രക്തചംക്രമണം ശരിയാകാതെ വരുമ്പോൾ ക്ഷീണം, വീക്കം, വെരികോസ് വെയിൻ തുടങ്ങി പലതരം രോഗങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.
രക്തചംക്രമണം മെച്ചപ്പെട്ടതായാൽ മാത്രമേ നല്ല ആരോഗ്യം ലഭിക്കുകയുള്ളൂ. ഇത് ഓക്സിജനേയും പോഷകങ്ങളേയും ശരീരത്തിന്റെ എല്ലാ കോശങ്ങളിലേക്കും അവയവങ്ങളിലേക്കും എത്തിക്കാൻ സഹായിക്കുന്നു. കൂടാതെ ശരീരത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളെ കൃത്യമായി പുറന്തള്ളുകയും ചെയ്യും. രക്തചംക്രമണം ശരിയാകാതെ വരുമ്പോൾ ക്ഷീണം, വീക്കം, വെരികോസ് വെയിൻ തുടങ്ങി പലതരം രോഗങ്ങൾക്ക് വഴിവയ്ക്കുന്നു.
ശരീരത്തിന് വ്യായാമം വേണം
മണിക്കൂറുകളോളം ഒരേ രീതിയിൽ ഇരുന്ന് ജോലി ചെയ്യുന്നവരാണ് നമ്മൾ. എന്നാലിത് ആരോഗ്യത്തിന് നല്ലതല്ല. കൂടുതൽ നേരം ഇരിക്കുമ്പോൾ കാലുകളിൽ രക്തം അടിഞ്ഞുകൂടുന്നു. ഇത് വീക്കത്തിനും ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുന്നതിനും കാരണമാകുന്നു. ജോലി ചെയ്യുന്ന സമയത്തും ഇടയ്ക്കിടെ നടക്കുന്നത് ഒരു ശീലമാക്കാം.
നിർജ്ജലീകരണം തടയാം
നല്ല രക്തചംക്രമണം ഉണ്ടാവാൻ ശരീരത്തിന് വെള്ളം ആവശ്യമാണ്. രക്തത്തിൽ ഉയർന്ന അളവിൽ ജലാംശം അടങ്ങിയിട്ടുണ്ട്. നിർജ്ജലീകരണം ഉണ്ടാകുമ്പോൾ രക്തത്തെ കട്ടിയുള്ളതാക്കുകയും ഹൃദയത്തിന് പമ്പ് ചെയ്യാൻ ബുദ്ധിമുട്ടാവുകയും ചെയ്യുന്നു. മൂത്രം ഇളം മഞ്ഞ നിറത്തിലാണ് പോകുന്നതെങ്കിൽ അതിനർത്ഥം ശരീരത്തിൽ ജലാംശം ഉണ്ടെന്നാണ്. അതിനാൽ തന്നെ ദിവസവും കൃത്യമായ അളവിൽ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.
ഭക്ഷണ ക്രമീകരണം
രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ നമ്മുടെ ഭക്ഷണ ക്രമീകരണത്തിന് പങ്കുണ്ട്. ആന്റിഓക്‌സിഡന്റുകൾ, ഗുണം ചെയ്യുന്ന കൊഴുപ്പുകൾ, അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ ഭക്ഷണങ്ങൾ രക്തയോട്ടം വർദ്ധിപ്പിക്കുകയും രക്തക്കുഴലുകളെ ശക്തിപ്പെടുത്തുകയും ചെയ്യും. ഇലക്കറികൾ, സിട്രസ് പഴങ്ങൾ, നട്‌സ്, വിത്തുകൾ, കൊഴുപ്പുള്ള മത്സ്യം എന്നിവ കഴിക്കാം. ഈ ഭക്ഷണങ്ങൾ വീക്കം കുറയ്ക്കുകയും കൊളസ്ട്രോൾ ഇല്ലാതാക്കുകയും രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
കാലുകൾക്ക് വ്യായാമം നൽകാം
രക്തചംക്രമണത്തിൽ കാലുകൾക്ക് വലിയ പങ്കുണ്ട്. കാലിലെ പേശികളെ 'പെരിഫറൽ ഹാർട്ട്' എന്നും വിളിക്കാറുണ്ട്. കാരണം അവ താഴത്തെ അറ്റങ്ങളിൽ നിന്ന് ഹൃദയത്തിലേക്ക് രക്തം തിരികെ കൊണ്ടുപോകാൻ സഹായിക്കുന്നു. അതിനാൽ തന്നെ കാലിന് ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ നൽകാം. ദീർഘനേരം ജോലി ചെയ്യുകയും നിൽക്കുകയും ചെയ്യുന്നവർക്ക് ഇത് വളരെ പ്രയോജനകരമാണ്.
