ഹെറിറ്റേജ് വാക്കുകളിലൂടെയും നാടൻ ഭക്ഷണം ആസ്വദിച്ചുള്ള യാത്രകളിലൂടെയും ടൂറിസത്തിന് പുതിയ മുഖം നൽകുകയാണ് 'മേക്ക് ഇറ്റ് ഹാപ്പൻ' എന്ന സംരംഭം. ഗോവൻ ദമ്പതികളായ മരിയ വിക്ടറും മുരളി ശങ്കരനും ആണ് സംരംഭത്തിൻ്റെ പങ്കാളികൾ. 

ജീവിതത്തിലെ ചില അനിശ്ചിതത്വങ്ങൾക്കിടയിൽ സ്വന്തം വഴി തേടിയിറങ്ങിയ രണ്ടുപേർ. ഇന്ന് അവരുടെ യാത്ര ഇന്ത്യയിലെ ഏറ്റവും മികച്ച യാത്രാനുഭവങ്ങൾ നൽകുന്ന സംരംഭങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. ഹെറിറ്റേജ് വാക്കുകളിലൂടെയും നാടൻ ഭക്ഷണം ആസ്വദിച്ചുള്ള യാത്രകളിലൂടെയും തനത് സംസ്കാരം തൊട്ടറിഞ്ഞും 'മേക്ക് ഇറ്റ് ഹാപ്പൻ' എന്ന ഈ ഗോവൻ സംരംഭം ടൂറിസത്തിന് ഒരു പുതിയ മുഖം നൽകുകയാണ്. ഓരോ യാത്രയിലും നാട്ടുകാരെയും അവരുടെ കഥകളെയും ഒപ്പം കൂട്ടിയാണ് ഇവർ മുന്നോട്ടുപോകുന്നത്.

മരിയ വിക്ടർ തുടക്കമിട്ട്, പിന്നീട് മുരളി ശങ്കരൻ കൂടി പങ്കാളിയായ ഈ സ്ഥാപനം ഇതുവരെ 65,000ത്തിലധികം സഞ്ചാരികൾക്ക് ആതിഥേയത്വം വഹിച്ചു. ഗോവ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലെ സാധാരണക്കാർക്ക് മികച്ച വരുമാന മാർഗം കൂടിയാണ് ഇന്ന് 'മേക്ക് ഇറ്റ് ഹാപ്പൻ'.

കോർപറേറ്റ് ജീവിതത്തിൽനിന്ന് യാത്രകളിലേക്ക്

‘മേക്ക് ഇറ്റ് ഹാപ്പൻ’ ഒരു ബ്രാൻഡായി മാറുന്നതിനും മുൻപേ മരിയ വിക്ടറിൻ്റെ യാത്രകൾ തുടങ്ങിയിരുന്നു. മികച്ചൊരു കോർപറേറ്റ് ജോലി ഉണ്ടായിരുന്നെങ്കിലും താൻ ചെയ്യുന്ന ജോലിയിൽ അവർ പൂർണ സംതൃപ്തയായിരുന്നില്ല.

2011ൽ അവർ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലുടനീളം യാത്രകൾ തുടങ്ങി. ലഡാക്ക്, സ്പിതി മുതൽ നാഗാലാൻഡ്, ഗുജറാത്ത് വരെ അവർ സഞ്ചരിച്ചു. വെറുതെ സ്ഥലങ്ങൾ കാണുന്നതിലുപരി അവിടുത്തെ ആളുകളെയും അവരുടെ ജീവിതരീതികളെയും സംസ്കാരത്തെയും അടുത്തറിയാനായിരുന്നു മരിയയുടെ ശ്രമം. ചെറുസംഘങ്ങളായി യാത്രകൾ സംഘടിപ്പിച്ചു തുടങ്ങിയപ്പോൾ, വെറുതെ സ്ഥലങ്ങൾ കണ്ടുപോകുന്നതിനപ്പുറം ആഴത്തിലുള്ള അനുഭവങ്ങളാണ് ആളുകൾ ആഗ്രഹിക്കുന്നതെന്ന് അവർ തിരിച്ചറിഞ്ഞു.

"യാത്ര എനിക്കൊരിക്കലും സ്ഥലങ്ങൾ കണ്ടുതീർക്കലായിരുന്നില്ല. ലോകത്തെ അടുത്തറിയാനും അതിൽ ലയിച്ചുചേരാനുമുള്ള ഒരവസരമായിരുന്നു അത്"- മരിയ പറയുന്നു. ഈ ചിന്തയിൽ നിന്നാണ് 'മേക്ക് ഇറ്റ് ഹാപ്പൻ' എന്ന ചെറിയ ട്രാവൽ ക്ലബ്ബിന് തുടക്കമിടുന്നത്. നാട്ടുകാരുമായി ചേർന്ന് വ്യത്യസ്തമായ യാത്രാനുഭവങ്ങൾ നൽകുക എന്നതായിരുന്നു ലക്ഷ്യം.

ജീവിതം മാറ്റിമറിച്ച ഗ്രാമീണാനുഭവം

നേപ്പാളിലെ ധംപുസ് ഗ്രാമത്തിലേക്കുള്ള യാത്രയ്ക്കിടെയുണ്ടായ ഒരനുഭവമാണ് മരിയയുടെ ജീവിതത്തിൽ വഴിത്തിരിവായത്. അവിടുത്തെ ഒരു ഷാൾ വിൽപ്പനക്കാരൻ തൻ്റെ ഫോട്ടോ എടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് അവരോട് പറഞ്ഞു: "ഞങ്ങൾക്ക് ലോകം കാണാൻ കഴിഞ്ഞില്ലെങ്കിലും ലോകത്തിന് ഞങ്ങളെ കാണാമല്ലോ”.

ആ ഒരൊറ്റ നിമിഷം ടൂറിസത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് മാറ്റിമറിച്ചു. യാത്രകൾ സഞ്ചാരികൾക്ക് മാത്രമല്ല, ആതിഥേയത്വം വഹിക്കുന്ന സമൂഹത്തിനും പ്രയോജനകരമാകണമെന്ന് അവർ തിരിച്ചറിഞ്ഞു. അങ്ങനെ, 'മേക്ക് ഇറ്റ് ഹാപ്പൻ' നാട്ടുകാർക്ക് കഥകൾ പറയാനും ആതിഥേയരാകാനും സാംസ്കാരിക അംബാസഡർമാരാകാനുമുള്ള ഒരു വേദിയായി മാറി. പൈതൃകം, ഭക്ഷണം, സംഗീതം, കൃഷി, ദൈനംദിന ജീവിതം എന്നിവയിൽ വേരൂന്നിയ അനുഭവങ്ങൾ കമ്പനി ഒരുക്കാൻ തുടങ്ങി.

ഹിമാലയത്തിൽ ഒന്നിച്ച രണ്ട് വഴികൾ

ഏകദേശം ഇതേ കാലയളവിൽ, ഗെയിമിങ് ഇൻഡസ്ട്രിയിൽ ജോലി ചെയ്തിരുന്ന മുരളി ശങ്കരനും ബാക്ക്പാക്കിങ് യാത്രകളിലൂടെ ഇന്ത്യയെ കണ്ടെത്തുകയായിരുന്നു. ലഹോൾ-സ്പിതിയിൽ വെച്ചുള്ള ഒരു യാത്രയ്ക്കിടെയാണ് ഇരുവരും കണ്ടുമുട്ടുന്നതും യാത്രാ സങ്കൽപ്പങ്ങൾ പങ്കുവെക്കുന്നതും.

2017ഓടെ മുരളി ഔദ്യോഗികമായി കമ്പനിയുടെ സഹസ്ഥാപകനായി. അതോടെ 'മേക്ക് ഇറ്റ് ഹാപ്പൻ' കൂടുതൽ ചിട്ടയായ ഒരു യാത്രാ സംരംഭമായി വളർന്നു. ഇന്ന് ഗോവയിലെ ഫോണ്ടെയ്ൻഹാസിലെ ഹെറിറ്റേജ് വാക്കുകൾ (നമ്മുടെ ഫോർട്ട് കൊച്ചിയിലെ പോലെയുള്ള അനുഭവങ്ങൾ), ദ്വീപുകളിലേക്കുള്ള യാത്രകൾ, ഫുഡ് ട്രെയിലുകൾ, ആർട്ട് വർക്ക്ഷോപ്പുകൾ എന്നിവയുൾപ്പെടെ 50ലധികം അനുഭവങ്ങൾ ഇവർ ഒരുക്കുന്നുണ്ട്.

കഥ പറഞ്ഞ് ജീവിതം പടുത്തുയർത്തുന്നു

ടൂറിസത്തിനപ്പുറം, പ്രാദേശിക സമൂഹങ്ങളിൽ തൊഴിലവസരങ്ങളും അഭിമാനവും സൃഷ്ടിക്കാൻ ഈ സംരംഭത്തിന് കഴിഞ്ഞു. കമ്പനിയുടെ വരുമാനത്തിന്റെ 50 മുതൽ 55 ശതമാനം വരെ നാട്ടുകാരായ പങ്കാളികൾക്കാണ് നൽകുന്നത്. നൂറിലധികം പേർ ഇന്ന് ഈ സംരംഭത്തിൻ്റെ ഭാഗമാണ്.

മഹാമാരിക്കാലത്ത് ജോലി നഷ്ടപ്പെട്ട പവൻ ഗൊറന്റ്‌ലയുടെ ജീവിതം മാറ്റിമറിച്ചത് ഈ സ്ഥാപനമാണ്. "ഇന്ന് ഞാൻ ടൂറുകൾക്ക് നേതൃത്വം നൽകുന്നു, ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള ആളുകളെ കാണുന്നു. ഇതൊരിക്കലും ഒരു ജോലിയായി തോന്നുന്നില്ല"- അദ്ദേഹം പറയുന്നു. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിൽ 20 സ്ഥലങ്ങളിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കാനാണ് സ്ഥാപകർ ലക്ഷ്യമിടുന്നത്. സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും സുസ്ഥിരമായ ഉപജീവനമാർഗങ്ങൾ സൃഷ്ടിക്കുന്നതിനും ഇത്തരം യാത്രാനുഭവങ്ങൾക്ക് കഴിയുമെന്നാണ് ഇവർ വിശ്വസിക്കുന്നത്.