ഗോവൻ ഭക്ഷണം ഇഷ്ടമാണോ, പക്ഷേ മീൻ കഴിക്കില്ലേ? സാരമില്ല, ഇനി നല്ല കിടിലൻ ഗോവൻ കറി കഴിക്കാൻ മീൻ വേണമെന്നില്ല. തേങ്ങ അരച്ച് നല്ല കുറുകിയ, എരിവുള്ള ഒരു വെജിറ്റബിൾ കറി എളുപ്പത്തിൽ ഉണ്ടാക്കാം.

ഗോവ എന്ന് കേൾക്കുമ്പോൾ ബീച്ചുകൾ മാത്രമല്ല, അവിടുത്തെ ഭക്ഷണവും ലോകപ്രശസ്തമാണ്. പ്രത്യേകിച്ചും നല്ല എരിവും പുളിയും തേങ്ങാപ്പാലിന്റെ കൊഴുപ്പുമൊക്കെയുള്ള ഗോവൻ കറികൾ. സാധാരണയായി മീൻ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കാറ്. എന്നാൽ മീൻ കഴിക്കാത്തവർക്കായി ഒരു അടിപൊളി വെജിറ്റബിൾ ഗോവൻ കറി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

Add Asianetnews as a Preferred SourcegooglePreferred

എന്താണ് ഈ വെജ് ഗോവൻ കറിയുടെ പ്രത്യേകത?

ഈ കറിയുടെ പ്രധാന കൂട്ട് നല്ല പച്ചത്തേങ്ങയാണ്. തേങ്ങ അരച്ച് ചേർക്കുന്നത് കറിക്ക് നല്ല കൊഴുപ്പും ചെറിയ മധുരവും നൽകും. പുളിക്ക് വേണ്ടി വാളൻപുളി ചേർക്കുന്നു. കൂടെ വറ്റൽമുളകും വെളുത്തുള്ളിയും ഇഞ്ചിയുമൊക്കെ ചേരുമ്പോൾ കിട്ടുന്ന മണവും രുചിയും ഒന്ന് വേറെ തന്നെയാണ്.

ഗോവൻ കറി ഉണ്ടാക്കുന്ന വിധം

ഈ കറി വീട്ടിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം. നോൺ-വെജ് കഴിക്കാത്തവർക്ക് മീനിന് പകരം കാരറ്റ്, ഉരുളക്കിഴങ്ങ്, ബീൻസ്, കോളിഫ്ലവർ തുടങ്ങിയ പച്ചക്കറികൾ ഉപയോഗിച്ച് നല്ല കിടിലൻ കറിയുണ്ടാക്കാം.

ഗോവൻ വെജ് കറിക്ക് വേണ്ട ചേരുവകൾ

മിക്സഡ് പച്ചക്കറികൾ (കാരറ്റ്, ഉരുളക്കിഴങ്ങ്, ബീൻസ്, കോളിഫ്ലവർ) - 2 കപ്പ്

സവാള - 1 (ചെറുതായി അരിഞ്ഞത്)

തക്കാളി - 1 (ചെറുതായി അരിഞ്ഞത്)

തേങ്ങ ചിരകിയത് - 1 കപ്പ്

വറ്റൽമുളക് - 3-4 എണ്ണം

വെളുത്തുള്ളി - 4-5 അല്ലി

ഇഞ്ചി - 1 ഇഞ്ച് കഷ്ണം

ഗോവൻ കറി തയ്യാറാക്കുന്ന രീതി

  • ഗോവൻ കറി ഉണ്ടാക്കാനായി ആദ്യം തേങ്ങ, വറ്റൽമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവ അൽപം വെള്ളം ചേർത്ത് മിക്സിയിൽ നല്ല മഷിപോലെ അരച്ചെടുക്കുക.
  • ഇനി, എടുത്തുവെച്ചിരിക്കുന്ന പച്ചക്കറികളെല്ലാം ചെറുതായി ഒന്ന് വേവിച്ചെടുക്കുക. പകുതി വേവാകുമ്പോൾ മാറ്റിവെക്കണം.
  • ഒരു പാനിൽ എണ്ണ ചൂടാക്കി ജീരകം പൊട്ടിക്കുക. ശേഷം, അരിഞ്ഞുവെച്ച സവാള ചേർത്ത് ഇളം ഗോൾഡൻ നിറമാകുന്നതുവരെ വഴറ്റുക.
  • ഇതിലേക്ക് തക്കാളി ചേർത്ത് നന്നായി വഴറ്റുക. തക്കാളി വെന്തുടയുമ്പോൾ മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും ചേർത്ത് നന്നായി ഇളക്കണം.
  • ഇനി അരച്ചുവെച്ച തേങ്ങാക്കൂട്ട് ചേർത്ത് 2-3 മിനിറ്റ് നേരം വേവിക്കുക.
  • വേവിച്ചുവെച്ച പച്ചക്കറികൾ ഇതിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക.
  • പുളിവെള്ളവും ആവശ്യത്തിന് വെള്ളവും ഒഴിച്ച് 5-7 മിനിറ്റ് നേരം വേവിക്കാൻ വെക്കുക.
  • കറി ചെറുതായി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യാം. ചൂടോടെ വിളമ്പുക.
  • മുകളിൽ അൽപം മല്ലിയില വിതറി കുത്തരി ചോറിനൊപ്പമോ അല്ലെങ്കിൽ ജീര റൈസിനൊപ്പമോ കഴിക്കാം.