അമിത മദ്യപാനം ഓർമ്മശക്തി കുറയ്ക്കുന്നതായി പഠനം. ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ആൽക്കഹോൾ അബ്യൂസ് ആൻഡ് ആൽക്കഹോളിസത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.
മദ്യപാനം തലച്ചോറിന്റെ പ്രവർത്തനത്തെയും ഘടനയെയും നേരിട്ട് ബാധിക്കുന്നതായി പഠനം. അമിതമായ മദ്യപാനം മെമ്മറിയെ തകരാറിലാക്കുകയും ഡിമെൻഷ്യയുടെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. അൽഷിമേഴ്‌സ് സാധ്യത കുറയ്ക്കാനും ഓർമ്മശക്തി മെച്ചപ്പെടുത്താനും മദ്യം ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണെന്നും ഗവേഷകർ പറയുന്നു.
മദ്യപാനവും അൽഷിമേഴ്സ് രോഗവും
പതിവായുള്ള മദ്യപാനം തലച്ചോറിന്റെ ആശയവിനിമയത്തെ തടസ്സപ്പെടുത്തുക ചെയ്യും. ദീർഘകാലം അമിതമായി മദ്യപിക്കുന്നത് ന്യൂറോണുകളിൽ മാറ്റങ്ങൾക്ക് കാരണമാകും. ഉദാഹരണത്തിന് അവയുടെ വലുപ്പം കുറയുന്നത്, ഇത് വൈജ്ഞാനിക പ്രവർത്തനങ്ങളെ തകരാറിലാക്കുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ആൽക്കഹോൾ അബ്യൂസ് ആൻഡ് ആൽക്കഹോളിസത്തിൽ (NIAAA) പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ദീർഘകാല മദ്യപാനം തലച്ചോറിന്റെ നാഡീ പാതകളെ പ്രത്യേകിച്ച് ഓർമ്മ രൂപീകരണത്തിലും വീണ്ടെടുക്കലിലും ഉൾപ്പെട്ടിരിക്കുന്നവയെ തടസ്സപ്പെടുത്തിയേക്കാം.
മദ്യത്തിന്റെ ദുരുപയോഗം പലപ്പോഴും പോഷകാഹാരക്കുറവിലേക്ക് നയിക്കുന്നു. പ്രത്യേകിച്ച് തയാമിന്റെ (വിറ്റാമിൻ ബി 1) അഭാവം. തലച്ചോറിലെ കോശങ്ങളിലെ ഊർജ്ജ ഉൽപ്പാദനത്തിന് തയാമിൻ അത്യാവശ്യമാണ്. ഇതിന്റെ കുറവ് വെർണിക്കെ-കോർസകോഫ് സിൻഡ്രോം പോലുള്ള അവസ്ഥകൾക്ക് കാരണമാകും. ഇത് ഗുരുതരമായ ഓർമ്മക്കുറവിനും ഇടയാക്കുന്നതായി ഗവേഷകർ പറയുന്നു.
അമിതമായ മദ്യപാനം കരളിനെയോ ഹൃദയത്തെയോ മാത്രമല്ല ബാധിക്കുന്നത് തലച്ചോറിനും ഗുരുതരമായ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുന്നതും ഓർമ്മ, ചിന്ത, പെരുമാറ്റം, ദൈനംദിന ജോലികൾ ചെയ്യാനുള്ള കഴിവ് എന്നിവയെ ബാധിക്കുന്നതുമായ രോഗാവസ്ഥയാണ് ഡിമെൻഷ്യ എന്ന് പറയുന്നത്.
പരിധിക്കപ്പുറം മദ്യപിക്കുന്നത് അൽഷിമേഴ്സ് രോഗം ഉൾപ്പെടെയുള്ള ഡിമെൻഷ്യ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു. കാലക്രമേണ മിതമായ അളവിൽ മദ്യം കഴിക്കുന്നത് പോലും തലച്ചോറിലെ സങ്കോചം, പ്ലാക്ക് അടിഞ്ഞുകൂടൽ തുടങ്ങിയ മാറ്റങ്ങളെ ത്വരിതപ്പെടുത്തിയേക്കാം. അൽഷിമേഴ്‌സ് രോഗം ഉൾപ്പെടെയുള്ള വിവിധ തരത്തിലുള്ള ഡിമെൻഷ്യകൾക്കുള്ള അപകട ഘടകമാണ് അമിത മദ്യപാനം.
