- Home
- Sports
- Cricket
- കാര്യവട്ടത്ത് സഞ്ജു പുറത്തിരിക്കും?, അഞ്ചാം ടി20യില്‍ ഇഷാന്‍ കിഷന്‍ തിരിച്ചെത്തും, ഇന്ത്യയുടെ സാധ്യതാ ഇലവൻ
കാര്യവട്ടത്ത് സഞ്ജു പുറത്തിരിക്കും?, അഞ്ചാം ടി20യില്‍ ഇഷാന്‍ കിഷന്‍ തിരിച്ചെത്തും, ഇന്ത്യയുടെ സാധ്യതാ ഇലവൻ
ന്യൂസിലന്‍ഡിനെതിരായ അവസാന ടി20 മത്സരത്തിന് കാര്യവട്ടത്തിറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ അടിമുടി മാറ്റങ്ങളുണ്ടായേക്കും. ഇഷാന്‍ കിഷന്‍ തിരിച്ചെത്തുമ്പോള്‍ ഹോം ഗ്രൗണ്ടില്‍ സഞ്ജു സാംസണ് അവസരം ലഭിക്കുമോയെന്നതാണ് പ്രധാന ചോദ്യം.

അടിമുടി മാറുമോ ഇന്ത്യ
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിന് ഇന്ത്യ തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലിറങ്ങുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ എന്തൊക്കെ മാറ്റമുണ്ടാകുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. വിശാഖപട്ടണത്ത് നടന്ന നാലാം ടി20യില്‍ 50 റണ്‍സിന്‍റെ കനത്ത തോല്‍വി വഴങ്ങിയ പശ്ചാത്തലത്തില്‍ കാര്യവട്ടം ടി20യില്‍ ടീമില്‍ അടിമുടി മാറ്റമുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ലോകകപ്പിന് മുമ്പുള്ള അവസാന മത്സരത്തിലും ഇന്ത്യ പരീക്ഷണങ്ങള്‍ക്ക് തയാറാകുമോ എന്നും കണ്ടറിയണം.
ഇഷാന്‍ കിഷന്‍ തിരിച്ചെത്തും
നേരിയ പരിക്കുമൂലം നാലാം ടി20യില്‍ നിന്ന് വിശ്രമം അനുവദിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ ശനിയാഴ്ച കാര്യവട്ടത്ത് നടക്കുന്ന അഞ്ചാം ടി20യില്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. കിഷന്‍ തിരിച്ചെത്തുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് സഞ്ജു പുറത്താകുമോ എന്നാണ് വലിയ ചോദ്യം. നാലാം ടി20യില്‍ കിഷന് പകരം പേസര്‍ അര്‍ഷ്ദീപ് സിംഗാണ് പ്ലേയിംഗ് ഇലവനിലെത്തിയത്. അതുകൊണ്ട് തന്നെ കിഷന്‍ തിരിച്ചെത്തുമ്പോള്‍ ബാറ്ററെ ഒഴിവാക്കേണ്ട സാഹചര്യം നിലവിലില്ല.
അഭിഷേക് തുടരും
നാലാം ടി20യില്‍ ഗോള്‍ഡന്‍ ഡക്കായി നിരാശപ്പെടുത്തിയെങ്കിലും അഭിഷേക് ശര്‍മ നല്‍കുന്ന മിന്നല്‍ തുടക്കമാണ് ഇന്ത്യയുടെ കരുത്തെന്നതിനാൽ അവസാന മത്സരത്തിലും അഭിഷേക് ഓപ്പണറായി തുടരും. അഭിഷേകിനൊപ്പം ഇഷാന്‍ കിഷനാണോ സഞ്ജുവാണോ ഓപ്പണ്‍ ചെയ്യുക എന്നത് മാത്രമാണ് വലിയ ചോദ്യമായി അവശേഷിക്കുന്നത്.
ഹോം ഗ്രൗണ്ടില്‍ സഞ്ജു പുറത്തോ
തിരുവനന്തപുരത്തെ ഹോം ഗ്രൗണ്ടില്‍ ഇന്ത്യൻ കുപ്പായത്തില്‍ സഞ്ജു സാംസണ്‍ കളിക്കുന്നത് കാണാനാവില്ലേയെന്ന ആസങ്ക മലയാളി ആരാധകര്‍ക്കുണ്ട്. പരമ്പരയിലെ ആദ്യ മൂന്ന് കളികളില്‍ ഒരു ഗോള്‍ഡന്‍ ഡക്കുള്‍പ്പെടെ 16 റണ്‍സ് മാത്രമടിച്ച സഞ്ജു വിശാഖപട്ടണത്ത് നടന്ന നാലാം ടി20യില്‍ 15 പന്തില്‍ 24 റണ്‍സടിച്ച് നല്ല തുടക്കമിട്ടെങ്കിലും വലിയ സ്കോര്‍ നേടാനാവഞ്ഞതും ഔട്ടായ രീതിയുമെല്ലാം കാര്യവട്ടത്ത് സഞ്ജു കളിക്കാനിറങ്ങുമോ എന്ന് സംശയം ഉയര്‍ത്തുന്നതാണ്. വിക്കറ്റ് കീപ്പിംഗിലും സഞ്ജു ഇന്നലെ നിരാശപ്പെടുത്തിയിരുന്നു. രവി ബിഷ്ണോയിയുടെ പന്തില്‍ മിച്ചല്‍ സാന്‍റ്നറുടെ നിര്‍ണായക ക്യാച്ച് കൈവിട്ട സഞ്ജു ഒരു റിവ്യു അവസരം വെറുതെ പാഴാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലോകകപ്പിന് മുമ്പ് സഞ്ജുവിന് ഫോം വീണ്ടെടുക്കാന്‍ ഒരവസരം കൂടി നല്‍കുമെന്ന് വിലയിരുത്തുന്നവരുമുണ്ട്.
സൂര്യനുദിക്കണം
തുടര്‍ച്ചയായ രണ്ട് അര്‍ധസെഞ്ചുറികള്‍ക്ക് ശേഷം വിശാഖപട്ടണത്ത് നിരാശപ്പെടുത്തി ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് നാലാം നമ്പറില്‍ തുടരുമ്പോള്‍ ശ്രേയസ് അയ്യര്‍ പ്ലേയിംഗ് ഇലവനില്‍ എത്താനുള്ള സാധ്യത വിരളമാണ്.
ഹാര്‍ദ്ദിക്കിന് വിശ്രമം
നാലാം മത്സരത്തില്‍ ബൗള്‍ ചെയ്യാതിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ ബാറ്റിംഗിനിറങ്ങിയപ്പോള്‍ 5 പന്തില്‍ രണ്ട് റണ്‍സെടുത്ത് നിരാശപ്പെടുത്തിയിരുന്നു. അക്സര്‍ പട്ടേല്‍ പരിക്കുമാറി തിരിച്ചെത്തിയാല്‍ ഹാര്‍ദ്ദിക്കിന് വിശ്രമം അനുവദിച്ചേക്കും.
റിങ്കു ഫിനിഷര്‍
നാലാം മത്സരത്തില്‍ നാലാം നമ്പറിലിറങ്ങിയ റിങ്കു സിംഗ് തന്നെയാകും ഫിനിഷറായി തുടരുക. വിശാഖപട്ടണത്ത് കൂട്ടത്തകര്‍ച്ചക്കിടെ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച റിങ്കും 30 പന്തില്‍ 39 റണ്‍സെടുത്ത് ഇന്ത്യയുടെ രണ്ടാമത്തെ വലിയ ടോപ് സ്കോററായിരുന്നു.
ദുബെ വെടിക്കെട്ട് തുടരും
വിശാഖപട്ടണത്ത് വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ശിവം ദുബെ കാര്യവട്ടത്തും അതാവര്‍ത്തിച്ചാല്‍ കാണികള്‍ക്ക് അത് വിരുന്നാകും. നാലാം ടി20യില്‍ പന്തെറിയാതിരുന്ന ദുബെക്ക് ഹാര്‍ദ്ദിക് കളിച്ചില്ലെങ്കില്‍ ബൗളിംഗിലും നിര്‍ണായക റോളുണ്ടാകും.
ഹര്‍ഷിത് പുറത്താകും
നാലാം ടി20 മത്സരത്തില്‍ ബാറ്റിംഗിലും ബൗളിംഗിലും നിറം മങ്ങിയ പേസര്‍ ഹര്‍ഷിത് റാണ കാര്യവട്ടത്ത് പ്ലേയിംഗ് ഇലവനില്‍ ഇടം നേടാന്‍ സാധ്യതയില്ല. ഹര്‍ഷിത് പുറത്താകുമ്പോള്‍ പകരം വരുണ്‍ ചക്രവര്‍ത്തിയാകും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തുക.
കുല്‍ദീപിന് നിര്‍ണായക റോള്‍
നാലാം ടി20യില്‍ റണ്‍സേറെ വഴങ്ങിയെങ്കിലും ന്യൂസിലന്‍ഡിന്‍റെ മധ്യ ഓവറുകളില്‍ നിര്‍ണായക വിക്കറ്റുകള്‍ എറിഞ്ഞിട്ട കുല്‍ദീപ് യാദവിന് കാര്യവട്ടത്തും വലിയ റോളുണ്ടാകും. മൂന്നാം സ്പിന്നറായി കുല്‍ദീപ് ആകും പ്ലേയിംഗ് ഇലവനില്‍.
എറിഞ്ഞിടാന്‍ ബുമ്ര
നാലാം ടി20യില്‍ ആദ്യ മൂന്ന് ഓവറില്‍ 18 റണ്‍സ് വഴങ്ങിയ ബുമ്ര പക്ഷെ അവസാന ഓവറില്‍ റണ്‍സേറെ വഴങ്ങിയെങ്കിലും ലോകകപ്പിനു മുമ്പുള്ള അവസാന മത്സരമായതിനാല്‍ പ്ലേയിംഗ് ഇലവനില്‍ തുടരും.
രണ്ടാം പേസറായി അര്‍ഷ്ദീപ്
ഗുവാഹത്തിയില്‍ അടി വാങ്ങിക്കൂട്ടിയെങ്കിലും വിശാഖപട്ടണത്ത് ഏറ്റവും കുറവ് റണ്‍സ് വഴങ്ങിയ ഇന്ത്യൻ ബൗളര്‍ അര്‍ഷ്ദീപായിരുന്നു. നാലോവറില്‍ 33 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത അര്‍ഷ്ദീപ് കാര്യവട്ടത്തും കളിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

