പാർട്ടി മാത്രമല്ല; അധികമാരും എത്താത്ത ഗോവയിലെ സുന്ദരൻ ഗ്രാമങ്ങൾ ഇവയാണ്
പാർട്ടികളുടെ ബഹളങ്ങൾക്കപ്പുറം ശാന്തമായ ഒരു മുഖം ഗോവയ്ക്കുണ്ട്. അധികമാർക്കും അറിയാത്ത മനോഹരമായ തീരദേശ ഗ്രാമങ്ങളാണവ. അഗോണ്ട, ബെതുൽ, മോർജിം, പിലേർനെ തുടങ്ങിയ ഗ്രാമങ്ങൾ പരിചയപ്പെടാം.

അഗോണ്ട
സൗത്ത് ഗോവയിലെ കാനക്കോണ താലൂക്കിലുള്ള വലിയ ഗ്രാമമാണ് അഗോണ്ട. ഒലിവ് റിഡ്‌ലി കടലാമകൾ മുട്ടയിടാൻ എത്തുന്ന ഗോവയിലെ നാല് ബീച്ചുകളിൽ ഒന്നാണിത്. സെപ്റ്റംബറിലാണ് ആമകൾ ഇവിടെയെത്തുന്നത്. പരമ്പരാഗത ഗോവൻ ഭംഗിക്കും ശാന്തതയ്ക്കും പേരുകേട്ട സ്ഥലമാണിത്. മത്സ്യബന്ധനവും കൃഷിയുമാണ് ഇവിടുത്തെ പ്രധാന തൊഴിൽ. ഫ്രഷ് സീഫുഡും പ്രാദേശിക വിഭവങ്ങളും ഇവിടെ കിട്ടും.

ബെതുൽ
സൗത്ത് ഗോവയിലെ സാൽസെറ്റിലുള്ള തീരദേശ ഗ്രാമമാണ് ബെതുൽ. ഇവിടുത്തെ കോട്ട, ബീച്ച്, ലൈറ്റ് ഹൗസ് എന്നിവ പ്രശസ്തമാണ്. പുരാതനമായ ബെതുൽ കോട്ടയും ശാന്തമായ ബെതുൽ ബീച്ചും സഞ്ചാരികളെ ആകർഷിക്കുന്നു. ഗ്രാമത്തിലെ ഇടുങ്ങിയ വഴികളിലൂടെ നടന്ന് ഗ്രാമീണരുമായി സംസാരിച്ച് അവരുടെ ജീവിതരീതി അടുത്തറിയാം.
മോർജിം
ചപ്പോര നദിയുടെ വടക്കേ തീരത്താണ് മോർജിം ഗ്രാമം. ഒലിവ് റിഡ്‌ലി ആമകളുടെ പ്രജനന കേന്ദ്രം കൂടിയാണിവിടം. ദേശാടനക്കിളികൾ ഉൾപ്പെടെ പലതരം പക്ഷികളെ ഇവിടെ കാണാം. കണ്ടൽക്കാടുകളും പക്ഷി സങ്കേതങ്ങളും നിറഞ്ഞ ഈ പ്രദേശം ഇക്കോ ടൂറിസത്തിനും പക്ഷിനിരീക്ഷണത്തിനും പേരുകേട്ടതാണ്. ചെറിയ മത്സ്യബന്ധന ഗ്രാമങ്ങൾ മോർജിമിൻ്റെ ശാന്തമായ അന്തരീക്ഷം നിലനിർത്തുന്നു.
പിലേർനെ
നോർത്ത് ഗോവയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾക്ക് അടുത്താണെങ്കിലും ഒരു നാട്ടിൻപുറത്തിൻ്റെ ഭംഗിയുള്ള ഗ്രാമമാണ് പിലേർനെ. ഗോവൻ കത്തോലിക്കരാണ് ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും. കുന്നുകളും നെൽപ്പാടങ്ങളും ഈ ഗ്രാമത്തിന് ചുറ്റുമുണ്ട്. ഏഷ്യൻ പാരഡൈസ് ഫ്ലൈക്യാച്ചർ, ഓറിയൻ്റൽ മാഗ്‌പൈ റോബിൻ, ഗോൾഡൻ ഓറിയോൾ തുടങ്ങിയ പലതരം പക്ഷികളെ ഇവിടെ കാണാം. പിലേർനെ തടാകവും മ്യൂസിയം ഓഫ് ഗോവയും സന്ദർശകർക്കായി തുറന്നിട്ടുണ്ട്.

