ദിവസവും രാവിലെ എഴുന്നേറ്റ ഉടൻ 10 മുതൽ 15 മിനിറ്റ് വരെ തണുത്ത ഗ്രീൻ ടീ ബാഗുകൾ കണ്ണുകൾക്ക് മുകളിൽ വയ്ക്കുന്നത് കണ്ണുകൾ വീർത്തിരിക്കുന്നത് തടയുന്നു.
രാവിലെ എഴുന്നേൽക്കുമ്പോൾ കാണുന്ന വീർത്ത കണ്ണുകളെ ആർക്കും ഇഷ്ടമുണ്ടാകില്ല. ഇത് പലപ്പോഴും സമ്മർദ്ദം, ഉറക്കക്കുറവ്, നിർജ്ജലീകരണം, അല്ലെങ്കിൽ അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിവ മൂലമാണ് ഉണ്ടാകുന്നത്. അടുത്തിടെ, ഡെർമറ്റോളജിസ്റ്റ് ഗുർവീൻ വാറൈച്ച് ഗരേക്കർ വീർത്ത കണ്ണുകൾ അകറ്റുന്നതിന് സഹായിക്കുന്ന ചില പ്രതിവിധികളെ കുറിച്ച് പങ്കുവച്ചിരുന്നു.
ദിവസവും രാവിലെ എഴുന്നേറ്റ ഉടൻ 10 മുതൽ 15 മിനിറ്റ് വരെ തണുത്ത ഗ്രീൻ ടീ ബാഗുകൾ കണ്ണുകൾക്ക് മുകളിൽ വയ്ക്കുന്നത് കണ്ണുകൾ വീർത്തിരിക്കുന്നത് തടയുന്നു. ഗ്രീൻ ടീയിൽ കാണപ്പെടുന്ന കഫീനും ആന്റിഓക്‌സിഡന്റുകളും രക്തക്കുഴലുകൾ ശക്തമാക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു. ഇത് വീക്കം ഗണ്യമായി കുറയ്ക്കുന്നു.
കണ്ണിനടിയിൽ കഫീൻ അടങ്ങിയ സെറം ഉപയോഗിക്കാനും അവർ നിർദേശിക്കുന്നു. ചർമ്മത്തിലെ വീക്കവും കറുത്ത വൃത്തങ്ങളും കുറയ്ക്കാനും മൈക്രോ സർക്കുലേഷൻ വർദ്ധിപ്പിക്കാനും സഹായിക്കുന്ന ഒരു ഘടകമാണ് കഫീൻ. ഭക്ഷണക്രമം നിയന്ത്രിക്കേണ്ടതിന്റെ പ്രാധാന്യവും, പ്രത്യേകിച്ച് ഉപ്പ് കഴിക്കുന്നത് പരിമിതപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ഗുർവീൻ വാറൈച്ച് പറയുന്നു.
ഉപ്പിന്റെ അമിത ഉപയോഗം വെള്ളം നിലനിർത്തുന്നതിന് കാരണമാകുന്നു. ഇത് കണ്ണുകൾക്ക് താഴെയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും വീക്കം ഉണ്ടാക്കും. ഉപ്പ് കുറയ്ക്കുന്നത് ഹൃദയാരോഗ്യത്തിനും സഹായിക്കുന്നതായി അവർ പറയുന്നു. ഉറക്കത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും രാത്രിയിൽ മഗ്നീഷ്യം സപ്ലിമെന്റുകൾ കഴിക്കുന്നതും നല്ലതാണ്. മഗ്നീഷ്യം സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.


