ഗോവയിലേക്ക് വിട്ടാലോ? കൊതിയൂറും 7 കിടിലൻ റെസ്റ്റോറൻ്റുകൾ
ഗോവൻ യാത്രക്കിടെ തനത് രുചികൾ ആസ്വദിക്കാൻ പ്ലാൻ ഉണ്ടോ? ഫിഷർമാൻസ് വാർഫ്, മാർട്ടിൻസ് കോർണർ പോലുള്ള തനി ഗോവൻ രുചികൾ വിളമ്പുന്ന റെസ്റ്റോറൻ്റുകൾ ഏറെ ഉണ്ട്. ഭക്ഷണപ്രേമികൾ തീർച്ചയായും സന്ദർശിക്കേണ്ട ഗോവയിലെ ഏഴ് റെസ്റ്റോറന്റുകൾ പരിചയപ്പെടാം.

ഗോവയിലെ കിടിലൻ റെസ്റ്റോറൻ്റുകൾ
പശ്ചിമഘട്ടത്തിൽ അറബിക്കടലിനാൽ ചുറ്റപ്പെട്ടാണ് ഗോവ സ്ഥിതി ചെയ്യുന്നത്. തെങ്ങിൻ തോപ്പുകൾ, ബീച്ചുകൾ, നൈറ്റ് ലൈഫ്, പോർച്ചുഗീസ്-കൊളോണിയൽ വാസ്തുവിദ്യ എന്നിവയെല്ലാം ഗോവയുടെ ആത്മാവാണ്. ബീച്ച് ഇഷ്ടപ്പെടുന്നവരുടെ സ്വപ്നഭൂമിയാണ് ഗോവ. ഇവയ്ക്കു പുറമേ, ഇവിടുത്തെ ഭക്ഷണ വൈവിധ്യം സഞ്ചാരികളുടെ മനസ്സ് കീഴടക്കും. ഗോവ സന്ദർശിക്കുമ്പോൾ മികച്ച ഭക്ഷണാനുഭവത്തിനായി തീർച്ചയായും പോയിരിക്കേണ്ട ചില കിടിലൻ റെസ്റ്റോറന്റുകൾ പരിചയപ്പെടാം.
കടൽക്കാറ്റേറ്റ് ഭക്ഷണം കഴിക്കാം
ദി ഫിഷർമാൻസ് വാർഫ്
സൗത്ത് ഗോവയിലെ കാവെലോസിമിലാണ് ഈ റെസ്റ്റോറന്റ് മനോഹരമായ ഈ റെസ്റ്റോറൻ്റ് സ്ഥിതിചെയ്യുന്നത്. കടൽക്കാറ്റേറ്റ് ഭക്ഷണം കഴിക്കാൻ പറ്റിയ ഒരിടം. ഇവരുടെ മെനുവിൽ നിറയെ സീഫുഡ് വിഭവങ്ങളാണ്. ഗോവൻ പോയി, റവ ഫ്രൈഡ് പ്രോൺസ് എന്നിവ ഇവിടെയെത്തിയാൽ ഉറപ്പായും പരീക്ഷിക്കണം.
വിനായക് ഫാമിലി റെസ്റ്റോറന്റ്
അസഗാവോയിൽ സ്ഥിതി ചെയ്യുന്ന ഈ റെസ്റ്റോറന്റ് തനി ഗോവൻ രുചികൾക്ക് പേരുകേട്ടതാണ്. നാട്ടുകാരുടെയും വിനോദസഞ്ചാരികളുടെയും ഇഷ്ടസ്ഥലമായതുകൊണ്ട് ഇവിടെ ഉച്ചഭക്ഷണത്തിന് നല്ല തിരക്കായിരിക്കും. അതിനാൽ നേരത്തെ എത്തുന്നത് നല്ലതാണ്.
മത്സ്യ വിഭവങ്ങൾ ആസ്വദിക്കാം
ഫാറ്റ് ഫിഷ്
2012ൽ ഫാഷൻ ഡിസൈനറായ പൂജ സരിനും റെസ്റ്റോറന്റ് ഉടമ പ്രശാന്ത് കോർഗോങ്കറും ചേർന്നാണ് ഈ സീഫുഡ് ഹബ്ബ് തുടങ്ങിയത്. മത്സ്യ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവരെ തൃപ്തിപ്പെടുത്തുന്ന ഒരിടം. സീസണൽ ചേരുവകൾ ഉപയോഗിക്കുന്നതുകൊണ്ട് ഇവിടുത്തെ വിഭവങ്ങൾക്ക് രുചി കൂടും. മീനുകൾ, കൊഞ്ച്, കണവ, ഞണ്ട്, ഫിംഗർ ഫുഡ് എന്നിവയുടെ വലിയ നിര തന്നെയുണ്ട്.
ഗൺപൗഡർ
അസഗാവോയിലെ ഈ റെസ്റ്റോറന്റിന് ആ പേര് കിട്ടിയത് 'മിളഗായ് പൊടി' എന്നറിയപ്പെടുന്ന ഗൺപൗഡർ മസാലയിൽ നിന്നാണ്. പ്രോൺ കറി, മീൻ കറി, അപ്പം തുടങ്ങിയ കിടിലൻ സൗത്ത് ഇന്ത്യൻ വിഭവങ്ങൾ ഇവിടെ കിട്ടും.
സീഫുഡ് ജങ്ഷൻ
തനി ഗോവൻ രുചിയും സ്വാദും ഒത്തുചേർന്ന വിഭവങ്ങളാണ് ഇവിടെയുള്ളത്. നൂറ്റാണ്ടിലേറെയായി തങ്ങൾ ഈ രംഗത്തുണ്ടെന്നാണ് സ്ഥാപകർ പറയുന്നത്. മാരിനേറ്റ് ചെയ്ത കണവ, ഫ്രഷ് ഞണ്ട് എന്നിവയെല്ലാം പ്ലേറ്റിലെത്തും. നോർത്ത് ഇന്ത്യൻ, കോണ്ടിനെന്റൽ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി തന്തൂരി വിഭവങ്ങളും ചൈനീസ് ഫ്യൂഷൻ സ്നാക്ക്സുമുണ്ട്.
ചെമ്മീൻ, ലോബ്സ്റ്റർ, ഞണ്ട്, കിങ്ഫിഷ്...
ജോട്ട്സ്
പണ്ട് ബോട്ടുകളും വലകളുമുള്ള ഒരു ഫിഷിങ് ഷെഡ് ആയിരുന്നു ഇത്. ജോസും ഭാര്യ എറ്റെൽവിനയും ചേർന്ന് മത്സ്യം പാകം ചെയ്ത് വിൽക്കാൻ തുടങ്ങിയതോടെ സംഗതി ഹിറ്റായി. അങ്ങനെയാണ് ജോട്ട്സ് എന്ന കടലോര റെസ്റ്റോറന്റ് ഉണ്ടാകുന്നത്. പോംഫ്രെറ്റ്, ചെമ്മീൻ, ലോബ്സ്റ്റർ, ഞണ്ട്, കിങ്ഫിഷ് എന്നിവയെല്ലാം റീച്ചാഡോ മസാലയിലോ ബട്ടർ ഗാർലിക്കിലോ ഇവിടെ കിട്ടും. ബീഫ് റോസ്റ്റ്, ബീഫ് അല്ലെങ്കിൽ കോറിസ് ചില്ലി ഫ്രൈ, ബീഫ് കട്ട്ലറ്റ് തുടങ്ങിയ ഗോവൻ വിഭവങ്ങളുമുണ്ട്.
മാർട്ടിൻസ് കോർണർ
1980കളിൽ ഇതൊരു ചെറിയ കടയായിരുന്നു. കാരംസ് കളിക്കാനും സോഫ്റ്റ് ഡ്രിങ്ക്‌സ് കുടിക്കാനും ആളുകൾ ഒത്തുകൂടിയിരുന്ന ഒരിടം. കരാഫിന പെരേരയുടെ സോർപോടലും കോറിസ് പാവോയും പ്രശസ്തമായതോടെ നാല് ടേബിളുകളുള്ള ചെറിയൊരു ഭക്ഷണശാലയായി. പിന്നീട് 300 പേർക്കിരിക്കാവുന്ന വലിയ റെസ്റ്റോറന്റായി വളർന്നു. നാട്ടുകാർക്കും സെലിബ്രിറ്റികൾക്കും ഒരുപോലെ പ്രിയപ്പെട്ട ഇടമാണിത്. ഹോർക്ക് വിന്താലു, ചിക്കൻ ക്സാകുട്ടി, പ്രോൺ കാൽഡിൻ, സാൾട്ടഡ് ടങ് തുടങ്ങിയ ഗോവൻ വിഭവങ്ങളാണ് ഇവിടുത്തെ ആകർഷണം.

