ആർത്തവവിരാമത്തോടെയോ അല്ലെങ്കിൽ അതിന് തൊട്ടുമുമ്പോ സ്ത്രീശരീരത്തിൽ ഈസ്ട്രജൻ എന്ന ഹോർമോണിന്റെ അളവ് ഗണ്യമായി കുറയുന്നു. യോനി, മൂത്രനാളി, മൂത്രസഞ്ചി എന്നിവയുടെ ആരോഗ്യവും സ്വാഭാവിക ഈർപ്പവും ഇലാസ്തികതയും നിലനിർത്തുന്നതിൽ ഈസ്ട്രജൻ ഹോർമോൺ നിർണായക പങ്കാണ് വഹിക്കുന്നത്.
ആർത്തവവിരാമം എന്നത് ഏതൊരു സ്ത്രീയുടെയും ജീവിതത്തിലെ സ്വാഭാവികവും നിർണായകവുമായ ഒരു ഘട്ടമാണ്. എന്നാൽ ഈ സമയത്ത് ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ പലവിധ ശാരീരിക-മാനസിക അസ്വസ്ഥതകൾക്ക് വഴിവെക്കാറുണ്ട്.
ശരീരത്തിൽ പെട്ടെന്ന് കഠിനമായ ചൂട് അനുഭവപ്പെടുക, സ്വഭാവ വ്യതിയാനങ്ങൾ, ഉറക്കമില്ലായ്മ എന്നിവയെക്കുറിച്ച് പലരും തുറന്നു സംസാരിക്കാറുണ്ടെങ്കിലും, പല സ്ത്രീകളും നാണക്കേട് കൊണ്ടോ ലജ്ജ കൊണ്ടോ ആരോടും പറയാതെ നിശബ്ദമായി സഹിക്കുന്ന ഒരു രോഗാവസ്ഥയാണ് ആർത്തവവിരാമവുമായി ബന്ധപ്പെട്ട ജനിറ്റോയൂറിനറി സിൻഡ്രോം (Genitourinary Syndrome of Menopause).
എന്താണ് ജനിറ്റോയൂറിനറി സിൻഡ്രോം (ജി.എസ്.എം)?
ആർത്തവവിരാമത്തോടെയോ അല്ലെങ്കിൽ അതിന് തൊട്ടുമുമ്പോ സ്ത്രീശരീരത്തിൽ ഈസ്ട്രജൻ എന്ന ഹോർമോണിന്റെ അളവ് ഗണ്യമായി കുറയുന്നു. യോനി, മൂത്രനാളി, മൂത്രസഞ്ചി എന്നിവയുടെ ആരോഗ്യവും സ്വാഭാവിക ഈർപ്പവും ഇലാസ്തികതയും നിലനിർത്തുന്നതിൽ ഈസ്ട്രജൻ ഹോർമോൺ നിർണായക പങ്കാണ് വഹിക്കുന്നത്.
ഈസ്ട്രജന്റെ അളവ് കുറയുമ്പോൾ ഈ ഭാഗങ്ങളിലെ കോശങ്ങളുടെ സാന്ദ്രത കുറയുകയും, രക്തയോട്ടവും ഈർപ്പവും നഷ്ടപ്പെടുകയും ചെയ്യുന്നു. ലൈംഗിക അവയവങ്ങളെയും മൂത്രാശയ സംവിധാനത്തെയും ഒരുപോലെ ബാധിക്കുന്ന ഈ സങ്കീർണമായ രോഗലക്ഷണങ്ങളെയാണ് വൈദ്യശാസ്ത്രത്തിൽ ജനിറ്റോയൂറിനറി സിൻഡ്രോം എന്ന് വിളിക്കുന്നത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
പ്രധാന ലക്ഷണങ്ങൾ
ജനിറ്റോയൂറിനറി സിൻഡ്രോമിന്റെ ലക്ഷണങ്ങളെ പ്രധാനമായും മൂന്ന് വിഭാഗങ്ങളായി തരംതിരിക്കാം:
1. യോനിബന്ധിയായ അസ്വസ്ഥതകൾ: യോനിയിൽ അനുഭവപ്പെടുന്ന കഠിനമായ വരൾച്ച, നീറ്റൽ, ചൊറിച്ചിൽ തുടങ്ങി യോനീഭാഗത്തുണ്ടാകുന്ന തടിപ്പും അസ്വസ്ഥതയും ഈ അവസ്ഥയുടെ ലക്ഷണങ്ങളാണ്.
2. ലൈംഗിക സംബന്ധമായി അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾ: ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ അനുഭവപ്പെടുന്ന കഠിനമായ വേദന. കൂടാതെ തക്കതായ ഈർപ്പമില്ലാത്തതിനാൽ ബന്ധപ്പെട്ടതിനു ശേഷം ഉണ്ടാകുന്ന നേരിയ രക്തസ്രാവം അല്ലെങ്കിൽ നീറ്റൽ.
3. മൂത്രാശയ ലക്ഷണങ്ങൾ: ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന് തോന്നുന്നതും മൂത്രം നിയന്ത്രിച്ചു നിർത്താൻ ബുദ്ധിമുട്ടി പെട്ടെന്ന് ഒഴിക്കേണ്ടി വരുന്നതും ഇതിന്റെ പ്രധാന ലക്ഷണമാണ്. കൂടാതെ, മൂത്രമൊഴിക്കുമ്പോൾ കഠിനമായ നീറ്റലും പുകച്ചിലും, ചുമയ്ക്കുമ്പോഴോ ചിരിക്കുമ്പോഴോ അറിയാതെ മൂത്രം പോകുന്നത് പോലെയുള്ള അസ്വസ്ഥതകളും അനുഭവപ്പെടാം. മൂത്രാശയത്തിലും മൂത്രനാളിയിലും ഇടയ്ക്കിടെയുണ്ടാകുന്ന അണുബാധകളും ഇതിന്റെ ഭാഗമായി വരാം.
എന്തുകൊണ്ട് ജനിറ്റോയൂറിനറി സിൻഡ്രോം ഉണ്ടാകുന്നു?
ഈസ്ട്രജൻ ഹോർമോണിന്റെ അളവിലുണ്ടാകുന്ന ഇടിവാണ് ഇതിന്റെ പ്രധാന കാരണം.
> യോനീ ശോഷണം (Vaginal Atrophy): ഈസ്ട്രജൻ കുറയുമ്പോൾ യോനീ ചർമ്മത്തിന്റെ കട്ടി കുറയുകയും മൃദുത്വം നഷ്ടപ്പെടുകയും ചെയ്യുന്നു.
> പി.എച്ച് (pH) വ്യതിയാനം: സ്വാഭാവികമായി യോനിയിലുള്ള അമ്ലസ്വഭാവം (Acidic pH) മാറി ആൽക്കലൈൻ സ്വഭാവത്തിലേക്ക് (Alkaline) മാറുമ്പോൾ, അണുബാധകൾ തടയുന്ന ലാക്ടോബാസിലൈ ബാക്ടീരിയകൾ നശിക്കുകയും ദോഷകരമായ ബാക്ടീരിയകൾ പെരുകുകയും ചെയ്യുന്നു.
> രക്തയോട്ടം കുറയുന്നത്: അടിവയറ്റിലെയും പ്രജനന അവയവങ്ങളിലെയും രക്തയോട്ടം കുറയുന്നത് സ്വാഭാവിക ഈർപ്പം നിലനിർത്തുന്ന പ്രക്രിയയെ ബാധിക്കുന്നു.
ശ്രദ്ധിക്കുക: ആർത്തവവിരാമത്തിന്റെ മറ്റു ലക്ഷണങ്ങളായ ചൂട് അനുഭവപ്പെടുന്നത് കാലക്രമേണ സ്വയം കുറഞ്ഞേക്കാം. എന്നാൽ കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ ജനിറ്റോയൂറിനറി സിൻഡ്രോമിന്റെ ലക്ഷണങ്ങൾ കാലക്രമേണ കൂടുതൽ കഠിനമാകുകയാണ് ചെയ്യുക.
നിശബ്ദത വെടിയുക: എന്തുകൊണ്ട് ഡോക്ടറെ കാണണം?
പല സ്ത്രീകളും ഈ അസ്വസ്ഥതകൾ പ്രായമാകുന്നതിന്റെ വൈകല്യമായി കണ്ട് മിണ്ടാതിരിക്കുകയോ, മറ്റുള്ളവരോട് പറയാൻ മടിക്കുകയോ ചെയ്യുന്നു. ഇത് അവരുടെ മാനസികാരോഗ്യത്തെയും ദാമ്പത്യസന്തോഷത്തെയും പ്രതികൂലമായി ബാധിക്കുന്നു.
എന്നാൽ ഗൈനക്കോളജിസ്റ്റിനെ കണ്ട് ലക്ഷണങ്ങൾ തുറന്നുപറയുന്നത് അനാവശ്യമായ മാനസിക-ശാരീരിക ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം നൽകും. ലളിതമായ ശാരീരിക പരിശോധനയിലൂടെയും രോഗചരിത്രം വിലയിരുത്തിയും ഡോക്ടർമാർക്ക് കൃത്യമായി രോഗം നിർണ്ണയിക്കാനും ചികിൽസിക്കാനും സാധിക്കും.
ചികിത്സാ മാർഗ്ഗങ്ങൾ
ജനിറ്റോയൂറിനറി സിൻഡ്രോം പൂർണ്ണമായും നിയന്ത്രിക്കാനും ലക്ഷണങ്ങളിൽ നിന്ന് മുക്തി നേടാനും ഫലപ്രദമായ വൈദ്യശാസ്ത്ര ചികിത്സകൾ ലഭ്യമാണ്:
> ഹോർമോൺ രഹിത ചികിത്സകൾ: ആർത്തവവിരാമ കാലത്തെ നേരിയ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സിലിക്കൺ അടങ്ങിയ ലൂബ്രിക്കന്റുകളും (ഓ.ടി.സി), ഹൈലുറോണിക് ആസിഡ് അടങ്ങിയ മോയിസ്ചറൈസറുകളും ഉപയോഗിക്കുന്നത് പ്രാഥമിക പരിഹാരമായി ഉപയോഗിക്കാവുന്നതാണ്.
> ലോക്കൽ ഈസ്ട്രജൻ തെറാപ്പി: ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറയുന്നത് മൂലമുണ്ടാകുന്ന യോനിയിലെ വരൾച്ച, പ്രകോപനം, മൂത്രാശയ ലക്ഷണങ്ങൾ എന്നിവ പരിഹരിക്കാൻ യോനിയിൽ നേരിട്ട് നൽകുന്ന സുരക്ഷിതമായ ചികിത്സാ രീതിയാണിത്.
> പെൽവിക് ഫ്ലോർ ഫിസിയോതെറാപ്പി: അടിവയറ്റിലെ പേശികൾ ശക്തിപ്പെടുത്തുന്നതിനായി കീഗൽ വ്യായാമങ്ങൾ ചെയ്യുന്നത് മൂത്രാശയത്തിന്റെ നിയന്ത്രണം കൈവരിക്കാനും അണുബാധകൾ കുറയ്ക്കാനും സഹായിക്കും.
> സിസ്റ്റമിക് ഹോർമോൺ തെറാപ്പി: ജനിറ്റോയൂറിനറി സിൻഡ്രോംനൊപ്പം തന്നെ കഠിനമായ ചൂട് അനുഭവപ്പെടുന്നത് തുടങ്ങിയ മറ്റു ആർത്തവവിരാമ ലക്ഷണങ്ങളും അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഡോക്ടർമാരുടെ മേൽനോട്ടത്തിൽ സിസ്റ്റമിക് ഹോർമോൺ റീപ്ലേസ്മെന്റ് തെറാപ്പി സ്വീകരിക്കാവുന്നതാണ്.
ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ
രോഗ ലക്ഷണങ്ങളെ ചെറുക്കുന്നതിന് ദൈനംദിന ജീവിതശൈലിയിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഏറെ സഹായകരമാണ്. പ്രധാനമായും, യോനിയിലെ സ്വാഭാവിക പി.എച് (pH) അളവ് തകരാറിലാക്കാൻ സാധ്യതയുള്ള സുഗന്ധമുള്ള സോപ്പുകളും കെമിക്കലുകൾ അടങ്ങിയ ലോഷനുകളും പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.
ചർമ്മത്തിന് വായുസഞ്ചാരം ഉറപ്പാക്കാൻ അയഞ്ഞ കോട്ടൺ അടിവസ്ത്രങ്ങൾ മാത്രം ധരിക്കാൻ ശ്രദ്ധിക്കുക. കൂടാതെ മൂത്രാശയ അണുബാധകൾ തടയുന്നതിനായി ദിവസവും ധാരാളം വെള്ളം കുടിക്കുകയും, സമഗ്രമായ ശാരീരികാരോഗ്യം മെച്ചപ്പെടുത്താൻ പതിവായി ലളിതമായ വ്യായാമങ്ങൾ ശീലമാക്കുകയും ചെയ്യേണ്ടതാണ്.
ആർത്തവവിരാമം എന്നത് സ്ത്രീജീവിതത്തിന്റെ അവസാനമല്ല, മറിച്ച് തികച്ചും സ്വാഭാവികമായ ഒരു പുതിയ ഘട്ടമാണ്. ജനിറ്റോയൂറിനറി സിൻഡ്രോം മൂലം ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ നിശബ്ദമായി സഹിക്കേണ്ടതില്ല. ലജ്ജയും മടിയും മാറ്റിവെച്ച് വൈദ്യസഹായം തേടുകയും കൃത്യമായ പരിചരണം ഉറപ്പാക്കുകയും ചെയ്യുക. ആരോഗ്യകരവും സമാധാനപൂർണ്ണവുമായ ജീവിതത്തിന് അത് അത്യാവശ്യമാണ്.
ലേഖനം തയ്യാറാക്കിയത്:
ഡോ. സിന്ധു ആനന്ദ്
സീനിയർ കൺസൾട്ടന്റ്,
ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി
ആസ്റ്റർ മിംസ് കോട്ടക്കൽ







