അന്ന് ഐഫോണിന് പകരം വെള്ളി വാങ്ങിയിരുന്നെങ്കിൽ നിങ്ങള്‍ ഇന്ന് ലക്ഷാധിപതി!
രാജ്യത്ത് വെള്ളി വില ഉയരുകയാണ്. വെള്ളിയിൽ നിക്ഷേപിച്ചവർ ഒരു വർഷം കൊണ്ട് ലക്ഷാധിപതികളായി. കഴിഞ്ഞ വർഷം ആപ്പിളിന്‍റെ ഐഫോൺ 17 പ്രോ വാങ്ങുന്നതിന് പകരം ഒരു കിലോ വെള്ളി വാങ്ങിയിരുന്നെങ്കിൽ നിങ്ങള്‍ക്ക് ഇപ്പോള്‍ ലക്ഷാധിപതികളായി വിലസാമായിരുന്നു എന്നറിയുമോ?

ഐഫോൻ 17 പ്രോ ലോഞ്ച് ചെയ്‌ത ദിവസത്തെ വെള്ളി വില
ആപ്പിൾ ഐഫോൺ 17 പ്രോ 2025 സെപ്റ്റംബർ 19-നാണ് പുറത്തിറക്കിയത്. ലോഞ്ച് സമയത്ത് ഐഫോണ്‍ 17 പ്രോയുടെ ഇന്ത്യയിലെ വില 1,34,900 രൂപയായിരുന്നു. ആപ്പിളിന്‍റെ പുതിയ ഫ്ലാഗ്ഷിപ്പ് ഫോൺ വന്നപ്പോൾ തന്നെ ടെക് പ്രേമികൾ ഏറെയത് വാങ്ങി. അതേസമയത്ത് ഒരു കിലോ വെള്ളിയുടെ വില ഏകദേശം 1,30,000 രൂപയായിരുന്നു. അതായത്, അന്ന് ഐഫോണ്‍ 17 പ്രോയുടെ സ്ഥാനത്ത് നിങ്ങള്‍ക്ക് വേണമെങ്കില്‍ ഒരു കിലോ വെള്ളി വാങ്ങാമായിരുന്നു.
വില വർധനവിലെ താരതമ്യം
ഐഫോൺ 17 പ്രോ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമ്പോൾ വില 1,34,900 രൂപയായിരുന്നു എന്ന് പറഞ്ഞല്ലോ, അന്ന് ഒരു കിലോ വെള്ളിയുടെ വില 1,30,000 രൂപയും. എന്നാലിപ്പോള്‍ ഒരു കിലോ വെള്ളിയുടെ വില 3,87,000 രൂപയായി ഉയർന്നിരിക്കുകയാണ്. അതായത്, ഒരു വർഷത്തിനുള്ളിൽ രാജ്യത്ത് വെള്ളിയുടെ വിലയിലുണ്ടായത് ഏകദേശം മൂന്നിരട്ടി വർധനവ്. എന്നാൽ അന്ന് വാങ്ങിയ ഐഫോൺ 17 പ്രോ ഇന്ന് വിറ്റാൽ 80,000 രൂപ ലഭിച്ചാല്‍ ഭാഗ്യം.
ഈ താരതമ്യം ശരിയാണോ?
ഐഫോൺ 17 പ്രോയെ വെള്ളിയുമായി താരതമ്യം ചെയ്യുന്നത് ശരിയാണോ എന്ന് ചോദിച്ചാൽ ടെക് പ്രേമികൾക്കിടയില്‍ എതിരഭിപ്രായം ഉണ്ടാകാം. നല്ല ഫോൺ ഉപയോഗിക്കുന്നതും നല്ല വസ്ത്രം ധരിക്കുന്നതും സ്റ്റാറ്റസ് സിംബലായി കാണുന്നവര്‍ ഏറെയുള്ള കാലമാണിത്. അങ്ങനെയുള്ളപ്പോൾ, പണമെല്ലാം നിക്ഷേപമായി മാറ്റിയാൽ ജീവിതം എങ്ങനെ ആസ്വദിക്കും എന്ന് ചോദിക്കുന്നവരുമുണ്ടാകും. അതിനാൽ ഈ അഭിപ്രായങ്ങൾ ഓരോ വ്യക്തിയുടെയും ചിന്താഗതി അനുസരിച്ച് മാറും.
വെള്ളി വില എന്തുകൊണ്ട് വർധിക്കുന്നു?
* വെള്ളിയുടെ വില വർധിക്കുന്നതിനുള്ള പ്രധാന കാരണം അതിൻ്റെ ഉപയോഗം വർധിച്ചതാണ്. സോളാർ പാനലുകൾ, ഇലക്‌ട്രോണിക്‌സ്, വൈദ്യുത മേഖലകളിൽ വെള്ളി വ്യാപകമായി ഉപയോഗിക്കുന്നു.
* സാമ്പത്തിക വിപണിയിൽ അസ്ഥിരതയുണ്ടാകുമ്പോൾ, ആളുകൾ വെള്ളിയും സ്വർണ്ണവും പോലുള്ള ലോഹങ്ങളിൽ താൽപ്പര്യം കാണിക്കുന്നു. ഇതും വെള്ളി വില വർധിക്കാൻ ഒരു കാരണമാണ്.
വെള്ളി വില ഇനിയും ഉയരുമോ?
നിലവിലെ വിപണി വിലയിരുത്തലുകൾ അനുസരിച്ച്, വെള്ളിയുടെ വില ഇനിയും ഉയരാൻ സാധ്യതയുണ്ട്. സമീപഭാവിയിൽ വെള്ളി വില 4 ലക്ഷം രൂപ കടക്കാൻ സാധ്യതയുണ്ടെന്ന് ചില കണക്കുകള്‍ പറയപ്പെടുന്നു. 2026 അവസാനത്തോടെ ഒരു കിലോ വെള്ളിയുടെ വില 4.6 ലക്ഷം രൂപയിലെത്തിയാലും അതിശയിക്കാനില്ലെന്നും വിദഗ്‌ധര്‍ പറയുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

