കഴിഞ്ഞ മാസം ചൈനയിൽ അവതരിപ്പിച്ച റെഡ്‍മി കെ90 പ്രോ മാക്‌സിന്‍റെ റീബ്രാൻഡഡ് പതിപ്പാണ് പോക്കോ എഫ് 8 അൾട്ര. പുത്തന്‍ സ്‌മാര്‍ട്ട്‌ഫോണിന്‍റെ വിവരങ്ങള്‍ വിശദമായി.
ചൈനീസ് സ്‍മാർട്ട്‌ഫോൺ നിർമ്മാതാക്കളായ പോകോ ഉടൻ തന്നെ പുതിയ സ്‍മാർട്ട്‌ഫോൺ സീരീസ് പുറത്തിറക്കിയേക്കും. പോകോ എഫ്8 പ്രോയും എഫ്8 അൾട്രയും നിരവധി സർട്ടിഫിക്കേഷൻ സൈറ്റുകളിൽ ലിസ്റ്റ് ചെയ്‌തിട്ടുണ്ട്. ബെഞ്ച്മാർക്കിംഗ് സൈറ്റായ ഗീക്ക്ബെഞ്ചിലും പോകോ എഫ്8 അൾട്ര ലിസ്റ്റ് ചെയ്‌തു. കഴിഞ്ഞ മാസം ചൈനയിൽ അവതരിപ്പിച്ച റെഡ്‍മി കെ90 പ്രോ മാക്‌സിന്‍റെ റീബ്രാൻഡഡ് പതിപ്പാണിത്.
പോകോ എഫ്8 പ്രോ, പോകോ എഫ്8 അൾട്ര
ഗീക്ക്ബെഞ്ചിൽ 25102PCBEG എന്ന മോഡൽ നമ്പറിൽ ഈ പുതിയ പോക്കോ സ്‍മാർട്ട്‌ഫോൺ പ്രത്യക്ഷപ്പെട്ടതായിട്ടാണ് പുതിയ റിപ്പോർട്ടുകൾ. പോക്കോ എഫ്8 അൾട്രയിൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസർ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് 16 ജിബി വരെ റാം ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ആൻഡ്രോയ്‌ഡ് 16 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസ് 3ൽ ആയിരിക്കും ഈ ഫോൺ പ്രവർത്തിക്കുക. ചൈനയിൽ അവതരിപ്പിച്ച റെഡ്‍മി കെ 90 പ്രോ മാക്‌സിന് സമാനമായി ഈ സ്‍മാർട്ട്‌ഫോൺ കാണപ്പെടുന്നു. ബാറ്ററി ഒഴികെ, ഇതിന്‍റെ സവിശേഷതകൾ റെഡ്‍മി കെ 90 പ്രോ മാക്‌സിന് സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ മാസം ചൈനയിൽ അവതരിപ്പിച്ച റെഡ്‍മി കെ 90 പ്രോ മാക്‌സിന് 7,500 എംഎഎച്ച് ബാറ്ററി ആണുള്ളത്. അതേസമയം പോക്കോ എഫ്8 അൾട്രയിൽ 6,500 എംഎഎച്ച് ബാറ്ററിയായിരിക്കും ഉള്‍പ്പെടാന്‍ സാധ്യത. വരാനിരിക്കുന്ന ഈ സ്‍മാർട്ട്‌ഫോണിൽ 120 ഹെർട്‍സ് റിഫ്രഷ് റേറ്റുള്ള 6.9 ഇഞ്ച് 2 കെ ഒഎൽഇഡി ഡിസ്‌പ്ലേ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. പോക്കോ എഫ്8 അൾട്രയിൽ പിന്നിൽ 50-മെഗാപിക്‌സൽ ട്രിപ്പിൾ ക്യാമറ യൂണിറ്റ് ലഭിച്ചേക്കും. ഇതിൽ ഒരു പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും ഉള്‍പ്പെട്ടേക്കാം. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50-മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ സ്‍മാർട്ട്‌ഫോണിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പോക്കോ എഫ്8 അൾട്ര 12 ജിബി റാമിലും 256 ജിബി സ്റ്റോറേജിലും 16 ജിബി + 512 ജിബി വേരിയന്‍റുകളിലും ലഭ്യമാകുമെന്നും ഈ സ്‍മാർട്ട്ഫോൺ നീല, കറുപ്പ് നിറങ്ങളിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.
പോക്കോ എഫ്7 അൾട്ര: സവിശേഷതകളും ഫീച്ചറുകളും
അതേസമയം, സ്‍നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണ് പോക്കോ എഫ്7 അൾട്രയ്ക്ക് കരുത്ത് പകരുന്നത്. 120 വാട്ട് വയർഡ്, 50 വാട്ട് വയർലെസ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,300 എംഎഎച്ച് ബാറ്ററിയാണ് ഈ സ്‍മാർട്ട്‌ഫോണിൽ ഉള്ളത്. പോക്കോ എഫ്7 അൾട്രയിൽ 50-മെഗാപിക്‌സൽ പ്രൈമറി ക്യാമറയുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8-മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ ലഭ്യമാണ്. അക്വാ ബ്ലൂ, ക്രോം സിൽവർ, കാർബൺ ബ്ലാക്ക് എന്നീ നിറങ്ങളിൽ ഈ സ്‌മാർട്ട്‌ഫോൺ ലഭ്യമാണ്. ഷവോമിയുടെ സബ് ബ്രാൻഡാണ് പോക്കോ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മിഡ്-റേഞ്ച് സ്‍മാർട്ട്‌ഫോണുകളിൽ പോക്കോയുടെ വിൽപ്പന വർദ്ധിച്ചിട്ടുണ്ട്.


