിയല്‍മിയുടെ സഹകരണത്തിന് കൂടി ഇതോടെ തുടക്കമാവും. 28എംഎം, 40എംഎം എന്നിങ്ങനെയുള്ള രണ്ട് ഫോക്കല്‍ ലെങ്തുകളിലുള്ള റീക്കോ ജിആര്‍ ക്യാമറയായിരിക്കും റിയല്‍മി ജിടി 8 പ്രോയുടെ ഹൈലൈറ്റ്. അഞ്ച് റീക്കോ ജിആര്‍ ടോണുകളും ഇതിലുള്‍പ്പെടും. ക്വാല്‍കോമിന്‍റെ ഏറ്റവും പുതിയ സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ഫ്ലാഗ്ഷിപ്പ് ചിപ്‌സെറ്റും 7000 എംഎഎച്ച് ബാറ്ററിയും 120 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗും സഹിതമാണ് റിയല്‍മി ജിടി 8 പ്രോ ഇന്ത്യന്‍ വിപണിയിലെത്തുക. നവംബര്‍ 20ന് ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 12 മണിക്കാണ് റിയല്‍മി ജിടി 8 പ്രോ പുറത്തിറങ്ങുക. റിയല്‍മിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ടീസര്‍ പേജ് ഇതിനകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കരുത്തുറ്റ പ്രോസസറും ബാറ്ററിയും

ക്വാല്‍കോമിന്‍റെ കരുത്തുറ്റ 3nm സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 സോക് ചിപ്പിലാണ് റിയല്‍മി ജിടി 8 പ്രോ തയ്യാറാക്കിയിരിക്കുന്നത്. LPDDR5X RAM, യുഎഫ്എസ് 4.1 സ്റ്റോറേജ് എന്നിവ ഇതുമായി സംയോജിപ്പിച്ചിരിക്കുന്നു. ആപ്പുകള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നതും മള്‍ട്ടിടാസ്‌കിംഗും ഇത് ഉറപ്പാക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ചിത്രങ്ങള്‍ എന്‍ഹാന്‍സ് ചെയ്യാനും ഡിസ്‌പ്ലെ പ്രോസസിംഗിനും എഐ-അധിഷ്‌ഠിത പ്രകടനത്തിനുമായി ഹൈപ്പര്‍ വിഷന്‍+ എഐ ചിപ്പും ചേര്‍ത്തിട്ടുണ്ട്. 120 വാട്‌സ് അള്‍ട്രാ വേഗമാര്‍ന്ന ചാര്‍ജിംഗ് കപ്പാസിറ്റിയുള്ള കരുത്തുറ്റ 7000 എംഎഎച്ച് ടൈറ്റാന്‍ ബാറ്ററിയാണ് റിയല്‍മി ജിടി 8 പ്രോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 7.66 മണിക്കൂര്‍ ബിജിഎംഐ ഗെയിംപ്ലേയും 21 മണിക്കൂര്‍ യൂട്യൂബ് സ്‌ട്രീമിംഗും 500+ മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയും ഈ ബാറ്ററി റിയല്‍മി ജിടി 8 പ്രോയ്ക്ക് ഉറപ്പുനല്‍കുമെന്നും പറയപ്പെടുന്നു. ഒരു ദിവസം മുഴുവന്‍ ഉപയോഗിക്കാനുള്ള ചാര്‍ജിന് 15 മിനിറ്റ് മാത്രം ചാര്‍ജ് ചെയ്‌താല്‍ മതിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 

റിയല്‍മി ജിടി 8 പ്രോ- ഡിസ്‌പ്ലെ വിവരങ്ങള്‍

ഉയര്‍ന്ന 7700 നിറ്റ്‌സും 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും വാഗ്‌ദാനം ചെയ്യുന്ന 2കെ റെസലൂഷന്‍ ഡിസ്‌പ്ലേയാണ് റിയല്‍മി ജിടി 8 പ്രോയുടെ ഇന്ത്യന്‍ വേരിയന്‍റിലുണ്ടാവുക. ഈടുനില്‍പ്പിന് പ്രാധാന്യം നല്‍കിക്കൂടിയാണ് റിയല്‍മി ജിടി 8 പ്രോ തയ്യാറാക്കിയിരിക്കുന്നത് എന്നാണ് കമ്പനിയുടെ അവകാശവാദം. ജലത്തിലും പൊടിയിലും നിന്നുള്ള പ്രതിരോധത്തിന് ഐപി69 റേറ്റിംഗാണ് റിയല്‍മി ജിടി 8 പ്രോയ്‌ക്ക് ലഭിച്ചിരിക്കുന്നത്. ഉപയോഗം കൂടിയാലും ഫോണിനെ ചൂടില്‍ നിന്ന് തടഞ്ഞുനിര്‍ത്താന്‍ വേപ്പര്‍ ചേംബര്‍ കൂളിംഗ് സംവിധാനം റിയല്‍മി ജിടി 8 പ്രോ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിയല്‍മി ജിടി 8 പ്രോയുടെ ഇന്ത്യയിലെ വേരിയന്‍റുകളും അവയുടെ വില വിവരങ്ങളും അറിവായിട്ടില്ല.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്