ബോളിവുഡ് സിനിമകളെ ഓർമ്മിപ്പിക്കും, ഗോവയിലെ ഈ 5 സ്ഥലങ്ങൾ കണ്ടിട്ടുണ്ടോ?
ഗോവയിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? എങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട 5 സ്ഥലങ്ങളുണ്ട്. ബട്ടർഫ്ലൈ ബീച്ച് മുതൽ അഞ്ജുന മാർക്കറ്റ് വരെ, നിങ്ങളുടെ ഗോവ യാത്ര പൂർണമാക്കുന്ന ആ ഇടങ്ങൾ ഇതാ.

മനം കവരുന്ന ഗോവ
ഒരുപാട് ഇന്ത്യക്കാർക്ക് ഗോവ ഒരു സ്വപ്ന ഡെസ്റ്റിനേഷനാണ്. നമ്മുടെ ബോളിവുഡ് സിനിമകൾ ഗോവയുടെ മനോഹരമായ ബീച്ചുകളും പോർച്ചുഗീസ് കാലത്തെ കെട്ടിടങ്ങളും കാണിച്ച് നമ്മളെ കൊതിപ്പിച്ചിട്ടുണ്ട്. നിങ്ങൾ സിനിമ ഇഷ്ടപ്പെടുന്ന ആളായാലും, സാഹസികത ഇഷ്ടപ്പെടുന്ന ആളായാലും, ഷോപ്പിങ് ഇഷ്ടപ്പെടുന്ന ആളായാലും, ഭക്ഷണപ്രിയനായാലും ഗോവയിൽ നിങ്ങൾക്കായി എന്തെങ്കിലുമൊക്കെയുണ്ടാകും. അപ്പോൾ, ഈ യാത്രയിൽ നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട 5 സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് അറിയാമോ?
ബട്ടർഫ്ലൈ ബീച്ച്
ഗോവയിൽ അധികമാരും അറിയാത്ത, ശാന്തമായ ഒരു ബീച്ചുണ്ടെങ്കിൽ അത് ബട്ടർഫ്ലൈ ബീച്ചാണ്. ആളുകൾ ഇതിനെ 'ഹണിമൂൺ ബീച്ച്' എന്നും വിളിക്കാറുണ്ട്. ഇടതൂർന്ന വനത്തിനോട് ചേർന്ന ഈ ബീച്ച്, സ്വകാര്യത ആഗ്രഹിക്കുന്ന ദമ്പതികൾക്ക് പറ്റിയ ഒരിടമാണ്. ചിത്രശലഭത്തിൻ്റെ ആകൃതിയുള്ളതുകൊണ്ടും ചുറ്റുമുള്ള മരങ്ങളിൽ വർണച്ചിറകുള്ള ചിത്രശലഭങ്ങളെ കാണാൻ കഴിയുന്നതുകൊണ്ടുമാണ് ഈ പേര് വന്നത്. പഴയ രീതിയിലുള്ള, ശാന്തമായ ബീച്ചുകൾ ഇഷ്ടപ്പെടുന്നവർക്ക് ഇവിടുത്തെ വൈബ് ഒരു രക്ഷയുമുണ്ടാവില്ല.
പനാജിയിലെ ഫോണ്ടെയ്ൻഹാസ്
ഇൻസ്റ്റഗ്രാമിൽ കുറച്ച് കിടിലൻ ഫോട്ടോകൾ എടുക്കണമെന്നുണ്ടോ? എങ്കിൽ നേരെ പനാജിയിലെ ഫോണ്ടെയ്ൻഹാസ് ഏരിയയിലേക്ക് വിട്ടോളൂ. 18-ാം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ പ്രദേശം ഇപ്പോൾ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇവിടുത്തെ വീടുകളെല്ലാം പോർച്ചുഗീസ് ശൈലിയിൽ പല നിറങ്ങളിലുള്ളതാണ്. സിനിമകളിലും പാട്ടുകളിലുമൊക്കെ നമ്മൾ കാണാറുള്ള ആ മനോഹരമായ തെരുവുകളാണിത്. ഈ വർണക്കെട്ടിടങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ ഏതെങ്കിലും യൂറോപ്യൻ രാജ്യത്തെത്തിയ പോലെ തോന്നും.
ചർച്ച് ഓഫ് ഔവർ ലേഡി
പനാജി നഗരഹൃദയത്തിലുള്ള ഈ പള്ളി ഗോവയിലെ ഏറ്റവും പഴക്കമുള്ളതും പ്രശസ്തവുമായതുമാണ്. 1541ൽ നിർമ്മിച്ച, ഈ വെട്ടിത്തിളങ്ങുന്ന വെള്ള പള്ളിയിലാണ് ഗോവയിലെ രണ്ടാമത്തെ വലിയ മണിയുള്ളത്. ഒരു കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന പള്ളിയിലേക്ക് കയറാൻ ഇരുവശത്തും പടികളുണ്ട്. എല്ലാ വർഷവും ഡിസംബറിൽ ഇവിടെ നടക്കുന്ന തിരുനാൾ കാണാൻ ധാരാളം വിനോദസഞ്ചാരികൾ എത്താറുണ്ട്.
ഡോണ പൗള ബീച്ച്
ആളുകൾ ഡോണ പൗള ബീച്ചിനെ 'പ്രണയിതാക്കളുടെ പറുദീസ' എന്നാണ് വിളിക്കുന്നത്. ഇവിടുത്തെ ജെട്ടിയിൽനിന്ന് അറബിക്കടലിൻ്റെ ഭംഗി കാണുന്നത് ഒരു പ്രത്യേക അനുഭവമാണ്. ഈ സ്ഥലപ്പേരിന് പിന്നിൽ ഒരു ദുരന്ത പ്രണയകഥയുണ്ട്. വൈസ്രോയിയുടെ മകളായ ഡോണ പൗള ഒരു സാധാരണ മീൻപിടിത്തക്കാരനുമായി പ്രണയത്തിലായി. എന്നാൽ പിതാവ് അവരുടെ വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടർന്ന്, അവർ ഈ പാറക്കെട്ടിൽനിന്ന് ചാടി ആത്മഹത്യ ചെയ്തുവെന്നാണ് കഥ. ഇവിടുത്തെ 'ഇമേജ് ഓഫ് ഇന്ത്യ' പ്രതിമയും തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ്.
അഞ്ജുന ഫ്ലീ മാർക്കറ്റ്
ഷോപ്പിങ് ഭ്രാന്താണോ? എങ്കിൽ നിങ്ങൾ അഞ്ജുന ഫ്ലീ മാർക്കറ്റിൽ പോയിരിക്കണം. 'ഹിപ്പി ഫ്ലീ മാർക്കറ്റുകളുടെ രാജ്ഞി' എന്നാണ് ഇവിടം അറിയപ്പെടുന്നത്. കരകൗശല വസ്തുക്കളും സ്റ്റൈലൻ വസ്ത്രങ്ങളും സമ്മാനങ്ങളുമെല്ലാം ഇവിടെ വളരെ കുറഞ്ഞ വിലയ്ക്ക് കിട്ടും. ഷോപ്പിങ്ങിനൊപ്പം ലൈവ് മ്യൂസിക്കും ബാൻഡ് പ്രകടനങ്ങളും ആസ്വദിക്കാം. ബീച്ചിനോട് ചേർന്നുള്ള ഷാക്കുകളിൽ ഇരുന്ന് കിടിലൻ സീഫുഡ് കഴിക്കാനും സൗകര്യമുണ്ട്. പക്ഷെ ഇവിടെ സാധനങ്ങൾ വാങ്ങുമ്പോൾ നന്നായി വിലപേശാൻ മറക്കരുത്!

